ന്യൂഡൽഹി∙ മുൻ ഇന്ത്യൻ നായകൻ കൂടിയായ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ അധ്യക്ഷനാകുമെന്ന് വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽവച്ച് താൻ പ്രവചിച്ചിരുന്ന കാര്യം അനുസ്മരിച്ച് മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗ്. ‘ഇന്ത്യൻ എക്സ്പ്രസ്സി’നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം ഓർത്തെടുത്തത്. ഗാംഗുലി ബംഗാൾ മുഖ്യമന്ത്രിയാകുമെന്നും അന്നുതാൻ പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തിയ സേവാഗ്, അതു സത്യമാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും വ്യക്തമാക്കി.
ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ സൗരവ് ഗാംഗുലിയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് തന്റെ പഴയ പ്രവചനം സേവാഗ് പരസ്യമാക്കിയത്. ജീവിതത്തിൽ താൻ കണ്ടിട്ടുള്ള ക്യാപ്റ്റൻമാരിൽ ഏറ്റവും മികച്ചയാൾ ഗാംഗുലിയാണെന്നും സേവാഗ് വ്യക്തമാക്കി. വിദേശത്ത് ജയിക്കാൻ ഇന്ത്യൻ ടീമിനെ പഠിപ്പിച്ചത് ഗാംഗുലിയാണ്. കളത്തിൽ എങ്ങനെയാണ് പോരാടേണ്ടതെന്ന് ഞങ്ങളെ പഠിപ്പിച്ചതും ഗാംഗുലിയാണ്. ബിസിസിഐ പ്രസിഡന്റ് എന്ന നിലയിലുള്ള പുതിയ ഇന്നിങ്സിലും ഗാംഗുലി അതേ ആക്രമണോത്സുകത പ്രകടമാക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സേവാഗ് വ്യക്തമാക്കി. സേവാഗുമായുള്ള അഭിമുഖത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
∙ ക്യാപ്റ്റനെന്നാൽ ദാദ തന്നെ!
ബിസിസിഐ അധ്യക്ഷനെന്ന പുതിയ വേഷത്തിൽ ദാദയെ കാണുമ്പോൾ, ദേശീയ ടീമിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ദിവസങ്ങൾ ഓർമ വരുന്നു. അന്ന് അദ്ദേഹം പ്രകടമാക്കിയ നേതൃഗുണം കാരണമാണ് ഈ രണ്ടാം ഇന്നിങ്സിലും അദ്ദേഹം കഴിവുതെളിയിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നത്. മുന്നിൽ നിന്ന് നയിക്കുകയും കളിക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ക്യാപ്റ്റനായിരുന്നു അദ്ദേഹം. നിങ്ങൾ ഒരു മാച്ച് വിന്നറാണെന്ന് തോന്നിയാൽ, ദാദ നിങ്ങളെ അകമഴിഞ്ഞു സഹായിക്കും. ഞാനും യുവരാജും ഹർഭജനും സഹീർ ഖാനും ആശിഷ് നെഹ്‌റയും മുഹമ്മദ് കൈഫുമെല്ലാം അത് അനുഭവിച്ചവരാണ്.
ഒരു കളിയിൽ മോശമായാലും ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നില്ല. മികവു തെളിയിക്കാൻ ആവശ്യത്തിന് അവസരം ദാദ നൽകുമെന്ന വിശ്വാസമായിരുന്നു കാരണം. നിങ്ങൾ നന്നായി കളിക്കൂ എന്നത് മാത്രമാണ് അദ്ദേഹം ഞങ്ങൾക്ക് നൽകിയ ഏക നിർദ്ദേശം. ഇന്ത്യൻ ടീമിൽ സംഭവിച്ച എല്ലാ മാറ്റങ്ങൾക്കും കാരണം അദ്ദേഹത്തിന്റെ ആ നിലപാടായിരുന്നു.
ഏറ്റവും ഒടുവിൽ കളിച്ച 8–10 ഇന്നിങ്സുകളിൽ ഒരു താരം മോശം പ്രകടനമാണ് നടത്തിയതെങ്കിൽപ്പോലും അതു മറക്കാൻ സഹായിക്കുന്ന തരത്തിലുള്ള ആത്മവിശ്വാസമാണ് അദ്ദേഹം പകർന്നുനൽകിയത്. എല്ലാവരുടെയും പ്രകടനം ടീമിന് നിർണായകമാണെന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ഈ വിശ്വാസം കൈവരുന്നതോടെ എല്ലാവരും അവരുടെ 100 ശതമാനം ടീമിനായി നൽകും. മത്സരങ്ങൾ ജയിപ്പിക്കും. ക്യാപ്റ്റനെന്ന നിലയിൽ ദാദയുടെ ഏറ്റവും വലിയ കരുത്തും അതായിരുന്നു.
