സോഷ്യല്‍ മീഡിയയിൽ സദാ സമയവും വിമര്‍ശനത്തിന് വേണ്ടി കണ്ണുതുറന്നു വെക്കുന്ന സദാചാരക്കാര്‍ക്കും ഞരമ്പന്മാർക്കും കിടിലന്‍ മറുപടിയുമായി എത്തിയ ജോമോൾ ജോസഫ് തന്റെ സ്വകാര്യ ജീവിതത്തിന്റെ കണക്കെടുപ്പുകള്‍ നടത്തുന്ന ഞരമ്പുരോഗികളെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീ ശരീരത്തെക്കുറിച്ച്‌ പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന അബദ്ധ ധാരണകളെ പൊളിച്ചടുക്കുകയാണ് തന്റെ പുത്തന്‍ പോസ്റ്റിലൂടെ ജോമോള്‍.

ഞാന്‍ കറുത്തതോ വെളുത്തതോ എന്നത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ലേ? എന്റെ കറുത്ത നിറം എങ്ങനെയാണ് നിങ്ങളുടെ വിഷയമാകുന്നത്? അതാ കറുത്തവള്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരെന്നും, വെളുത്തവര്‍ക്ക് മാത്രമേ പൊതു സമൂഹത്തില്‍ സ്വീകാര്യതയുള്ളൂ എന്നുമാണോ എന്നെ എന്റെ നിറം പറഞ്ഞ് ആക്ഷേപിച്ച ധാരാളം പുരുഷന്മാര്‍ പറഞ്ഞുവെച്ചത്? ഈ ലോകത്ത് വെളുത്തവര്‍ മാത്രമല്ല ഉള്ളത്, കറുത്തവരുടേത് കൂടിയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ജോമോൾ.

ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

സ്ത്രീ ശരീരം – നിലനിൽക്കുന്ന അബദ്ധ ധാരണകൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പോസ്റ്റുകൾക്ക് അടിയിൽ വന്ന കമന്റുകൾ വായിച്ചു നോക്കിയാൽ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്, അതൊന്ന് പറഞ്ഞുപോയേക്കാം. പ്രധാനമായും ലൈവിനടിയിൽ വന്ന് ധാരാളം പേർ പറഞ്ഞ ആക്ഷേപം, ഞാൻ കറുത്തിട്ടാണ് എന്നതാണ്. ഞാൻ കറുത്തതോ വെളുത്തതോ എന്നത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ലേ? എന്റെ കറുത്ത നിറം എങ്ങനെയാണ് നിങ്ങളുടെ വിഷയമാകുന്നത്? അതാ കറുത്തവൾ അകറ്റിനിർത്തപ്പെടേണ്ടവരെന്നും, വെളുത്തവർക്ക് മാത്രമേ പൊതു സമൂഹത്തിൽ സ്വീകാര്യതയുള്ളൂ എന്നുമാണോ എന്നെ എന്റെ നിറം പറഞ്ഞ് ആക്ഷേപിച്ച ധാരാളം പുരുഷൻമാർ പറഞ്ഞുവെച്ചത്? ഈ ലോകത്ത് വെളുത്തവർ മാത്രമല്ല ഉള്ളത്, കറുത്തവരുടേത് കൂടിയാണ് ഈ ലോകം.

കേരളത്തിലെ ആളുകൾ വടക്കേഇന്ത്യയിലേക്ക് ചെല്ലുമ്പോൾ ഒരു കാലത്ത് വിളിച്ചിരുന്നത് മദ്രാസി എന്നാണ്. ആ മദ്രാസി വിളിയിൽ കറുത്തവനെന്ന പ്രയോഗം നിഴലിച്ചിരുന്നു എന്നത് പലരും കാണാതെ പോകുന്നു, അതായത് മലയാളി കറുത്തവനെന്ന പൊതുബോധം നിലനിന്നിരുന്നു. കേരളത്തിൽ കറുത്തവനെന്നും വെളുത്തവനെന്നും മേനിപറയുന്ന മലയാളി, വിദേശരാജ്യങ്ങളിൽ ചെന്ന് കഴിയുമ്പോൾ ഇതേ വർണ്ണ വിവേചനം അവന് അന്നാട്ടുകാരിൽ നിന്നും നേരിടുന്നു. ഇന്നും സായിപ്പിന് കറുത്തവരോടുള്ള, മലയാളികളോടുള്ള, ഇന്ത്യക്കാരോടുള്ള സമീപനം ഒന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവർക്കും ഇതേ വിവേചനം നേരിട്ടനുഭവിക്കുന്നതിനുള്ള യോഗം ഉണ്ടായിക്കാണും എന്നാണ് എന്റെ തോന്നൽ. അപ്പോൾ ആണായാലും പെണ്ണായാലും കറുത്തവരെന്നോ വെളുത്തവരെന്നോ ഉള്ള നിങ്ങളുടെ വിലയിരുത്തലും, കറുത്തവരോട് കാണിക്കുന്ന ആക്ഷേപ നിലപാടും വർണ വിവേചനത്തിന്റെ അങ്ങേ തലക്കലുള്ള നീചതയുടെ വിഷം തുപ്പൽ മാത്രമാണ്.

