ബദിയടുക്ക∙ കാസർകോട് ബദിയടുക്കയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അൻവറിന് (24) എതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. ഇയാളുടെ നിരന്തര ശല്യം സഹിക്കാനാകാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്കൂളിൽ പോകുന്ന സമയത്ത് വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ അൻവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അൻവറിനെയും സുഹൃത്ത് സാഹിലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി വിഷം കഴിച്ച വിവരമറിഞ്ഞ് നാടുവിട്ട അൻവറിനെ ബെംഗളൂരുവിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഒരു സുഹൃത്തിനെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.
സമൂഹമാധ്യമത്തിലൂടെയാണ് അൻവറും പെൺകുട്ടിയും തമ്മിൽ പരിചയപ്പെട്ടതാണ് വിവരം. ഇരുവരും തമ്മിലുള്ള ബന്ധം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി. സമൂഹമാധ്യമങ്ങളിലും അൻവറിനെ ബ്ലോക് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം ഉപേക്ഷിച്ചപ്പോഴാണ് അൻവർ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്.
ഇതോടെ ഇയാൾ നാട്ടിലെത്തിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം, പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി വീട്ടിലെത്തി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
‘കുട്ടിയെ ഇയാൾ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഒടുവിലായപ്പോഴേയ്ക്കും നാട്ടിൽ വന്നും ശല്യം ചെയ്യാൻ തുടങ്ങി. ഇതിൽ അവൾക്കു വലിയ മനഃപ്രയാസമുണ്ടായിരുന്നു. ഇങ്ങനെ ചെയ്യാൻ കാരണവും അതു തന്നെ. ഇയാളേക്കുറിച്ച് ജഡ്ജിക്കു തന്നെ മരണമൊഴിയും കൊടുത്തിരുന്നു. ഇനി ആരും ഇത്തരത്തിൽ പിന്നാലെ നടന്ന് ശല്യം ചെയ്യരുത്. അങ്ങനെയുള്ളവർക്ക് ഇതൊരു പാഠമായിരിക്കണം. പെൺമക്കളെയും പെങ്ങൻമാരെയും സ്കൂളിലേക്ക് അയക്കാൻ പോലും ഭയപ്പെടേണ്ട അവസ്ഥയാണ്.’’ – പെൺകുട്ടിയുടെ ഒരു ബന്ധു പറഞ്ഞു.
Leave a Reply