സ്വന്തം ലേഖകൻ
ഫ്ലോറിഡ : ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിയ്ക്കാനിരുന്ന സ് പേസ് എക്സിന്റെയും നാസയുടെയും ശ്രമങ്ങൾക്ക് തിരിച്ചടി. യു.എസ് സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ് പേസ് എക്സിന്റെ ബഹിരാകാശ ദൗത്യം മോശം കാലാവസ്ഥയെത്തുടർന്നാണ് അവസാന നിമിഷം മാറ്റിവെച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിന് സമീപം ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ രൂപപെട്ടതിനെ തുടർന്നാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നിർത്തലാക്കേണ്ടിവന്നത്. നാസയുമായി കൈകോർത്ത് സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് ചരിത്രം രചിക്കാനിരുന്നതായിരുന്നു പ്രമുഖ വ്യവസായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ് പേസ് എക്സ് മുന്നിട്ടിറങ്ങിയത്. എന്നാൽ ടേക്കോഫിന് 16 മിനിറ്റ് മാത്രം മുമ്പാണ് ദൗത്യം ശനിയാഴ്ചത്തേക്ക് മാറ്റിയത്.
265 അടി ഉയരമുള്ള റോക്കറ്റിന് മുകളിൽ ക്രൂ ഡ്രാഗൺ കാപ്സ്യൂളിന്റെ ക്യാബിനിൽ നാസ ബഹിരാകാശയാത്രികരായ റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവർ മൂന്ന് മണിക്കൂർ നേരം കുടുങ്ങിക്കിടന്നു. ഇടിമിന്നൽ സാധ്യതയും വിക്ഷേപണത്തിന് തടസ്സമായെന്ന് അധികൃതർ പറഞ്ഞു. ലോഞ്ച് പാഡ് പ്ലാറ്റ്ഫോം പിൻവലിക്കുകയും റോക്കറ്റിൽ ഇന്ധനം നിറയ്ക്കുകയും ചെയ്യുന്നതിനിടയിലാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. മെയ് 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:22 ന് നാസയും സ് പേസ് എക്‌സും കേപ്പ് കനാവറലിൽ തന്നെ വീണ്ടും വിക്ഷേപണത്തിനായി ശ്രമിക്കും. 2011ന് ശേഷം യുഎസിൽ നടക്കുന്ന ഒരു വിക്ഷേപണത്തിനായി ഇനി ശനിയാഴ്ച വരെ കാത്തിരിക്കേണ്ടി വരും.
ദൗത്യം വിജയിച്ചാല്‍ സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ഖ്യാതി ബെങ്കനും ഹാർലിക്കും സ്വന്തമാക്കാം. നാസയുടെ നിരവധി ദൗത്യങ്ങളിൽ പങ്കാളികളായ ഇരുവരും ഏജൻസിയുടെ ഏറ്റവും മികച്ച സഞ്ചാരികളും ഉറ്റ സുഹൃത്തുക്കളുമാണ്. വിക്ഷേപണത്തിന് സാക്ഷിയാവാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിൽ എത്തിയിരുന്നു. ചരിത്രപരമായ ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നടക്കാതിരിക്കുകയാണെങ്കിൽ താൻ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് നേരത്തെ സ് പേസ് എക്‌സ് ബോസ് എലോൺ മസ്‌ക് പറഞ്ഞു. എങ്കിലും ലോകം വീണ്ടും കാത്തിരിക്കുകയാണ്. ഫാൽക്കൺ പറന്നുയരുന്നത് കാണുവാൻ.
Leave a Reply