പ്രായമേറിക്കഴിഞ്ഞുള്ള വിവാഹവും രണ്ടാം വിവാഹവുമൊക്കെ അംഗീകരിക്കാൻ ഇന്നും മടിക്കുന്ന സമൂഹമാണ് നമ്മുടേത്. ഈ സാഹചര്യത്തിൽ പ്രസക്തമാകുകയാണ് ഒരു മകന്റെ കുറിപ്പ്. തന്റെ അമ്മയുടെ രണ്ടാം വിവാഹം നടന്ന കാര്യം പരസ്യമായി പങ്കുവച്ചിരിക്കുകയാണ് ഗോകുൽ ശ്രീധർ എന്ന മകൻ.

‘അമ്മയുടെ വിവാഹമായിരുന്നു.ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്’. അമ്മ അനുഭവിച്ച വേദനയാണ് തന്നെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഗോകുൽ പറയുന്നത്.

ഗോകുൽ ശ്രീധറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

അമ്മയുടെ വിവാഹമായിരുന്നു.
ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.
സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..
ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..

അമ്മ. Happy Married Life..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയും അച്ഛനും വിവാഹമോചിതരാകുന്നത്. അന്നുമുതൽ എന്റെ എല്ലാകാര്യങ്ങളും നോക്കിയത് അമ്മയാണ്. അച്ഛൻ ജീവിതത്തിലെ വില്ലനൊന്നുമല്ല, അദ്ദേഹത്തിന് തന്റേതായ താൽപര്യങ്ങളുണ്ടായിരുന്നു. അതുമായി യോജിച്ച് പോകാൻ സാധിക്കാത്തതിനാലാണ് അമ്മ വിവാഹമോചനം തിരഞ്ഞെടുത്തത്. അധ്യാപികയായിരുന്നു അമ്മ. എന്നാൽ കുടുംബപ്രശ്നങ്ങൾ മൂലം ആ ജോലി രാജിവെയ്ക്കേണ്ടി വന്നു. അതിനുശേഷം ഒരു ലൈബ്രേറിയനായിട്ട് ജോലി നോക്കുകയാണ്.

തനിച്ചായ ശേഷവും എന്റെ ഒരു കാര്യത്തിനും അമ്മ മുടക്കം വരുത്തിയിട്ടില്ല. എന്നെ എൻജിനിയറിങ്ങ് വരെ പഠിപ്പിച്ചു. ഇനി ഞാനൊരു ജോലി കിട്ടി എവിടെയെങ്കിലും പോയാൽ എന്റെ അമ്മ പൂർണ്ണമായും തനിച്ചാകും. ഞാൻ ഒറ്റ മകനാണ്. അമ്മയുടെ ഒറ്റപ്പെടൽ എനിക്ക് കാണാൻ വയ്യ. അതുകൊണ്ടാണ് അമ്മയ്ക്ക് വീണ്ടുമൊരു വിവാഹമെന്ന് ചിന്തിച്ചത്.

ഒരുപാട് ആലോചനകൾ വന്നിരുന്നു. ആദ്യമൊന്നും അമ്മ സമ്മതിച്ചില്ല. പിന്നീട് പതിയെ എതിർപ്പ് മാറി. രണ്ട് മൂന്ന് മാസം മുൻപാണ് ഈ ആലോചന വന്നത്. പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ടതോടെയാണ് വിവാഹം നടത്തിയത്.

പത്താംക്ലാസ് വരെ അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റേത്. അമ്മയുടെ വീട്ടിലേക്ക് മാറിയ ശേഷമാണ് എസ്.എഫ്.ഐയോട് അനുഭാവം പ്രകടിപ്പിക്കാൻ തുടങ്ങിയത്. അത് എന്റെ ചിന്തകളെയും പെരുമാറ്റത്തെയുമെല്ലാം മാറ്റി. ഞാൻ ഇടപഴകുന്ന പ്രസ്ഥാനവും എന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്. കൊട്ടിയം ഏരിയ സെക്രട്ടറിയാണ് ഞാൻ.

അമ്മയുടെ വിവാഹക്കാര്യം ആരെയും അറിയിച്ചിരുന്നില്ല. ആരെങ്കിലും പറഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അറിയേണ്ട എന്നുള്ളത് കൊണ്ടാണ് ഞാൻ തന്നെ ഫെയ്സ്ബുക്കിൽ ഇട്ടത്. എന്നാൽ ഇത് വൈറലാകുമെന്ന് കരുതിയില്ല. ഒരുപാട്പേർ അഭിനന്ദനം അറിയിച്ച് വിളിച്ചു.