ജോമോന്‍ ജേക്കബ്
ഹൂസ്റ്റണ്‍: പിയര്‍ലാന്റ് സെന്റ്. മേരീസ് സീറോ മലബാര്‍ ദേവാലയ നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം SMCC ഒന്നായി സംഘടിപ്പിച്ച ഫാമിലി നൈറ്റ് ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 5.30ന് ബഹു: വില്‍സണ്‍ അച്ചന്‍ ആമുഖപ്രസംഗത്തോടെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് SMCC യിലെ കുടുംബങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങു തകര്‍ത്തു. ഗ്രാമീണ കലയായ ചെണ്ടമേളം പരിപാടിയിലെ പ്രധാന ഇനമായിരുന്നു. നൃത്തവും സംഗീതവും പാട്ടും വാദ്യോപകരണ സംഗീതവും കോമഡിയുമായി മുപ്പതോളം പരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി.
മുതിര്‍ന്നവര്‍ അവതരിപ്പിച്ച കോമഡി ഡാന്‍സ് ജനശ്രദ്ധ നേടിയെന്നു മാത്രമല്ല പരിപാടിയിലെ ഒരു പ്രധാന ഇനം കൂടിയായിരുന്നു. ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ അതി മനോഹരമായ സ്‌കിറ്റ് അവതരിപ്പിച്ചു. ബൈബിളില്‍ പറയാതിരുന്നതോ, അതോ മനപൂര്‍വ്വം എഴുതാതിരുന്നതോ ആയ യൂദാസിന്റേയും യൂദിതയുടേയും കഥ ഒരു നാടകാവിഷ്‌കാരമായി മാറി. ‘യൂദിത ‘ ഇതുവരെ ആരും പറയാത്ത വ്യത്യസ്തമായ ഒരു നാടകമായിരുന്നു. തുടര്‍ന്ന് റാഫല്‍ ടിക്കറ്റിന്റെ നറുക്കെടപ്പു നടന്നു.
ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായ ലാപ്പ്‌ടോപ്പും, ടി വി യും , ക്യാമറയും പിന്നെ കൈ നിറയെ മറ്റു സമ്മാനങ്ങളും. ഒന്നാം സമ്മാനമായ ലാപ്‌ടോപ്പ് സ്‌പോണ്‍സര്‍ ചെയ്തത് ലിഡാ തോമസ് & ഡാനിയേല്‍ ടീമാണ്. ഫാമിലി നൈറ്റില്‍ നിന്ന് സ്വരൂപിക്കുന്ന വരുമാനമത്രയും പുതുതായി നിര്‍മ്മിക്കുന്ന സെന്റ്. മേരീസ് ദേവാലയത്തിന്റെ നിര്‍മ്മാണച്ചിലവിലേയ്ക്ക് കൈമാറുമെന്ന് സംഘാടകര്‍ മലയാളം യു കെ യ അറിയ്ച്ചു. പള്ളിയുടെ നിര്‍മ്മാണത്തില്‍ SMCC തികച്ചും സജീവമായി നിലകൊള്ളുന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും നടന്നു. സോണി ഫിലിപ്പിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ അവസാനിച്ചു. മെയ് 29 ന് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടക്കും.