അടുത്തതായി കേട്ട ആക്ഷേപം, എന്റെ കാലുകളിൽ പാടുകളുണ്ട്, എന്നതാണ്. എന്റെ കാലിൽ മാത്രമല്ല, കൈകളിലും പാടുകളുണ്ട്. ആ പാടുകൾ ഞാൻ ജീവിക്കാനായി അധ്വാനിക്കുന്നതിലൂടെ ലഭിച്ചതാണ്. വീട്ടിലെ ജോലികളും, അത്യാവശ്യം കൃഷിപ്പണികളും ഒക്കെ ചെയ്യുന്ന ഒരു സാധാരണ മലയാളി സ്ത്രീയാണ് ഞാൻ. ഭക്ഷണം പാകം ചെയ്യുമ്പോൾ പലതവണ കൈ പൊള്ളിയിട്ടുണ്ട്, കൈകൾ മുറിഞ്ഞിട്ടുണ്ട്, സ്കൂട്ടർ പുറകോട്ട് എടുക്കുമ്പോൾ സ്റ്റാന്റ വന്ന് തട്ടി എന്റെ കാൽപാദം മുറിഞ്ഞ് തുന്നിക്കെട്ടിടേണ്ടിവന്നിട്ടുണ്ട്, കാൽവിരലുകൾ വെച്ചു കുത്തി മുറിഞ്ഞിട്ടുണ്ട്, കൃഷിപ്പണി എടുക്കുമ്പോൾ കാലിന്റെ മുട്ടിന് താഴെ കമ്പ് കൊണ്ട് മുറിഞ്ഞിട്ടുണ്ട്.

ആ പാടുകളിൽ ചിലത് ഇന്നും എന്റെ ശരീരത്തിൽ അവശേഷിക്കുന്നുണ്ട്. ഇതേ പാടുകൾ നിങ്ങളുടെ വീടുകളിൽ അടുക്കളയിലും തൊടിയിലുമായി ജീവിതം തള്ളിനീക്കുന്ന നിങ്ങളുടെ ഭാര്യമാരിലും, അമ്മമാരിലും ഒക്കെ കാണാം. ആ പാടുകൾ ഉള്ളതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ അമ്മയോടോ ഭാര്യയോടോ സഹോദരിയോടോ പുച്ഛം തോന്നുകയും പാണ്ടുള്ളവളെന്ന് മുദ്രകുച്ചി മാറ്റി നിർത്തുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ എത്രയും പെട്ടന്ന് മാനസീക രോഗ വിദഗ്ധനെ കാണേണ്ടതാണ്, കാരണം നിങ്ങൾക്ക് വെച്ചു വിളമ്പി തരുന്നതിന്റെ പ്രതിഫലം മാത്രമാണ് അവരുടെ ശരീരത്തെ പാടുകളെന്ന തിരിച്ചറിവ് പോലുമില്ലാത്ത നിങ്ങൾ പിന്നെ മാനസീകരോഗികളല്ലാതെ വേറെന്താണ്?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തതായി കേട്ട ഒരു ആക്ഷേപം എന്റെ മുലകൾ തൂങ്ങിയതോ ഇടിഞ്ഞതോ ആണെന്നാണ്. ഒരു മഹാൻ കുറച്ചു കൂടി കടന്ന്, അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിട് കാണുന്ന പുച്ഛമാണ് എന്റെ മുലകളോട് എന്നും പറഞ്ഞ് പോസ്റ്റുമിട്ടത് കണ്ടു.

