ഇന്നലെയാണ് ചെമ്പൻ വിനോദ് തന്റെ രണ്ടാം വിവാഹ വാർത്ത ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വിവാഹം എന്നത് രണ്ട് വ്യക്തികളുടെ സ്വകാര്യതയാണ്. ഇവിടെ രണ്ട് പേരുടെയും സമ്മതം മാത്രം നോക്കിയാൽ മതി എന്നത് ഇന്നും മലയാളിക്ക് മനസിലാകാത്ത ഒന്നാണ് എന്ന് തോന്നുന്നു. വാർത്ത പുറത്തുവന്നതോടെ സദാചാര വാദികളും തലപൊക്കി. മോശം കാമെന്റുകളുമായി അവർ കളം നിറഞ്ഞപ്പോൾ അവർക്കു മറുപടിയുമായി വന്നിരിക്കുകയാണ് സന്ദീപ് ദാസ്…
കുറിക്കുകൊള്ളുന്ന മറുപടി വായിക്കാം
വിവാഹത്തിന് റീത്ത് സമ്മാനമായി നല്‍കുന്ന ഏര്‍പ്പാട് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നടന്‍ ചെമ്പന്‍ വിനോദിന്റെ കല്യാണവാര്‍ത്തയ്ക്ക് കീഴില്‍ വരുന്ന കമന്റുകള്‍ പരിശോധിച്ചാല്‍ ആ കാഴ്ച്ച കാണാം.സ്വന്തം ലൈംഗികദാരിദ്ര്യവും കപടസദാചാരവും പുറത്തേക്ക് ഒഴുക്കാന്‍ ഒരു അവസരം തേടിനടക്കുന്ന കുറേ മലയാളികള്‍ വിനോദിന്റെ വിവാഹം ശരിക്കും ‘ആഘോഷിക്കുന്നുണ്ട്.’
പ്രധാനമായും രണ്ട് കാര്യങ്ങളാണ് മലയാളികളെ വിഷമിപ്പിക്കുന്നത്
1)വിനോദ് രണ്ടാമതും വിവാഹം കഴിച്ചു.
2)വിനോദും വധു മറിയവും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ട്.
വിനോദിനെയും മറിയത്തെയും അലുവയോടും മത്തിക്കറിയോടും ഉപമിച്ചവരുണ്ട്.അവരെ കണ്ടാല്‍ അച്ഛനെയും മകളെയും പോലെ തോന്നുന്നു എന്ന് വിധിയെഴുതിയവരുണ്ട്.
”ചേട്ടാ,അടുത്ത കല്യാണത്തിന് ഉറപ്പായും വിളിക്കണേ…” എന്നാണ് കുറേപ്പേരുടെ പരിഹാസം!
ആദ്യഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയ ആളാണ് വിനോദ്.ആ ബന്ധത്തില്‍ ഒരു മകനുമുണ്ട്.കുട്ടിയും അമ്മയും ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്.
ദാമ്പത്യം എന്നത് രണ്ടുപേര്‍ ഒന്നിച്ച് നടത്തുന്ന ഒരു യാത്രയാണ്.ഇനിയും ഒരുമിച്ച് സഞ്ചരിക്കാനാവില്ല എന്ന് രണ്ടുപേര്‍ക്കും ബോദ്ധ്യമായാല്‍ മാന്യമായി വേര്‍പിരിയുന്നത് തന്നെയാണ് അനുയോജ്യം.അല്ലെങ്കില്‍ ജീവിതം നരകമായി മാറും.കുഞ്ഞുങ്ങള്‍ കണ്ണുനീര്‍ കുടിക്കും.ചിലപ്പോള്‍ ആത്മഹത്യയും കൊലപാതകവും വരെ സംഭവിക്കും.അതെല്ലാം ഒഴിവാക്കി എന്നൊരു ‘തെറ്റ് ‘ മാത്രമേ വിനോദ് ചെയ്തിട്ടുള്ളൂ!
നമ്മുടെ കാഴ്ച്ചപ്പാട് പ്രകാരം ഡിവോഴ്‌സ് ചെയ്യുന്നത് മഹാപാപമാണ്.ഭാര്യയെ തല്ലുന്നത് ആണത്തവും! പിന്നെ ഈ നാട് എങ്ങനെ നന്നാവാനാണ്?
