ലണ്ടന്‍: കഴിഞ്ഞ വര്‍ഷം 6 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യപ്പെടാതെ തന്നെ ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. സിറ്റിസണ്‍ അഡ്വൈസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരത്തില്‍ ആവശ്യപ്പെടാതെ ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് സിറ്റിസണ്‍ അഡ്വൈസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ കടം വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് ഇതെന്നും മൂന്നിലൊന്ന് ക്രെഡിറ്റ് കാര്‍ഡ് ഉടമകളും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നും ചാരിറ്റി വ്യക്തമാക്കി.
ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ വ്യക്തിഗത കടം വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ തോതില്‍ ഇടപെടുകയാണ്. യുകെയിലെ ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍, കാര്‍ ലോണ്‍ മുതലായവ ഉള്‍പ്പെടുന്ന ഉപഭോക്തൃ കടം 200ബില്യന്‍ പൗണ്ട് എത്തിയെന്ന് പഠനം വ്യക്തമാക്കുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ആദ്യമായാണ് ഇത്രയും വലിയ നിരക്കിലേക്ക് കടങ്ങള്‍ എത്തുന്നത്. ഇക്കാര്യത്തില്‍ ട്രഷറി സെലക്റ്റ് കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പലിശ നിരക്കുകള്‍ ഉയരുകയും വായ്പകള്‍ വര്‍ദ്ധിക്കുകയും ചെയ്താന്‍ ബാങ്കുകള്‍ക്ക് 30 ബില്യന്‍ പൗണ്ടെങ്കിലും നഷ്ടമാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം 8.4 മില്യന്‍ ഉപഭോക്താക്കള്‍ക്കാണ് ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്തി നല്‍കിയത്. അവരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് ഇതിനായി ആവശ്യപ്പെട്ടത്. ശരാശരി 1481 പൗണ്ട് വരെയാണ് വര്‍ദ്ധിപ്പിച്ചു നല്‍കിയത്. 12 ശതമാനം പേര്‍ക്ക് 3000 പൗണ്ട് വരെ പരിധി ഉയര്‍ത്തിയതായും പഠനം വ്യക്തമാക്കുന്നു.
Leave a Reply