അല്ലയോ മുല സ്നേഹികളേ, നിങ്ങൾ എപ്പോഴാണ് എന്റെ മുലകൾ കണ്ടത്? എന്റെ മുലകൾ ഇടിഞ്ഞ് തൂങ്ങിയതെന്ന് നിങ്ങൾ പ്രഖ്യാപിച്ചത് എന്ത് ലക്ഷണ ശാസ്ത്ര പ്രകാരമാണ്? ഇനി ഞാൻ പോലുമറിയാതെ ആരെങ്കിലും എന്റെ മുലകൾ പരിശോധിച്ച് തൂങ്ങിയതെന്ന് കണ്ടെത്തിയെങ്കിൽ ആ മാമോഗ്രാഫി സ്പെഷലിസ്റ്റുകൾ ആ പരിശോധനാ റിപ്പോർട്ട് ഒന്ന് പരസ്യപ്പെടുത്തണേ..

ഇനി വിഷയത്തിലേക്ക് വരാം, ഒരു സ്ത്രീയുടെ മുലകൾ ഉരുണ്ട് തുടുത്ത് നേരേ നിൽക്കണം എന്ന പൊതുബോധം ആണ് ഒന്നാമത്തെ വിഷയം. ഈ പൊതുബോധം യഥാർത്ഥത്തിൽ സ്ത്രീയുടെ ശരീരത്തോട് നീതി പുലർത്തുന്നതല്ല. അതിനാൽ തന്നെ ഈ പൊതുബോധത്തിനടിമയായ പുരുഷൻ ഏതു സ്ത്രീയുടെ അടുത്ത് പോയാലും തൃപ്തനാകുകയില്ല, കാരണം അവന്റെ സ്വപ്നത്തിലുള്ള സ്ത്രീശരീരവും, അവൻ കാണുന്ന സ്ത്രീ ശരീരവുമായി വലിയ അന്തരം വരുമ്പോൾ അവന്റെ പ്രതീക്ഷകൾ തെറ്റുന്നു, അവൻ നിരാശനാകുന്നു, അവന് ലൈംഗീക അഭിനിവേശം അണയാതെ വരുന്നു, അവൻ സെക്ഷ്വൽ ഫ്രസ്ട്രേഷനിലേക്ക് പോകുന്നു, അവന്റെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ അവനെ കടുത്ത ലൈംഗീക ദാരിദ്ര്യത്തിലേക്ക് വലിച്ചിടുന്നു, അവനൊരു മാനസീക രോഗിയായി മാറുന്ന വിവരം അവനു പോലും അറിയാതെ പോകുന്നു. ഇതല്ലേ സെക്ഷ്വലി ഫ്രല്ട്രേറ്റഡ് മലയാളിയുടെ പ്രധാന പ്രശ്നം?

ഇനി പ്രസവിച്ച്, കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകളുടെ മാറിടം ഇടിഞ്ഞ് തൂങ്ങാനായി സാധ്യതയുമുണ്ട്, ഓരോ സ്ത്രീയും പ്രസവിച്ച് കുട്ടികളെ മുലയൂട്ടി വളർത്തുന്നതിന് അവളുടെ ശരീരം അവൾക്ക് സമ്മാനിക്കുന്നതാണ് അവളിലെ ഈ ശാരീരികമായ മാറ്റം. അവളിലെ ആ ശാരീരികമായ മാറ്റത്തോട് പോലും പുച്ഛമുള്ള പുരുഷൻമാരുടെ മനോനില എന്തായിരിക്കും? അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിടിനോട് പുച്ഛമുള്ള പുരുഷന് അതേ പുച്ഛമല്ലേ ഇടിഞ്ഞ് തൂങ്ങിയ മാറിടമുള്ള സ്ത്രീകളോടും? അതായത് തനിക്ക് മുലപ്പാൽ ചുരത്തിയ സ്വന്തം അമ്മയുടെ മാറിടത്തോട് പോലും പുച്ഛമുള്ളവരാണ് ചില പുരുഷൻമാരെന്നത് വലിയൊരു ചിന്തതന്നെയാണ് എന്നിലേക്ക് പകർന്നത്!! ഞെട്ടിക്കുന്ന ചിന്ത!!

