ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ നടന്ന കത്തിയാക്രമണത്തിൽ മൂന്ന് കുരുന്നുകൾ മരിക്കുകയും ഒൻപതോളം പേർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ആകുകയും ചെയ്ത സംഭവം വൻ പ്രതിഷേധത്തിന് വഴി വെച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും സമീപത്തെ മോസ്ക് ആക്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ 39 ഓളം പോലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ കുറ്റക്കാരായ 17 കാരനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ആണ് പുറത്ത് പ്രചരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഇയാളെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചതാണ് അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായതിന് പിന്നിലെന്ന് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് ഡിഫൻസ് ലീഗിൻ്റെ അനുയായികളെന്ന് കരുതുന്ന ഒരു വലിയ സംഘം ആളുകൾ പള്ളിയിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞതോടെയാണ് കലാപം ആരംഭിച്ചതെന്ന് മെർസിസൈഡ് പോലീസ് പറഞ്ഞു. കുപ്പികൾ, ഇഷ്ടികകൾ എന്നിവ പള്ളിയിലേയ്ക്ക് വലിച്ചെറിഞ്ഞതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾ കത്തിക്കുകയും ഒരു കട കൊള്ളയടിക്കുകയും ചെയ്തു.

സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ബെബെ കിംഗ് (6 ), എൽസി ഡോട്ട് സ്റ്റാൻകോംബ് (7 ) , ആലീസ് ദസിൽവ അഗ്വിയർ(9 ) എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പേര് വെളിപ്പെടുത്താത്ത പ്രതി വെയിൽസിലാണ് ജനിച്ചതെന്ന് മെഴ്‌സിസൈഡ് പോലീസ് നേരത്തെ പറഞ്ഞിരുന്നു എന്നാൽ ഇയാൾ അനധികൃതമായി യുകെയിലെത്തിയ അഭയാർത്ഥിയാണെന്ന തെറ്റായ വാർത്തകളും പ്രചരിക്കുന്നുണ്ടായിരുന്നു . അവധി കാലത്ത് കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു ഡാൻസ് പ്രാക്ടീസ് ക്ലാസിൽ ആണ് ദുരന്ത സംഭവങ്ങൾ അരങ്ങേറിയത്. സംഭവങ്ങളെ കടുത്ത ഭാഷയിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തി മരിച്ച കുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.