ക്വലാലംപുര്‍: പറക്കുന്ന വിമാനത്തില്‍ പെട്ടെന്നൊരു പാമ്പിനെ കണ്ടാല്‍ എന്തുചെയ്യും? ഞെട്ടുമെന്ന് മാത്രമല്ല, ഭയചകിതരായി ബോധക്ഷയം പോലും സംഭവിച്ചേക്കാം ചിലര്‍ക്ക്; പ്രത്യേകിച്ച് ‘സ്‌നേക്‌സ് ഓണ്‍ എ പ്ലെയ്ന്‍’ പോലുള്ള ഹോളിവുഡ് സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക്! സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം എയര്‍ ഏഷ്യ വിമാനത്തിലുണ്ടായത്.

മലേഷ്യയിലെ ക്വലാലംപുരില്‍നിന്ന് തവൗവിലേക്കുള്ള വിമാനത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച പാമ്പിനെ കണ്ടെത്തിയത്. വിമാനത്തിനുള്ളിലെ പാമ്പിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്തില്‍ മുകള്‍ഭാഗത്ത് ലഗ്ഗേജുകള്‍ വെക്കുന്നതിന് ഉള്ളിലായിരുന്നു പാമ്പ്. സുതാര്യമായ ഒരു ഭാഗത്തുകൂടിയാണ് ഉള്ളിലുള്ള പാമ്പിനെ യാത്രക്കാര്‍ കണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാനത്തില്‍ പാമ്പുണ്ടെന്നറിഞ്ഞ് യാത്രക്കാര്‍ പരിഭ്രാന്തരായി. അടിയന്തര സാഹചര്യം പരിഗണിച്ച് പൈലറ്റ് വിമാനം വഴിതിരിച്ചുവിടുകയും കുച്ചിങ് വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെവെച്ച് ജീവനക്കാര്‍ വിമാനം പരിശോധിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. അതിനുശേഷം വിമാനം തവൗവിലേക്കുള്ള യാത്ര തുടര്‍ന്നു. യാത്രക്കാരില്‍ ആര്‍ക്കും പാമ്പ് മൂലം അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പാമ്പ് എങ്ങനെയാണ് വിമാനത്തില്‍ കയറിക്കൂടിയതെന്ന് വ്യക്തമല്ല. ബാഗുകളില്‍ കയറിപ്പറ്റിയ പാമ്പ് വിമാനത്തിനുള്ളില്‍ എത്തിയതാകാമെന്നാണ് നിഗമനം. എന്നാല്‍ യാത്രക്കാരില്‍ ആരെങ്കിലും രഹസ്യമായി ബാഗിനുള്ളില്‍ ഒളിപ്പിച്ച് പാമ്പിനെ കടത്താന്‍ ശ്രമിച്ചതാകാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഏതായാലും, പുറത്തുവന്നിരിക്കുന്ന പാമ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.