ഒരു അഭിമുഖത്തില്‍ തന്റെ ആദ്യഭാര്യയെക്കുറിച്ച് വിനോദ് ഇങ്ങനെയാണ് പറഞ്ഞത്
”എന്റെ മകന്റെ അമ്മ വളരെ കേപ്പബിള്‍ ആയിട്ടുള്ള ഒരാളാണ്.അവനെ ഞാന്‍ വളര്‍ത്തുന്നതിനേക്കാള്‍ നന്നായി അവര്‍ വളര്‍ത്തും എന്ന് എനിക്ക് വിശ്വാസമുണ്ട്….”
പ്രഥമപങ്കാളിയെ വിനോദ് ഇപ്പോഴും ബഹുമാനിക്കുന്നുണ്ട് എന്നാണ് അതിന്റെ അര്‍ത്ഥം.ഈ മര്യാദ പലരും കാണിക്കാത്തതാണ്.ഡിവോഴ്‌സ്ഡ് ആയ ദമ്പതിമാര്‍ പരസ്പരം ചെളിവാരിയെറിയുന്നതാണ് സാധാരണയായി കാണാറുള്ളത്.അങ്ങനെ നോക്കുമ്പോള്‍ വിനോദിന്റെ നിലപാടുതറ ശ്ലാഘനീയമല്ലേ?
എല്ലാം മറക്കാം.വിനോദ് ഒന്നോ രണ്ടോ കല്യാണം കഴിച്ചോട്ടെ.ഈ നാട്ടില്‍ അത് നിയമവിരുദ്ധമല്ല.വിനോദിനോ മറിയത്തിനോ അതില്‍ യാതൊരു പ്രശ്‌നവുമില്ല.പിന്നെ എന്തിനാണ് പുറത്തുള്ള ചില വിഡ്ഢികള്‍ അസ്വസ്ഥരാകുന്നത്? തങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ഇവര്‍ എന്തിനാണ് വേവലാതിപ്പെടുന്നത്?
നമ്മുടെ നാട്ടിലെ വിവാഹസമ്പ്രദായങ്ങള്‍ വിചിത്രമായി തോന്നാറുണ്ട്.രണ്ട് മനുഷ്യര്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടാലും അവര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ല.ജാതി,മതം,പ്രായം,വീട്ടുകാരുടെ അഭിപ്രായം,ബന്ധുക്കളുടെ ഇഷ്ടം,ജാതകം,സ്ത്രീധനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അതിനുപിന്നാലെ വരും.തനിക്ക് ഏറ്റവും യോജിച്ച ഇണയെ തിരഞ്ഞെടുക്കാന്‍ പലപ്പോഴും മലയാളിയ്ക്ക് സാധിക്കാറില്ല.
ഇവിടെയാണ് വിനോദിനെയും മറിയത്തിനെയും തിരിച്ചറിയേണ്ടത്.പരസ്പരം ഇഷ്ടമായ രണ്ടുപേര്‍ കല്യാണം കഴിച്ചു.അതിനപ്പുറത്തുള്ള കാര്യങ്ങള്‍ നോക്കുന്നതെന്തിന്? അവര്‍ തമ്മില്‍ ഒരുപാട് പ്രായവ്യത്യാസമുണ്ടായിപ്പോയത് അവരുടെ തെറ്റാണോ? ആ ഒറ്റക്കാരണത്തിന്റെ പേരില്‍ മനസ്സിന്റെ സന്തോഷം അവര്‍ വേണ്ടെന്ന് വെയ്ക്കണോ?
അപരന്റെ പ്രണയത്തിലും ലൈംഗികതയിലുമൊക്കെ ഇടപെടുന്നത് മഹാബോറാണ്.വിനോദിനെ കുറ്റം പറയുന്നവരുടെ പ്രണയജീവിതം ചിലപ്പോള്‍ ശോകമൂകമായിരിക്കും.അതിന് പാവം വിനോദ് എന്ത് പിഴച്ചു?സ്വന്തം നൈരാശ്യം തീര്‍ക്കേണ്ടത് ആരാന്റെ നെഞ്ചത്തല്ല.
വിനോദിനും മറിയത്തിനും എല്ലാവിധ ആശംസകളും.സദാചാരദുരന്തങ്ങളെ അതിജീവിച്ച് സന്തോഷത്തോടെ ജീവിക്കൂ….
[ot-video][/ot-video]
Leave a Reply