മെട്രിസ് ഫിലിപ്പ്

“ഞാൻ ആകുന്നു വഴിയും, സത്യവും, ജീവനും, എന്നിലൂടെ, അല്ലാതെ ആരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കില്ല”.
“ഞാൻ സ്നേഹിച്ചപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുക”.
നമ്മുടെ എല്ലാം പാപങ്ങൾക്ക് വേണ്ടി കുരിശിൽ മരിച്ച, യേശു നാഥന്റെ ഉയിർപ്പ് തിരുന്നാൾ ലോകം ഇന്ന് ആഘോഷിക്കുന്നു.
“Jesus Christ is Risen, Hallelujah”

ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള ദൂരം, മൂന്ന് ദിവസം ആയിരുന്നു. ദുഃഖ വെള്ളി, മനുഷ്യ മനസിൽ, നല്ല വെള്ളി ആയി, മാറ്റപ്പെടുകയായിരുന്നു. ഞാൻ ആകുന്ന ആലയം മൂന്നു ദിവസം കൊണ്ട് പുനർജീവിപ്പിക്കും എന്നുള്ള യേശുനാഥന്റെ വാക്കുകൾ ആരും വിശ്വസിച്ചില്ല. ആരെയും, അടക്കാത്ത കല്ലറയും, തോട്ടവും, യേശുവിന് വേണ്ടി ഗാഗുൽത്താമലയുടെ, അടിവാരത്തുണ്ടായിരുന്നു.

ആ കല്ലറയിലേക്ക്, എത്തി ചേരുവാൻ ഒരുപാട് വേദനകളും പീഡനങ്ങളും യേശുവിന് ഏൽക്കേണ്ടി വന്നു. അതിന്റെ തുടക്കം പെസഹാ തിരുന്നാൾ ആയിരുന്നു.

താലത്തിൽ വെള്ളമെടുത്ത്, വെൺ കച്ച അരയിൽ ചുറ്റി, തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി, ചുംബിച്ചു കൊണ്ട് ലോകത്തിൽ, എളിമയുടെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ വിസ്മയം കാണിച്ച യേശുനാഥൻ. അവസാന അത്താഴവേളയിൽ, അപ്പവും വീഞ്ഞുമെടുത്ത് ആശീർവദിച്ച്, വിഭജിച്ച്, ഇതെന്റെ ശരീരവും രക്തവും ആകുന്നു, എന്ന് പറഞ്ഞു കൊണ്ട് ശിഷ്യരുടെ കയ്യിലേയ്ക്ക് നൽകിയ യേശുനാഥൻ. എന്നാൽ, തന്റെ ഗുരുവിനെ ഒറ്റി കൊടുക്കാൻ ലഭിച്ച കിഴിയിലെ, ദനാറ തുട്ടുകളുടെ, കണ്ണീർ വീണത്, രക്തത്തിന്റെ പറമ്പിൽ ആയിരുന്നു എന്ന് യൂദാസ്‌പോലും അറിഞ്ഞില്ല. എന്റെ ചുറ്റിലും ഇരിക്കുന്ന 12 ശിഷ്യരിൽ ഒരാൾ എന്നെ ഒറ്റികൊടുക്കും എന്ന് യേശു പറഞ്ഞപ്പോൾ, എല്ലാവരും പരസ്പരം മുഖത്തോട് നോക്കി, അത് ഞാൻ അല്ല ഞാൻ അല്ല എന്ന് ഏറ്റുപറഞ്ഞു കൊണ്ടിരുന്നു. യൂദാസ്‌ തന്റെ കയ്യിലിരിക്കുന്ന കിഴി സഞ്ചിയിലേക്ക് നോക്കി വീണ്ടും വീണ്ടും പറഞ്ഞു ഞാൻ ഒരിക്കലും അത് ചെയ്യില്ല എന്ന് പറഞ്ഞിട്ടും, യേശുവിന് , അറിയാമായിരുന്നു, തന്നെ ചുംബനം കൊണ്ട് യൂദാസ്‌ ഒറ്റികൊടുക്കുമെന്ന്.

