ജൊഹന്നാസ്‌ബെര്‍ഗ്: കന്യകയായി തുടര്‍ന്നതിന് പതിനാറ് പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി മേയറുടെ ആദരം. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ഉതുകേല ജില്ലയിലെ കിഴക്കന്‍ ക്വസുലു നതാല്‍ പ്രവിശ്യയിലെ മേയറായ ഡുഡു മസിബുക്കോയാണ് ചാരിത്ര്യ സംരക്ഷണത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കി വ്യത്യസ്തനായയത്. മറ്റു വിദ്യാര്‍ത്ഥിനികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതെന്നാണ് മേയര്‍ പറയുന്നത്.
പെണ്‍കുട്ടികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പെന്നും അധികാരികള്‍ വ്യക്തമാക്കി. മേയറിന്റെ വക്താവ് ജബുലാനി മഖോന്‍സയാണ് ഈ സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് അറിയിച്ചത്. മേയറുടെ ഓഫീസില്‍ നിന്ന് ഈ അവാര്‍ഡ് പ്രദേശത്തെ നൂറോളം പ്രശസ്തമായ ഹൈസ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നല്‍കും. കന്യകമാരായി തുടരുകയും കൃത്യമായ ഇടവേളകളില്‍ കന്യകാത്വ പരിശോധനകള്‍ക്ക് വിധേയമാകുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കൂ എന്ന് മേയര്‍ സൗത്ത് ആഫ്രിക്കന്‍ ടോക്ക് റേഡിയോ 702നോട് പറഞ്ഞു.
കന്യകമാരായി തുടരുന്നിടം വരെ പെണ്‍കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കും. പെണ്‍കുട്ടികളില്‍ പലരും കൗമാരകാലത്ത് തന്നെ പല ചൂഷണങ്ങള്‍ക്കും വിധേയരാകുന്നതായി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരീക്ഷണത്തിന് സര്‍ക്കാര്‍ തയാറായത്. പല പെണ്‍കുട്ടികളും കൗമാരകാലത്ത് തന്നെ ഗര്‍ഭിണികളാകുന്നു. ലൈംഗികരോഗങ്ങള്‍ പകരുന്നതായും റിപ്പോര്‍ട്ടുണ്ട്. പുതിയ സ്‌കോളര്‍ഷിപ്പ് ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
2014ല്‍ മാത്രം 20,000 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. 223 ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പ്രാഥമിക വിദ്യാലയങ്ങളിലുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013ല്‍ പതിനാലിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുളള 5.6 ശതമാനം പെണ്‍കുട്ടികളും ഗര്‍ഭം ധരിച്ചെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് സൗത്ത് ആഫ്രിക്കയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം മേയറുടെ ഉദ്ദേശ്യശുദ്ധി മനസിലാകുന്നുണ്ടെങ്കിലും ഇത് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്നാണ് ലിംഗസമത്വ കമ്മീഷന്‍ ചെയര്‍മാന്‍ എംഫനോസെല്‍വ് ഷോസി പ്രതികരിച്ചത്. ഗര്‍ഭത്തിന്റെയും കന്യാകാത്വത്തിന്റെയും പേരിലുളള വിവേചനം ഭൂഷണമാണോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇത് ആണ്‍കുട്ടികള്‍ക്കെതിരെ പോലുമുളള വിവേചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണാഫ്രിക്കയിലെ കന്യകാത്വ പരിശോധനയെ ചില സാമൂഹ്യ പ്രവര്‍ത്തകരും എതിര്‍ക്കുന്നുണ്ട്. ഇതൊരു ലൈംഗിക കടന്നുകയറ്റമാണെന്നാണ് ഇവരുടെ വാദം. സാംസ്‌കാരിക ആചാരങ്ങളെ പിന്തുണയ്ക്കുന്ന ഇവര്‍ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഇവര്‍ എച്ച്‌ഐവിയെയും എയ്ഡ്‌സിനെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു.