കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം വിഴിഞ്ഞത്തിനടുത്ത് ഗവേഷകർ റെക്കോഡ്‌ ചെയ്തു. ഇതുവഴി ദേശാടനം നടത്തിയ ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണു റെക്കോഡ്‌ ചെയ്തത്. ഗവേഷകർ അത് അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ തീരക്കടലിനടുത്ത് തിമിംഗിലങ്ങളുണ്ടോ എന്നറിയാൻ അഹമ്മദാബാദിലെ ദിപാനി സുപാരിയയെന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തിൽ പഠനം നടക്കുന്നുണ്ട്. കേരള സർവകലാശാല അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എ. ബിജുകുമാറും വിഴിഞ്ഞം കരിങ്കുളം സ്വദേശിയായ ഗവേഷകൻ കുമാർ സഹായരാജുവും ഈ ഗവേഷണത്തോട് സഹകരിക്കുന്നുണ്ട്.

പഠനത്തിന്റെ ഭാഗമായി, വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് അമ്പതു മീറ്റർ മാറി കടലിൽ, മൂന്നു മാസം മുമ്പ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇവയിൽ നിന്നാണ് നീലത്തിമിംഗിലത്തിന്റെ ശബ്ദം കിട്ടിയെന്ന് മനസ്സിലായത്. വിഴിഞ്ഞത്തിനടുത്ത് റെക്കോഡ്‌ ചെയ്ത ഓഡിയോക്ലിപ്പിൽ മൂന്നു തവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽനിന്ന് വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗിലങ്ങൾ പോയിട്ടുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. കൂനൻ തിമിംഗിലം (ഹംപ്ബാക്ക് വേൽ) എന്നയിനം നമ്മുടെ തീരത്തിനടുത്തുകൂടി ദേശാടനം നടത്താറുള്ളതായി നേരത്തേ ഗവേഷകർക്ക് സൂചന ലഭിച്ചിരുന്നു.