ആർക്കും എപ്പോഴും സമീപിക്കാവുന്ന ക്യാപ്റ്റനുമായിരുന്നു ദാദ. ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് കമന്ററി ചെയ്യുമ്പോൾ പോലും, ഞാൻ ഒരുപാട് തമാശ പറയുന്നതായി ശ്രദ്ധിച്ചിട്ടുണ്ടാകും. അതെല്ലാം അന്നത്തെ ഡ്രസിങ് റൂം അനുഭവങ്ങളുടെ ബാക്കിപത്രമാണ്. ഞാൻ ധാരാളം ക്യാപ്റ്റൻമാരെ കണ്ടിട്ടുണ്ട്. എന്നാൽ ദാദ ഒരു അപൂർവ നേതാവായിരുന്നു, നിങ്ങൾക്ക് അദ്ദേഹത്തോട് എന്തും പറയാം. അദ്ദേഹവും അദ്ദേഹം പിന്തുണച്ച കളിക്കാരും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഇതു പിന്നീട് കൂടുതൽ ശക്തമായി.
∙ എന്നെ ഞാനാക്കിയതും ദാദ!
ഒരു മധ്യനിര ബാറ്റ്സ്മാനിൽ നിന്ന് ഞാൻ എങ്ങനെ ഓപ്പണറായി? – ഈ ചോദ്യം ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്. ഓപ്പണിങ് ബാറ്റ്സ്മാനെന്ന നിലയിലുള്ള എന്റെ വളർച്ചയിൽ ദാദയ്ക്ക് വലിയ റോളുണ്ട്. എന്നോട് ആദ്യമായി ഓപ്പൺ ചെയ്യാൻ ആവശ്യപ്പെട്ടത് അദ്ദേഹമാണ്. ഓപ്പണറായാൽ ടീമിലെ സ്ഥാനം സുസ്ഥിരമാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. മധ്യനിരയിൽ തന്നെ തുടരാനാണ് തീരുമാനമെങ്കിൽ ആർക്കെങ്കിലും പരുക്കേൽക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ, ഓപ്പണറുടെ വേഷം ഏറ്റെടുക്കാൻ എനിക്കു ബലം നൽകിയത് അദ്ദേഹം പിന്നീടു പറഞ്ഞ കാര്യമാണ്. ‘ഓപ്പണറെന്ന നിലയിൽ ഞാൻ നിങ്ങൾക്ക് മൂന്നു നാലോ മത്സരങ്ങളിൽ അവസരം തരാം. അഥവാ പരാജയപ്പെട്ടാലും തുടർന്നും കളിക്കാൻ അവസരം നൽകും. ടീമിൽനിന്ന് പുറത്താക്കുന്ന ഘട്ടം വന്നാലും വീണ്ടും മധ്യനിരയിൽ തന്നെ ഒരിക്കൽക്കൂടി അവസരം തരാം.’
എന്റെ ആത്മവിശ്വാസം ഉയർത്താൻ ആ വാക്കുകൾ ധാരാളമായിരുന്നു. ഇത്തരം നിലപാടുകളാണ് ഒരു കളിക്കാരനെ തന്റെ ക്യാപ്റ്റനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. ദാദ എന്നെ വളരെയധികം പിന്തുണയ്ക്കുന്നല്ലോ, അതിനാൽ ഒന്നു ശ്രമിച്ചു കളയാമെന്ന് എനിക്കു തോന്നി. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അത് അദ്ദേഹം കാരണമാണ്.
∙ ദാദയിൽനിന്ന് പഠിച്ച പാഠങ്ങൾ
ദാദയിൽനിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. പിന്നീട് ഞാൻ ക്യാപ്റ്റനായപ്പോൾ – ഡൽഹിക്കു വേണ്ടിയാണെങ്കിലും, ചാലഞ്ചർ ട്രോഫിയിലോ ഐപിഎല്ലിലോ ആണെങ്കിലും – അതേ അന്തരീക്ഷം ഡ്രസിങ് റൂമിൽ നിലനിർത്താൻ ശ്രമിച്ചു. ഐപിഎല്ലിൽ ഇതെന്ന ഒരുപാട് സഹായിച്ചു. സ്വന്തം സംസ്ഥാനത്തിനായി പോലും കളിച്ചിട്ടില്ലാത്ത താരങ്ങൾ ചിലപ്പോൾ ടീമിലുണ്ടാകും. അവർക്ക് യോജിച്ചൊരു അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. അതിനായി ഞാൻ അവരോടു പോയി സംസാരിക്കും, അവർക്കായി സമയം കണ്ടെത്തും. അതെല്ലാം ഞാൻ ദാദയിൽനിന്ന് പഠിച്ചതാണ്. ഐപിഎല്ലിൽ സെമിഫൈനലിൽ പോലും കടക്കാൻ ഞങ്ങളെ സഹായിച്ചത് ആ അനുഭവങ്ങളായിരുന്നു.
