തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന് വധഭീഷണി. ഭീഷണിക്കത്തുകള്‍ തപാലില്‍ ലഭിച്ചു. ഇവയ്‌ക്കൊപ്പം മനുഷ്യവിസര്‍ജ്ജ്യവും ലഭിച്ചതായി ജോസഫൈന്‍ പറഞ്ഞു. പി.സി.ജോര്‍ജിനെതിരെ കേസെടുത്ത ശേഷമാണ് വധഭീഷണി ലഭിച്ചതെന്നും ജോസഫൈന്‍ വ്യക്തമാക്കി. ഇത്തരം ഭീഷണി കൊണ്ട് കര്‍ത്തവ്യത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിനും ആക്രമണത്തിനിരയായ നടിക്കും അനുകൂലമായി കമ്മീഷന്‍ നിലപാട് എടുത്തിരുന്നു. ഇതിനു ശേഷം വധഭീഷണികള്‍ ലഭിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. നടിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് പി.സി.ജോര്‍ജിനെതിരെ കമ്മീഷന്‍ കേസെടുത്തത്. കമ്മീഷനെയും പരസ്യമായി അധിക്ഷേപിച്ച് ജോര്‍ജ് രംഗത്തു വന്നിരുന്നു.

പി.സി.ജോര്‍ജിന്റെ നടപടികള്‍ പദവി മറന്നുള്ളതാണെന്നും വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്നും ജോസഫൈന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ആരെയും ശിക്ഷിക്കുകയോ തൂക്കികൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് നീതി നിഷേധമുണ്ടായാലും ഇടപെടുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.