സ്വന്തം ലേഖകന്‍
സാലിസ്ബറി : ഒത്തൊരുമയുടെ പര്യായമായ സാലിസ്ബറി മലയാളി അസ്സോസ്സിയേഷന് പ്രസിഡണ്ട് ഷിബു ജോണിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി നിലവില്‍ വന്നു . 2017 -2018 വര്‍ഷങ്ങളിലേയ്ക്കുള്ള ഭരണസമിതിയെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സിൽവി ജോസ് സെക്രട്ടറിയായും, സെബാസ്റ്റ്യൻ ചാക്കോ ട്രഷററായും, മേഴ്‌സി സജീഷ് വൈസ് പ്രസിഡണ്ട് ആയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ലൂയിസ് തോമസും, ജോയിന്റ് ട്രഷററായി കുര്യാച്ചൻ സെബാസ്റ്റ്യനും, എക്സിക്യൂട്ടിവ് അംഗങ്ങളായി അഭിലാഷ് കൃഷ്ണനും, ഷീനാ ജോബിനും, ബിജു മൂന്നാനപ്പള്ളിയും, എം പി പദ്മരാജും പുതിയ കമ്മറ്റിയിലെത്തി. എം പി പദ്മരാജ് യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ജനറൽ സെക്രട്ടറി കൂടിയാണ്. മികച്ച പ്രവർത്തനം കാഴ്ച വച്ച ഭരണസമിതിയെ വലിയ കരഘോഷത്തോടെയാണ് അസോസിയേഷൻ അംഗങ്ങൾ തെരഞ്ഞെടുത്തത്.
യുകെ മലയാളികളുടെ കൂട്ടായ്മയായ യുക്മ നടത്തുന്ന എല്ലാ കലാകായികമേളകളിലേയും നിറസാന്നിദ്ധ്യമാണ് സാലിസ്ബറി മലയാളി അസ്സോസ്സിയേഷന്‍. അംഗങ്ങള്‍ കുറവാണെങ്കിലും കലാകായിക പ്രതിഭകളെകൊണ്ട് സമ്പന്നമാണ് ഈ കുടുംബകൂട്ടായ്മ. യുകെയില്‍ എവിടെയും നടക്കുന്ന എല്ലാത്തരം കലാമാമാങ്കങ്ങളിലും പങ്കെടുത്തുകൊണ്ട് തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കള്‍ ആണ് സാലിസ്ബറി മലയാളി അസ്സോസ്സിയേഷന്റെ കരുത്ത്.
ഇക്കഴിഞ്ഞ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ രണ്ടാം സ്ഥാനവും, റീജിയണൽ കായികമേളയിൽ ഒന്നാം സ്ഥാനവും സാലിസ്ബറി മലയാളി അസ്സോസ്സിയേഷന്‍ നേടിയിരുന്നു. രണ്ടു തവണ യുക്മ റീജിയണൽ കലാതിലകമായും ഒരു തവണ യുക്മ നാഷണൽ കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ട മിന്നാ ജോസും, കഴിഞ്ഞ വർഷത്തെ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാ പ്രതിഭ ജൊഹാൻ സ്റ്റാലിനും, യുക്മ നാഷണൽ കായികമേളയിൽ വ്യക്തിഗത ചാമ്പ്യനായ എം പി പദ്‌മരാജും (പപ്പൻ ) ഒക്കെ സാലിസ്ബറി മലയാളി അസോസിയേഷന്റെ അഭിമാനമാണ്.
സാലിസ്ബറി സിറ്റി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കാർണിവലിൽ തുടർച്ചയായി പങ്കെടുക്കുകയും തദ്ദേശിയരെ പിന്നിലാക്കി രണ്ടു തവണ സമ്മാനം കരസ്ഥമാക്കാനും ഈ അസ്സോസിയേഷന് കഴിഞ്ഞിട്ടുണ്ട്. അസ്സോസിയേഷനെ കൂടുതൽ വിജയങ്ങളിൽ എത്തിക്കാൻ അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണമുണ്ടാകണമെന്ന് പ്രസിഡന്റ് ഷിബു ജോണ്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഭരണസമിതിക്ക് തന്ന സഹകരണത്തിന് ഷിബു ജോണ്‍ നന്ദി അറിയിച്ചു. യുക്മ പ്രതിനിധികളായി എം പി പദ്‌മരാജ് ,സുജു ജോസഫ്, മേഴ്‌സി സജീഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Leave a Reply