കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി ആയിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ല എന്നാണ് വിവരങ്ങള്‍. പദ്ഥതി അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ദുബായില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിനു ശേഷം അറിയിച്ചിരുന്നു.
വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിലാണ് കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചത്. രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും അന്നേദിവസം നടക്കും. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഏഴുകെട്ടിടങ്ങളുടെ തറക്കല്ലിടലാണ് രണ്ടാംഘട്ടത്തിന്റെ മുന്നോടിയായി നടക്കുന്നത്.
47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുളള ഇത് കൂടി പ്രാവര്‍ത്തികമാകുന്നതോടെ 70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്ന എസ്‌സികെ 01 എന്ന ഐടി ടവറില്‍ ഒരു ഷിഫ്റ്റില്‍ 5500 പേര്‍ക്ക് ജോലി ചെയ്യാം. ഇന്ത്യയിലും വിദേശത്തുമുളള 25 കമ്പനികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.