കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് മൂന്നാം ദിനവും പുക നിറഞ്ഞ് കൊച്ചി നഗരം. പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന പ്രദേശത്തുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് പുക നഗരത്തിലേക്ക് വ്യാപിക്കുകയാണ്. 23-ാം തിയതി വൈകീട്ട് നാലു മണിയോടെ പടര്‍ന്ന തീയണക്കാന്‍ ഫയര്‍ ഫോഴ്സ് തീവ്രശ്രമം തുടരുകയാണ്. വെളിച്ചക്കുറവുകാരണം ഇന്നലെ രാത്രി നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. വിഷപ്പുക നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് രാത്രി ഇരുമ്പനത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

വൈറ്റില, മരട്, ചമ്പക്കര, കുണ്ടന്നൂര്‍, അമ്പലമുകള്‍, എംജി റോഡ്, കടവന്ത്ര എന്നിവിടങ്ങളിലാണ് പുകശല്യം രൂക്ഷമായിരിക്കുന്നത്. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നവരുടെ ചികിത്സക്കായി ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി. വൈകുന്നേരത്തോടെ പുക പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞായറാഴ്ച രാവിലെ പ്ലാന്റിലെത്തിയ കലക്ടര്‍ മുഹമ്മദ് സഫിറുള്ള ഉറപ്പു നല്‍കി. മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് നഗരസഭ നിര്‍ത്തിവച്ചു.

തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ 15 ഓളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ശ്രമം തുടരുകയാണ്. രണ്ടു മാസത്തിനിടെ നാലാമത്തെ തവണയാണ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം ഉണ്ടാകുന്നത്. ഇത് സംശയാസ്പദമാണെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. നേരത്തേ തീപ്പിടിത്തം ഉണ്ടായപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. ഇത്തവണ ജില്ലാ കളക്ടറോട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.