ജോയല്‍ ചെറുപ്ലാക്കില്‍

യുകെയിലെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ജൂലൈ 15 ഞായറാഴ്ച്ച നടത്തപ്പെടുന്ന വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഗില്‍ഫോര്‍ഡില്‍ നിന്നും പ്രത്യേക കോച്ച് പുറപ്പെടുന്നു. ഗില്‍ഫോര്‍ഡ് കാത്തലിക്ക് കമ്മ്യുണിറ്റിയുടെയും ഹോളി ഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെയും മേല്‍നോട്ടത്തിലാണ് ഗില്‍ഫോര്‍ഡില്‍ നിന്നുമുള്ള തീര്‍ത്ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗില്‍ഫോര്‍ഡില്‍ നിന്നുമുള്ള വിശ്വാസി സമൂഹത്തിന് പുറമെ തൊട്ടടുത്ത പ്രദേശമായ വോക്കിങ്ങില്‍ നിന്നുള്ള മാതൃ ഭക്തരും ഗില്‍ഫോര്‍ഡിലെ തീര്‍ത്ഥാടക സംഘത്തോടൊപ്പം ഈ അനുഗൃഹീത യാത്രയില്‍ പങ്ക് ചേരുന്നുണ്ട്.

ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന പ്രശസ്തമായ വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് മുന്‍ വര്‍ഷങ്ങളിലും സജീവമായി പങ്കാളിത്തം വഹിച്ചിട്ടുള്ള ഗില്‍ഫോര്‍ഡിലെ ഹോളി ഫാമിലി പ്രയര്‍ ഗ്രൂപ്പ് ദശവര്‍ഷാഘോഷ നിറവിലാണ് ഇത്തവണത്തെ തീര്‍ത്ഥാടനം നടത്തുന്നതെയെന്നുള്ള പ്രത്യേകതയുമുണ്ട്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മരിയ ഭക്തരുടെ ഈ തീര്‍ത്ഥാടനം അനുഗ്രഹദായകമായി തീരുന്നതിനു വേണ്ടിയുള്ള ആത്മീയ ശുശ്രൂഷകള്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് പ്രശസ്ത ധ്യാന പ്രഘോഷകന്‍ ഫാ: സോജി ഓലിക്കലിന്റെ മരിയന്‍ ധ്യാന ചിന്തകള്‍ നല്‍കുന്ന ആത്മീയ പ്രഭാഷണവും ഉണ്ടായിരിക്കും. കഴുന്ന് നേര്‍ച്ചക്കും അടിമ വെയ്ക്കുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉച്ച ഭക്ഷണത്തിനു ശേഷം ഒരു മണിക്ക് ആരംഭിക്കുന്ന പരിശുദ്ധ ദൈവ മാതാവിന്റെ തിരു സ്വരൂപവും വഹിച്ചു കൊണ്ടുള്ള ആയിരക്കണക്കിന് മരിയ ഭക്തര്‍ പങ്കെടുക്കുന്ന ജപമാല പ്രദഷിണം, തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ രൂപതയിലെ മറ്റ് വൈദികരും ചേര്‍ന്നുള്ള ആഘോഷമായ ദിവ്യബലി, ബിഷപ്പ് അലന്‍ ഹോപ്‌സ് നല്‍കുന്ന സന്ദേശം എന്നിവ തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹപ്രദമായ ആത്മീയാനുഭവമായിരിക്കും.

ഗില്‍ഫോര്‍ഡിലെ ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ: സാജു മുല്ലശ്ശേരില്‍ ഗില്‍ഫോര്‍ഡില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തോടൊപ്പം ജപമാല പ്രദഷിണത്തില്‍ പങ്ക് ചേരും. വാല്‍സിംഹാം ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നതുകൊണ്ട് മാസത്തിലെ മൂന്നാം ഞായറാഴ്ച്ച ഗില്‍ഫോര്‍ഡില്‍ നടക്കുന്ന മലയാളം കുര്‍ബാന ഉണ്ടായിരിക്കുന്നതല്ലായെന്ന് കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു. ഗില്‍ഫോര്‍ഡില്‍ നിന്നുമുള്ള തീര്‍ത്ഥാടനത്തില്‍ പങ്കുചേരുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപ്പറയുന്നവരെ ബന്ധപ്പെടുക.

സി. എ ജോസഫ് – 07846747602
ജോജി ജോസഫ് – 07950779654