സ്വന്തം ലേഖകൻ

പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരുകയാണെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. വൈകുന്നേരത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റി, സൂക്ഷ്മമായ നിരീക്ഷണത്തിന് വേണ്ടിയാണിത്.” അദ്ദേഹം വളരെ സന്തോഷവാനാണെന്നും വക്താവ് അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനുശേഷം പത്താമത്തെ ദിവസമായ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് വെന്റിലേറ്റർ നൽകിയിരുന്നില്ലെന്നും, സ്റ്റാൻഡേർഡ് ഓക്സിജൻ ട്രീറ്റ്മെന്റ് ആണ് നൽകിയതെന്നും മുൻപ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യം അഭിവൃദ്ധിപ്പെട്ടു വരികയാണെന്നും, അദ്ദേഹത്തിന് നല്ല പുരോഗതി ഉണ്ടെന്നും, എൻ എച്ച് എസ് നൽകുന്ന സേവനം സ്തുത്യർഹമാണെന്നും മന്ത്രിയുടെ വക്താവ് കൂട്ടിച്ചേർത്തു.


ജോൺസനെ വാർഡിലേക്ക് മാറ്റിയത് ഒരു സന്തോഷകരമായ വാർത്തയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. നമ്മുടെ രാജ്യത്തെ ആരോഗ്യവകുപ്പിന്റെ ലോകോത്തരമായ പരിചരണം മൂലം അദ്ദേഹം മടങ്ങി വരവിന്റെ പാതയിലാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു. അതേസമയം ദുരന്തനിവാരണ സേനയുടെ മുൻ നിര പ്രവർത്തകർക്ക് അഭിനന്ദനം അർപ്പിച്ചുകൊണ്ട് മൂന്നാംഘട്ട ‘ ക്ലാപ് ഫോർ കെയറേഴ്സ് ‘ നടത്തി.

ഇതുവരെ 7, 978 പേരാണ് യുകെയിൽ വൈറസ് ബാധ മൂലം മരണപ്പെട്ടത് . ജോൺസൻെറ അഭാവത്തിൽ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് പ്രധാനമന്ത്രിപദം വഹിച്ചു വരുന്നു. നമ്മൾ എല്ലാവരും ചേർന്ന് നടത്തിയ ത്യാഗത്തിന്റെ ഫലം കണ്ടു വരികയാണെന്നും, അത് തുടരണമെന്നും, ജനങ്ങളെല്ലാം ദയവായി ഗവൺമെന്റ് നിർദേശങ്ങൾ പാലിച്ച് വീട്ടിലിരുന്നു സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോൺസൺ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കട്ടെ, രാജ്യത്തിന്റെ ഭാവിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും റാബ് കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ഒന്നരക്കോടിയിലധികം ജനങ്ങളാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയത്. മിക്ക രാജ്യങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്.