ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
സൗത്താംപ്റ്റണ്‍: പാപസാഹചര്യങ്ങളെ ചെറുത്തുനില്‍ക്കാന്‍ സഹായിക്കുന്ന ദൈവവചനത്തിന്റെ സാന്നിധ്യവും അഭിഷേകവും ഇല്ലാതാകുമ്പോഴാണ് പാപത്തില്‍ വീഴാന്‍ ഇടയാകുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. അഭിഷേകാഗ്നി ധ്യാനത്തിനൊരുക്കമായി വിശ്വാസികളെ ആത്മീയമായി സജ്ജമാക്കാന്‍ ക്രമീകരിച്ച ഏകദിന ഒരുക്ക ധ്യാനങ്ങളുടെ സമാപന ദിവസമായ ഇന്നലെ സൗത്താംപ്റ്റണ്‍ റീജിയണില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മരുഭൂമിയിലെ പരീക്ഷയില്‍ സാത്താന്റെ പ്രലോഭനങ്ങളെ ദൈവവചനമുപയോഗിച്ചാണ് ഈശോ ചെറുത്തു നിന്നതെന്നും ദൈവപദ്ധതിക്ക് സ്വയം വിട്ടുകൊടുത്താണ് ഓരോരുത്തരും ജീവിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ സൗത്താംപ്റ്റണില്‍ സമാപിച്ച ഏകദിന ഒരുക്ക ധ്യാനങ്ങള്‍ ഈ മാസം ആറാം തീയതി മുതലാണ് ആരംഭിച്ചത്. രൂപതയുടെ എട്ട് വിവിധ റീജിയണുകളിലായി സംഘടിപ്പിക്കപ്പെട്ട ധ്യാനത്തില്‍ അതാതു റീജിയണിനു കീഴിലുള്ള വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ പങ്കുചേര്‍ന്നു. വചന ശുശ്രൂഷകള്‍ക്ക് അനുഗ്രഹീത വചനപ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവരാണ് നേതൃത്വം നല്‍കിയത്. സുപ്രസിദ്ധ ക്രിസ്തീയ ഭക്തിഗാന സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ നേതൃത്വം നല്‍കിയ സംഗീത ശുശ്രൂഷയും സ്വര്‍ഗീയ അഭിഷേകം പകര്‍ന്നു. സൗത്താംപ്റ്റണിലെ ശുശ്രൂഷകള്‍ക്ക് റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടത്തിയത്.
റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന ‘ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി’ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ 29 വരെയാണ് എട്ട് റീജിയണുകളിലായി നടക്കുന്നത്. അഭിഷേകാഗ്നി കണ്‍വെന്‍ഷന് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിച്ച് ഒരുങ്ങുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനയും പുറത്തിറക്കി. എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും കുടുംബ പ്രാര്‍ത്ഥനകളിലും ഈ പ്രാര്‍ത്ഥന ചൊല്ലണമെന്ന് രൂപതാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരുക്ക കണ്‍വെന്‍ഷന്‍ നടന്ന എട്ട് റീജിയണുകളിലും ധ്യാനക്രമീകരണങ്ങള്‍ നടത്തിയ ബഹു വൈദികര്‍, ഡീക്കന്മാര്‍, സിസ്റ്റേഴ്‌സ്, കമ്മിറ്റിയംഗങ്ങള്‍, അല്‍മായ സഹോദര്‍ എന്നിവരെ മാര്‍ സ്രാമ്പിക്കല്‍ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അഭിഷേകാഗ്നി കണ്‍വെന്‍ഷന് വോളണ്ടിയേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ ധ്യാനത്തിന്റെ തുടര്‍ന്നുള്ള കാര്യങ്ങള്‍ ക്രമീകരിക്കും.
Leave a Reply