ആര്‍.എസ്.എസ് വേദി പങ്കിട്ടുവെന്ന വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താന്‍ ആര്‍.എസ്.എസുമായി ഒരു വേദിയും പങ്കിട്ടില്ല. ഗോള്‍വാര്‍ക്കറുടെ ജന്മദിന ആചരണത്തില്‍ പങ്കെടുത്തില്ല. പ്രചരിക്കുന്ന ചിത്രം വ്യാജമാണോയെന്ന് പരിശോധിക്കണം. ഏതെങ്കിലും സെമിനാറില്‍ സംസാരിച്ച ദൃശ്യമാണോയെന്ന് അറിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വിവേകാനന്ദന്‍ പറയുന്ന ഹിന്ദുവും സംഘപരിവാര്‍ പറയുന്ന ഹിന്ദുത്വയും രണ്ടാണ്. അതുതന്നെയാണ് താന്‍ എന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസുമായി തനിക്ക് ഒരു സന്ധിയുമുണ്ടാവില്ല. രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കേണ്ടിവന്നാലും ഒരു വര്‍ഗീയവാദിയുടെയും പിന്നാലെ പോകില്ല.

ഒരു വര്‍ഗീയവാദിയുടെയും വോട്ട് ചോദിച്ച് താന്‍ പോയിട്ടില്ല. ഒരു ആര്‍.എസ്.എസുകാരനെയും കണ്ടിട്ടില്ല. തന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയവരില്‍ ഏറെയും ആര്‍.എസ്.എസുകാരാണ്. തനിക്കെതിരെ പോസ്റ്റിട്ടയാള്‍ എന്നാണ് പറവൂരില്‍ വന്നതെന്നും എന്തുകൊണ്ടാണ് വന്ന് താമസിക്കേണ്ടി വന്നതെന്നും അന്വേഷിക്കുന്നത് നല്ലതാണ്.

2016ല്‍ തന്നെ പറവൂരില്‍ തോല്‍പ്പിക്കാന്‍ ഹിന്ദു മഹാസംഗമം നടത്തി. തന്നെ രാഷ്ട്രീയ വനവാസത്തിന് അയക്കുമെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ തന്റെ ഭൂരിപക്ഷം വര്‍ധിച്ചു.

ഗോള്‍വാക്കറുടെ ഒരു പരിപാടിയിലും താന്‍ പങ്കെടുത്തിട്ടില്ല. ആര്‍.എസ്.എസ് വേദി പങ്കിട്ട വിവാദത്തിന് ഒരു ഞായറാഴ്ചയുടെ ആയുസ് മാത്രമാണ്. 2013ല്‍ നടന്ന പി.പരമേശ്വറിന്റെ പരിപാടിയില്‍ പങ്കെടുത്തത് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞിട്ടാണ്. ക്ഷണിച്ചത് മാതൃഭൂമി ന്യൂസ് എഡിറ്ററാണ്. 2013 മാര്‍ച്ച് 13ന് പി.പരമേശ്വരന്റെ പുസ്തകം വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തിട്ടുണ്ട്. വി.എസ് പ്രകാശനം ചെയ്ത പുസ്തകമാണ് 10 ദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് തൃശൂരില്‍ താന്‍ പ്രകാശനം ചെയ്തത്.

പരമേശ്വറിനെ സംഘപരിവാറിന്റെ ആളായല്ല കേരളം കാണുന്നത്. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി അന്ത്യമോപചാരം അര്‍പ്പിച്ച് ഋഷി തുല്യനായ ആളെന്ന് പറഞ്ഞത്.

സജി ചെറിയാന്‍ പറഞ്ഞത് ഗോള്‍വാക്കറിന്റെ ‘വിചാരണ ധാര’ എന്ന പുസ്തകത്തില്‍ പറയുന്നത് തന്നെയാണെന്നാണ് താന്‍ പറഞ്ഞത്. അതിനെ ഒരു ബി.ജെ.പി നേതാവും തള്ളിക്കളഞ്ഞിട്ടില്ല. മതേതരത്വം എന്ന വാക്ക് ഭരണഘടനയില വേണ്ടെന്ന് പി.കെ കൃഷ്ണദാസ് പറയുന്നു. അതുതന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞുവെന്ന ഗുരുതരമായ ആരോപണവും കൃഷ്ണദാസ് നടത്തി. എന്നാല്‍ കോടതി ഭാഷ സാധാരണക്കാര്‍ക്ക് മനസ്സിലാകാവുന്ന രീതിയില്‍ ലളിതവത്കരിക്കണമെന്ന് പറഞ്ഞതാണ് കൃഷ്ണദാസ് ഇങ്ങനെ വളച്ചൊടിച്ചത്. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാധ്യമങ്ങളും ഇവിടെയില്ല.

ഹിന്ദുക്കളുടെ മുഴുവന്‍ അട്ടിപ്പേറ് ആര്‍.എസ്.എസും സംഘപരിവാറും എടുത്തിട്ടുണ്ടോ? ഒരു വര്‍ഗീയ വാദിയും തന്നെ വിരട്ടാന്‍ വരണ്ട. കേസ് കൊടുത്താന്‍ താന്‍ നേരിട്ടോളാം. പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. ആര്‍.എസ്.എസുമായി ഏറ്റുമുട്ടിയ പാരമ്പര്യമുള്ളതാണ് തന്റെ കുടുംബം.

ഭരണഘടനയ്‌ക്കെതിരെ പറഞ്ഞതിനെ സജി ചെറിയാന്‍ തള്ളിപ്പറഞ്ഞിട്ടില്ല. വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകരുടെ തലയിലാണ് കുറ്റമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ആര്‍.ശ്രീലേഖ ഐപിഎസ് നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിരമിച്ച ഉദ്യോഗസ്ഥര്‍ കേസിനെ കുറിച്ച് സംസാരിച്ച സാഹചര്യം അന്വേഷിക്കണം. അതില്‍ സത്യമുണ്ടെങ്കില്‍ അന്വേഷിക്കണം. നക്‌സല്‍ വര്‍ഗീസിന്റെ കേസില്‍ വിരമിച്ച ഒരു ഓഫീസര്‍ നടത്തിയ പരാമര്‍ശത്തിലാണ് ഐജി അടക്കം ജയിലില്‍ പോയത്. എന്താണ് സത്യമെന്ന് അറിയില്ല. സത്യമാണ് പുറത്തുവരേണ്ടത്. -വി.ഡി സതീശന്‍ പറഞ്ഞു.