കാരണം, ഞാൻ ടീമിലെത്തിയ കാലത്ത് ദാദ എന്നോട് സംസാരിക്കും. എന്നെ അത്താഴം കഴിക്കാന്‍ കൊണ്ടുപോകും. ബിസിസിഐ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവരേയും തന്നോടൊപ്പം ചേർത്തുകൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിക്കും. ഐസിസിയിൽ ബിസിസിഐയ്ക്ക് നിർണായക ശബ്ദമുണ്ടായിരുന്ന ആ സുവർണകാലം തിരികെ വരുമെന്നും എനിക്ക് ഉറപ്പുണ്ട്.
ദാദ ഞങ്ങൾക്കൊപ്പം, ഞങ്ങൾ ദാദയ്‌ക്കൊപ്പം
സഹതാരങ്ങളുമായുള്ള ബന്ധം കാരണം ദാദയ്ക്ക് എല്ലായ്‌പ്പോഴും അവരുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു. അദ്ദേഹത്തെ ടീമിൽനിന്ന് ഒഴിവാക്കിയപ്പോഴും കളിക്കാർ കൂടെനിന്നു. അദ്ദേഹം ടീമിൽ നിന്ന് പുറത്തായത് മോശം കളിക്കാരനായതുകൊണ്ടായിരുന്നില്ല. ദാദ ടീമിൽ ഇല്ലാതിരുന്നപ്പോഴും ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു. ഞങ്ങളുടെ മോശം സമയത്ത് അദ്ദേഹം ഞങ്ങളോട് സംസാരിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം മോശം സമയത്തിലൂടെ കടന്നുപോയപ്പോൾ ഞങ്ങൾ അദ്ദേഹത്തോടും അദ്ദേഹത്തെക്കുറിച്ചും സംസാരിച്ചു. ദാദ മികച്ചൊരു വിടവാങ്ങൽ അർഹിക്കുന്നുവെന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നി. കളിക്കുമ്പോൾത്തന്നെ അദ്ദേഹം വിരമിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അദ്ദേഹത്തിന് അവസാന മത്സരം കിട്ടിയപ്പോൾ ഞങ്ങൾ വളരെ സന്തോഷിച്ചു.
ഒന്നുണ്ട്, ഇത്തരം കടുത്ത വെല്ലുവിളികൾക്കടിയിൽപ്പോലും ദാദ തകർന്നതായി തോന്നിയിട്ടില്ല. അതാണ് അദ്ദേഹത്തിന്റെ മഹത്വം. ഞങ്ങൾ അദ്ദേഹത്തിൽനിന്ന് പഠിച്ചതും അതുതന്നെ. ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണ്. എങ്കിലും സങ്കടപ്പെടരുത്. ആത്മവിശ്വാസം നിലനിർത്തുക. അത്രതന്നെ.
∙ ബിസിസിഐ അധ്യക്ഷനായി, ഇനി ബംഗാൾ മുഖ്യമന്ത്രി?
ദാദാ ബിസിസിഐ പ്രസിഡന്റാകുന്നുവെന്ന് ആദ്യമായി കേട്ടപ്പോൾ, 2007ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന ഒരു സംഭവം ഞാൻ ഓർത്തു. കേപ്ടൗണിൽ നടന്ന ടെസ്റ്റിൽ ഞാനും വസീം ജാഫറും നേരത്തെ പുറത്തായി. നാലാമനായി വരേണ്ടിയിരുന്നത് സച്ചിനായിരുന്നെങ്കിലും എന്തോ കാരണത്താൽ അദ്ദേഹത്തിന് ഇറങ്ങാനായില്ല. അതോടെ ഗാംഗുലിയോട് നാലാം നമ്പറിൽ ഇറങ്ങാൻ പരിശീലകൻ ആവശ്യപ്പെട്ട്. അത് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പരമ്പരയായതിനാൽ അതിയായ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, ആ മത്സരത്തിൽ അദ്ദേഹം ബാറ്റ് ചെയ്ത രീതിയും സമ്മർദ്ദവും പിരിമുറുക്കവും കൈകാര്യം ചെയ്ത രീതിയും ഞങ്ങളെ ഞെട്ടിച്ചു. അത് അദ്ദേഹത്തെക്കൊണ്ടു മാത്രമേ സാധിക്കൂ.
നമ്മുടെ കൂട്ടത്തിൽ ആർക്കെങ്കിലും ബിസിസിഐ പ്രസിഡന്റാകാനുള്ള കഴിവുണ്ടെങ്കിൽ അത് ദാദയ്ക്കാണെന്ന് അന്ന് ഡ്രസിങ് റൂമിൽവച്ച് ഞങ്ങൾ പറഞ്ഞു. അങ്ങനെയെങ്കിൽ അദ്ദേഹത്തിന് ബംഗാൾ മുഖ്യമന്ത്രിയുമാകാമെന്ന് ഞാൻ പറഞ്ഞു. എന്റെ ഒരു പ്രവചനം സത്യമായി. രണ്ടാമത്തെ പ്രവചനെ ശരിയാകുമോ? കാത്തിരുന്നു കാണാം.
Leave a Reply