പുത്തൂർ (കൊല്ലം): മന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യാജ ജ്യോത്സ്യൻ രാജൻ ബാബുവിനെയാണ് പോലീസ് പിടികൂടിയത്. കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ നടത്തിയ അന്വേഷണത്തിനൊടുവിൽ ഭരണിക്കാവിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ജ്യോതിഷ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വിശ്വാസത്തിൽ പെൺകുട്ടിയും അമ്മയും നേരത്തെ രാജൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. കുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് കുടുംബം നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നു പറഞ്ഞ ഇയാൾ, മന്ത്രവാദത്തിലൂടെ അത് മാറ്റാമെന്ന് വിശ്വസിപ്പിച്ചതിനെ തുടർന്നാണ് ഞായറാഴ്ച വീണ്ടും അരീക്കലിലെ വീട്ടിലെത്തിയത്.
രാവിലെ പതിനൊന്നോടെ എത്തിയ ഇവർക്കു മൂന്നു മണിയോടെയാണ് കാണാൻ അവസരം ലഭിച്ചത്. തുടർന്ന് രാജൻ ബാബു പെൺകുട്ടിയെ മാത്രമായി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഏറെ സമയം കഴിഞ്ഞിട്ടും മകൾ പുറത്തേക്കു വരാതിരുന്നതിനാൽ അമ്മ അകത്ത് കയറി അന്വേഷിച്ചപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ വീടിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പ്രതി സ്ഥലത്തു നിന്നു രക്ഷപ്പെടുകയായിരുന്നു.











Leave a Reply