പെസഹാ ആചരണത്തിന് ശേഷം, പീഡാനുഭവത്തിന്റെ സമയം ആരംഭിച്ചിരുന്നു. കുറ്റമില്ലാത്തവനെ കുറ്റക്കാരൻ ആക്കിയവർ ആർത്തു ചിരിച്ചു. കോഴി കുവുന്ന മുന്നേ, മൂന്നു തവണ തള്ളി പറഞ്ഞ, പത്രോസ് എന്ന അരുമ ശിഷ്യൻ. രക്തത്തിൽ മുങ്ങിയ മുഖം, തൂവാല കൊണ്ട് തുടച്ചെടുത്ത സ്ത്രീ നൊമ്പരപ്പെട്ടു. വയലിൽ നിന്നും വന്ന ആളെ നിർബന്ധിച്ചു കുരിശു ചുമപ്പിച്ചു. കുരിശുമായി മൂന്ന് തവണ വീണപ്പോഴും ആരും സഹായിക്കാതെ, ചാട്ടവർ കൊണ്ട് അടിക്കുയായിരുന്നു. കുരിശിലേക്ക് എടുത്തെറിഞ്ഞു കൊണ്ട് കയ്യിലും കാലിലും ആണികൾ അടിച്ചു കയറ്റി, കുരിശ് ഉയർത്തിയപ്പോഴേക്കും, എനിക്ക് ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ, കയ്പ്പ് നീരാണ്‌ കുടിക്കാൻ നൽകിയത്. അങ്ങനെ ഭൂമിയെ കുലുക്കിയും പാറകൾ പിളർത്തിയും കുരിശിൽ കിടന്നു തന്റെ പിതാവിന്റെ ആഗ്രഹത്തിന് വേണ്ടി മരിച്ചു. ഒരു പട്ടാളക്കാരൻ കുന്തം കൊണ്ട് വിലാപ്പുറത്ത് കുത്തി മുറിവേൽപ്പിച്ചു. അങ്ങനെ രണ്ട് കള്ളൻമാരുടെ മധ്യേ കിടന്ന് യേശുവിന്റെ മരണം ലോകം ഇന്നും ആചരിക്കുന്നു. കുരിശിൽ നിന്നും ഇറക്കിയ ശരിരം, ആചാരപൂർവ്വം അടക്കുവാൻ അവസരം നൽകിയ രാജാവ്.

വെൺ കച്ചകളും സുഗന്ധ ദ്രവ്യങ്ങളും പരിമളം കൊണ്ടും ആ കല്ലറ നിറഞ്ഞിരുന്നു. അതിൽ യേശുവിനെ അടക്കി കഴിഞ്ഞിട്ട് വലിയ ഒരു കല്ലും ഉരുട്ടി വെച്ചു. പട്ടാളക്കാരെ കാവലും നിർത്തി. എന്നിട്ടും, ആ വലിയ കല്ലുകളെ മാറ്റി യേശു ഉയർത്തെഴുന്നേറ്റു. ഹാലേലൂയ.

ഈ ഉയിർപ്പ് തിരുന്നാൾ നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. യേശു നാഥൻ കാണിച്ച, പഠിപ്പിച്ച സ്നേഹത്തിന്റെ കാരുണ്യത്തിന്റെ സഹനത്തിന്റെ നാമ്പുകൾ നമ്മുടെ മനസ്സിൽ ഉയർന്നു വരണം. സഹായിക്കേണ്ടവരെയും ചേർത്ത് നിർത്തേണ്ടവരോടൊപ്പം ആയിരിക്കണം നമ്മുടെ മുന്നോട്ടുള്ള ജീവിതം. എല്ലാവർക്കും ഉയിർപ്പ് തിരുന്നാളിന്റെ ആശംസകൾ.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore