ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 1.7 മില്യൺ പൗണ്ട് തുക വിലവരുന്ന ആന്റിക് സാധനങ്ങൾ പ്രായമായ സ്ത്രീയുടെ പക്കൽ നിന്നും മോഷ്ടിച്ച കുറ്റത്തിന് പിതാവിനും മകനും ജയിൽശിക്ഷ. എൺപത്തിമൂന്നുകാരനായ ഡെസ് പിക്കർസ് ഗില്ലും, മകൻ നാല്പത്തിരണ്ടുകാരനായ ഗാരി പിക്കർസ്ഗില്ലുമാണ് ചൈനീസ് അമൂല്യരത്നങ്ങളും, ഐവറി ആഭരണങ്ങളും ബെഡ്ഫോർഡിലുള്ള 96 വയസ്സുള്ള സ്ത്രീയുടെ പക്കൽ നിന്നും മോഷ്ടിച്ച ശേഷം വിൽപ്പന നടത്തിയത്. ഇരുവരും തെറ്റുകാരാണെന്ന് വ്യക്തമായതിനാൽ പിതാവിന് ആറു വർഷവും, മകന് എട്ടു വർഷവും കോടതി ജയിൽശിക്ഷ വിധിച്ചു. മോഷണം നടത്തിയ സ്ത്രീയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു ഡെസ് പിക്കർസ്ഗിൽ. അവരുടെ പൂന്തോട്ട പരിപാലനം നടത്തിയും, സാധനങ്ങൾ എത്തിച്ചു കൊടുത്തുമെല്ലാം നിരവധി വർഷങ്ങൾ സ്ത്രീയുടെ വീട്ടിൽ ജോലി ചെയ്തു. നിരവധി വിലയേറിയ പെയിന്റിങ്ങുകളുടെയും , ആന്റിക് സാധനങ്ങളുടെയും ശേഖരം ഈ സ്ത്രീയുടെ പക്കൽ ഉണ്ടായിരുന്നു. ജോലി ചെയ്ത 7 വർഷങ്ങളിലായി അമ്പതോളം വിലയേറിയ സാധനങ്ങളാണ് ഡെസ് മോഷ്ടിച്ചതെന്ന് കണ്ടെത്തി.

തങ്ങളുടെ സാധനങ്ങൾ എന്ന രീതിയിൽ ഇരുവരും മോഷ്ടിച്ച വസ്തുക്കൾ ലണ്ടനിലെ ബോൻഹാമ്സ് ഓക്ഷൻ ഹൗസിലേക്ക് വിൽപ്പന നടത്തുകയായിരുന്നു. 2017 ൽ ഈ സ്ത്രീയുടെ വീട്ടിൽ നടന്ന മോഷണ ശ്രമത്തെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പിതാവിന്റെയും മകന്റെയും കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്. സ്ത്രീയുടെ പക്കൽനിന്ന് മോഷ്ടിക്കപ്പെട്ട സാധനങ്ങൾ, ബോൻഹാമിലെ ഓക്ഷൻ ഹൗസിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണങ്ങളിലാണ് ഇവ വിൽപ്പന നടത്തിയതാണെന്ന് തെളിഞ്ഞത്.

പിതാവിനെ മോഷ്ടിക്കാനായി പ്രേരണ നൽകിയിരുന്നത് മകനാണെന്ന് ജഡ്ജി സ്റ്റീവൻ ഇവാൻസ് വിലയിരുത്തി. പിതാവിനെയും മകനേയും സഹായിച്ച കുറ്റത്തിന് അമ്മ സാറാ പിക്കർസ്ഗില്ലിന് കമ്മ്യൂണിറ്റി സർവീസ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.