എന്റെ പോസ്റ്റിനടിയിൽ ഇനിയുമുണ്ട് പലതും, കോടിയ മുഖമാണ്, അങ്ങനെ പല പല വർണ്ണനകളും അധിക്ഷേപങ്ങളും. എന്റെ മുഖം കോടിയതോർത്ത് എന്തിനാണ് പ്രിയ്യപ്പെട്ട പുരുഷ കേസരികളേ നിങ്ങൾ വേദനിക്കുകയോ ആകുലപ്പെടുകസോ നിരാശപ്പെടുകയോ ചെയ്യുന്നത്? എന്റെ ജീവിത പങ്കാളിയും ലൈംഗീക പങ്കാളിയുമായ പുരുഷനില്ലാത്ത ആകുലത, എന്റെ ശരീരത്തെയോർത്ത് നിങ്ങൾ പ്രകടിപ്പിക്കുന്നതെന്തിനാണ്? ഇതല്ലേ പ്രിയ്യ പുരുഷൂസ്, നിങ്ങളുടെ ഭാര്യമാരേക്കാൾ, കാമുകിയേക്കാൾ, കൂടുതലായി അന്യന്റെ ഭാര്യയെ ഓർത്ത് വേദനിക്കുന്ന നിങ്ങളുടെ നിസഹായാവസ്ഥ? ആ നിസഹായാവസ്ഥയിലുള്ള നിങ്ങളോട് സഹതാപം മാത്രമേ എനിക്കുള്ളൂ.

ഇത്തരം അബദ്ധ ധാരണകളെല്ലാം നിലിനിൽക്കുന്നത്, ഇത്തരമാളുകൾക്ക് സ്ത്രീ ശരീരത്തെ കുറിച്ച് കൃത്യമായ അറിവില്ലാത്തതുകൊണ്ട് മാത്രമാണ്. കൂടാതെ വയറുചാടിയ പുരുഷന് പോലും ആലില വയറുള്ള സ്ത്രീയെ ഭോഗിക്കണം, അവളുടെ ശരീരം കൃത്യമായ അഴകളവുകളിൽ തന്നെ തളച്ചിടണം, അവളുടെ മേനിയഴകിന് മാനദണ്ഡം കൽപ്പിക്കുന്ന പുരുഷാ, നീ നിന്റെ മേനിഴകിനായി എന്ത് മാനദണ്ഡമാണ് കൽപ്പിച്ചിരിക്കുന്നത്? അവളെ ലൈംഗീകമായി തൃപ്തിപ്പെടുത്താൻ നീളവും വണ്ണവും കൂടിയ ലിംഗമോ, സിക്സ്പാക്ക് ശരീരമോ, നിർത്താതെ അരമണിക്കൂറോ ഒരുമണിക്കൂറോ ശാരീരികമായി അവളിൽ അധ്വാനിക്കാൻ ഉള്ള കഴിവും അല്ല പുരുഷാ വേണ്ടത്, പകരം അവളുടെ മനസ്സറിഞ്ഞ്, അവളെ ഒന്ന് ചേർത്ത് പിടിക്കാനുള്ള മനസ്സുമാത്രമാണ്. ആ മനസ്സു കാണിക്കുന്ന പുരുഷമുഖത്തിന്റെ വൈരൂപ്യമോ, അവന്റെ മേനിയാഴകോ ആയിരിക്കില്ല അവളുടെ പരിഗണനാ വിഷയം, മറിച് അവന്റെ മാനവീകതയും സ്നേഹമുള്ള മനസ്സും, അവൾക്കായി അവന്റെ മനസ്സിലുള്ള കരുതലും, സ്നേഹവും മാത്രമാണ്.

കൂടെയുള്ളവളെ പതിയെ നെഞ്ചോട് ചേർ‌ത്തു നോക്കു, അവളുടെ കണ്ണുകളിൽ സ്നേഹത്തിന്റെ കടൽ കാണാനാകും, അതിനുമപ്പുറം നീയീ കാണിച്ചു കൂട്ടുന്നതൊക്കെ, അവളിൽ വെറുപ്പിന്റെ വിത്തുമുളപ്പിക്കുക മാത്രമേയുള്ളൂ.

NB- എന്റെ പോസ്റ്റിനടിയിലെ ഒരു തെറി കമന്റ് പോലും ഡിലീറ്റ് ചെയ്തിട്ടില്ല, അതിനൊന്നും മറുപടി പറയുന്നില്ല, ലൈംഗീക ദാരിദ്ര്യമുള്ള, സ്ക്ഷ്വലി ഫ്രസ്ട്രേറ്റഡായ പുരുഷൻമാരുടെ ദാരുണ അവസ്ഥ മനസ്സിലാക്കാനായി ആ തെറികൾ ധാരാളം, ഗോവിന്ദച്ചാമിയും ആമിറുൾ ഇസ്ലാമും ഒക്കെ ഇവരുടെ മുമ്പിൽ വെറും പാവങ്ങൾ മാത്രം!! അവസരമൊത്തു കിട്ടിയാൽ ഇവരൊക്കെ അവരെക്കാൾ വലിയ ക്രിമിനലുകൾ ആണെന്നത് തെളിയിക്കും..