പ്രശസ്ത ഗായികയെ കാറില്‍ നിന്നു പിടിച്ചിറക്കി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. നെടുമ്പന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടില്‍ മനാഫുദ്ധീനാണ് പിടിയിലായത്.

ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ഉമയനല്ലൂരിലായിരുന്നു സംഭവം. ഗാനമേള കഴിഞ്ഞ് പിന്നണിക്കാരോടൊപ്പം കാറില്‍ വരുമ്പോള്‍ ഉമയനല്ലൂര്‍ ജംഗ്ഷനില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയതായിരുന്നു വാഹനം.

ഷാഡോ പോലീസ് ആണെന്ന് പറഞ്ഞ് ഗായികയുടെ കാറിനടുത്തെത്തിയ മനാഫുദ്ധീന്‍ ഗായിക മദ്യപിച്ചെന്നും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് കാറിന്റെ താക്കോല്‍ ഊരിയെടുത്തു. പിന്നീട് ഗായികയെ കയ്യില്‍ പിടിച്ച് ബലമായി പുറത്തേയ്ക്ക് വലിച്ചിറക്കുകയായിരുന്നു. ഗായികയും ഒപ്പമുണ്ടായിരുന്നവരും ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി യുവാവിനെ തടഞ്ഞുവെച്ചു. നാട്ടുകാരില്‍ ചിലര്‍ ഇയാളെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. സ്ഥലത്തെത്തിയ കൊട്ടിയം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം സ്‌റ്റേഷനിലേയ്ക്ക് മാറ്റി.