മലയാളി സൈനികൻ കാശ്മീരിലെ ലഡാക്കിൽ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി നുഫൈൽ (27) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയും മരണപ്പെടുകയുമായിരുന്നു. എട്ട് വർഷത്തോളമായി ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ കഴിഞ്ഞ ആഴ്ചയാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ കാശ്മീരിലേക്ക് മടങ്ങിയിരുന്നു.

കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരുന്ന നുഫൈൽ രണ്ട് വർഷത്തോളമായി കാശ്‌മീരിലാണ്. വിവാഹവുമായി ബന്ധപ്പെട്ട് അവധിയിൽ നാട്ടിലെത്തിയ നുഫൈൽ ജനുവരി 2 ന് മുക്കം കുളങ്ങര സ്വദേശിനിയെ വിവാഹം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ നുഫൈൽ ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. രാത്രിയോടെ മരിച്ചതായി വിവരം ലഭിക്കുകയായിരുന്നു.