ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനങ്ങളുടെ കൂടെ നിന്ന് അവരിലൊരാളായി അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ജനപ്രതിനിധിയായിരുന്നു കൊല്ലപ്പെട്ട സൗത്ത്ഹെൻഡ് എംപി ഡേവിഡ് അമേസ്.1983 മുതൽ എംപിയായിരുന്ന ഡേവിഡ്, രണ്ടാഴ്ച കൂടുമ്പോൾ തന്റെ മണ്ഡലത്തിലെ പൊതുജനങ്ങളെ കാണുകയും വിശദാംശങ്ങൾ തന്റെ പാർലമെന്ററി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുപോന്ന വ്യക്തിയാണ്. പരാതികൾ പരിഹരിക്കുന്നതിനും പുതിയ ആശയങ്ങൾ ജനങ്ങളിൽ നിന്ന് ഉൾക്കൊള്ളുന്നതിനുമായിട്ടായിരുന്നു ജനങ്ങളുമായിട്ടുള്ള കൂടിക്കാഴ്‌ച അദ്ദേഹം ഉപയോഗിച്ചിരുന്നത് . തൻെറ മണ്ഡലവുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന ഡേവിഡിന് മിസ്റ്റർ സൗത്ത്ഹെൻഡ് എന്നാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വിശേഷിപ്പിച്ചത്.
ഭീകരാക്രമണത്തിൽ എം പി കൊല്ലപ്പെട്ടത് വൻ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. എംപിമാരുടെ സുരക്ഷാക്രമീകരണങ്ങൾ ഉടൻ അവലോകനം ചെയ്യാൻ അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പോലീസിനോട് ആവശ്യപ്പെട്ടു . സൗമ്യനും സഹജീവികളോട് കരുണ ഉള്ളവനും ആയ ഒരു നല്ല വ്യക്തിയായിരുന്നു സർ ഡേവിഡ് അമേസ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
ഒക്ടോബർ പതിനഞ്ചാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആണ് ബ്രിട്ടനെ നടുക്കിയ സംഭവം നടന്നത് . നിരവധി തവണ കുത്തേറ്റ ഡേവിഡിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകുന്നേരം 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും ഗർഭ ചിദ്രത്തിനുമെതിരെ പടപൊരുതിയിരുന്ന സർ ഡേവിഡിന്റെ കൊലപാതകം ഞെട്ടലോടെയാണ് ബ്രിട്ടൻ ശ്രവിച്ചത്.
ഡേവിഡ് അമേസിന്റെ മരണത്തെ തുടർന്ന് ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിൽ പൊതുജനങ്ങൾ പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കെയർ സ്റ്റാർമർ, പ്രീതി പട്ടേൽ, സർ ലിൻഡ്‌സെ ഹോയ്ൽ എന്നിവർ ആദരാഞ്ജലി അർപ്പിക്കാൻ എസെക്സിലെ ലീ-ഓൺ-സീയിൽ എത്തിയിരുന്നു. ജനപ്രതിനിധികളെ ആക്രമിക്കുന്നത് ജനാധിപത്യത്തിനും രാജ്യത്തിനും എതിരായുള്ള ആക്രമണമാണെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.
Leave a Reply