ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗർഭാശയ അർബുദം തടയാനുള്ള മാർഗനിർദേശങ്ങൾ പങ്കുവച്ച് വിദഗ്‌ധ ഡോക്ടർമാരുടെ സംഘം. യുകെയിൽ മാത്രം പ്രതിവർഷം 3,200 സ്ത്രീകൾക്കാണ് ഗർഭാശയ അർബുദം സ്ഥിരീകരിച്ചരിക്കുന്നത്. ഇത് മൂലം ഓരോ ദിവസവും രണ്ട് സ്ത്രീകൾ എങ്കിലും മരിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങൾ തടയാമെന്ന് 30 വർഷത്തെ അനുഭവസമ്പത്തുള്ള ഗൈനക്കോളജിസ്റ്റും 15 വർഷത്തെ ലോകാരോഗ്യ സംഘടനയുടെ (WHO) കൺസൾട്ടന്റുമായ ഡോ. ലിൻഡ എക്കർട്ട് പറയുന്നു.

ഗർഭാശയ ക്യാൻസറിന് കാരണമാകുന്ന വൈറൽ അണുബാധ തടയാൻ നിലവിൽ വാക്സിൻ ഉണ്ട്. കൂടാതെ രോഗത്തിൻെറ തുടക്കത്തിൽ തന്നെ ചികിൽസിച്ച് ഭേദമാക്കാൻ കഴിയുന്ന ഫലപ്രദമായ സ്ക്രീനിംഗും ചികിത്സയും രാജ്യത്തെ ആശുപത്രികളിൽ ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ക്യാൻസർ അതിൻെറ ആദ്യ സ്റ്റേജിൽ തന്നെ ചികിൽസിച്ചാൽ മരണം ഒഴിവാക്കാം.

ലോകാരോഗ്യ സംഘടന 2020 ൽ സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാനുള്ള ആഹ്വാനം ആരംഭിച്ചിരുന്നു. ഇതിൽ 194 അംഗരാജ്യങ്ങളും ഐക്യദാർഢ്യം പ്രകടിപ്പിച്ചെങ്കിലും ആഗോളതലത്തിൽ സെർവിക്കൽ ക്യാൻസർ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2040-ഓടെ ഗർഭാശയ അർബുദം ഇല്ലാതാക്കാനുള്ള പുതിയ ലക്ഷ്യത്തിലാണ് എൻഎച്ച്എസ് ഇപ്പോൾ. ഇതിനായി ലൈബ്രറികൾ പോലുള്ള ക്രമീകരണങ്ങളിൽ വാക്‌സിനുകൾ നൽകാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.