ജോര്‍ജ് ആന്റണി എന്നു പറഞ്ഞാല്‍ എന്നെ ആരും അറിയണമെന്നില്ല. എന്നാല്‍ സ്ഫടികം ജോര്‍ജ് എന്നു പറഞ്ഞാല്‍ ചിലരൊക്കെ അറിയും. ദുഷ്ടന്‍ എന്നൊക്കെ മനസില്‍ പറഞ്ഞ് പല്ലിറുമ്മുകയും ചയ്യും. ഒരു കലാകാരന്റെ വിജയമായി മാത്രമേ ഞാനതിനെ കാണുന്നുള്ളു. പല നടന്മാരും കഥാപാത്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അഭിനയിച്ച സിനിമയുടെ പേരില്‍ അറിയപ്പെടാനുള്ള ഭാഗ്യം എനിക്കുണ്ടായി. ‘സ്ഫടികം’ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വേറെ ആയിരുന്നെങ്കിലും ആ സിനിമയുടെ പേരില്‍ എനിക്ക് പേരായി. ‘കുറച്ചുനാളായി സിനിമയിലൊന്നും കാണുന്നില്ലല്ലോ’ എന്നു ചോദിക്കുന്നവരുണ്ട്. അവരുടെ ചോദ്യം ന്യായമാണ്. വേറൊന്നും കൊണ്ടല്ല, ആരും വിളിക്കാത്തതുകൊണ്ടാണ്. എന്തായാലും ഇനി വില്ലന്‍ വേഷങ്ങളിലേക്കില്ല. നമ്മുടെ ശരീര പ്രകൃതിക്ക് അനുസരിച്ചുള്ള വില്ലന്‍ വേഷമാണെങ്കില്‍ ഒത്തിരി ഇടി കൊള്ളണം. ഇനി അതിനു വയ്യ. എങ്കിലും അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. മരുന്നിന് തന്നെ വേണം നല്ലൊരു തുക.
നമ്മള്‍ ഓരോരുത്തരിലും ദൈവം ഓരോ പദ്ധതി കരുതിവച്ചിട്ടുണ്ടാവും. വളരെ പെട്ടെന്നാണു ഞാന്‍ രോഗകിടക്കയിലായത്. ആ സമയത്ത് ഭാര്യ ത്രേസ്യാമ്മ കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും മരണത്തോളം പോന്ന അസുഖങ്ങളായിരുന്നു. ആരായാലും തളര്‍ന്നുപോവും ഇത്തരമൊരു അവസ്ഥയില്‍. പക്ഷേ, ദൈവം ജീവിതത്തിന്റെ മരുപ്പച്ച കാട്ടി ഞങ്ങളെ ആശ്വസിപ്പിച്ചു. ഒരിക്കല്‍ കോഴിക്കോട് എത്തിയപ്പോള്‍ ചില സുഹൃത്തുക്കള്‍ ഇടയ്ക്ക് ഹെല്‍ത്ത് ചെക്കപ്പ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിര്‍ബന്ധപൂര്‍വം പറഞ്ഞു. അങ്ങനെ വെറുതെ ചെക്കപ്പിനു പായി. രക്തപരിശോധനയുടെ റിസല്‍റ്റ് കാണിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. കുറച്ചുസമയം കൂടി ആശുപത്രിയില്‍ ചെലവിടണം. കിഡ്‌നിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടിലായിരുന്നു. ആശുപത്രിയില്‍ പിന്നീട് എന്തു സംഭവിച്ചുവെന്ന് എനിക്കറിഞ്ഞുകൂടാ.
അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും പിന്നീട് ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ്. പുല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു ഡയാലിസിസ്. ആ ദിവസം മുഴുവന്‍ ക്ഷീണമായിരിക്കും. അടുത്തദിവസവും ക്ഷീണമായിരിക്കും. മൂന്നാം ദിവസം വീണ്ടും ഡയാലിസിസിന് ആശുപത്രിയില്‍ എത്തണം. ചുരുക്കത്തില്‍ ആശുപത്രിയില്‍ കിടക്കുന്നതിനു തുല്യമായിരുന്നു ജീവിതം. മാത്രമല്ല വീട്ടിലെ വരുമാന മാര്‍ഗം ഇല്ലാതാകുന്നു. ചിലവു കൂടുന്നു. ഈ അവസ്ഥയില്‍ എനിക്കു തോന്നി ഇതില്‍ നിന്നൊരു മോചനം ആവശ്യമില്ലേ. അതിന് ഒരു വഴിയേ ഞാന്‍ കണ്ടുള്ളൂ. മരിക്കുക. ഞാന്‍ ദൈവത്തോടു പ്രാര്‍ഥിച്ചു: ”എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടുത്തേക്ക് അടുപ്പിക്കേണമേ…” കണ്ണു നിറഞ്ഞാണു ഞാന്‍ പ്രാര്‍ഥിച്ചു.
മരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ട് എന്റെ പ്രാര്‍ഥനകളിലേക്ക് മരണം നിരന്തരം കടന്നുവരാന്‍ തുടങ്ങി. ഒപ്പം ദൈവവും. ആയിടയ്ക്ക് ഞാനൊരു സ്വപ്നം കണ്ടു. എന്റെ രോഗങ്ങള്‍ േഭദമാകുന്നു. ദൈവം അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് എന്റെ രോഗം സുഖപ്പെടുത്തുന്നു. അതായിരുന്നു ആ സ്വപ്നത്തിന്റെ കാതല്‍. എന്തുകൊണ്ട് അങ്ങനെയൊരു സ്വപ്നം കണ്ടുവെന്ന് ഇന്നും അറിഞ്ഞുകൂടാ. എങ്കിലും അതൊരു സാക്ഷ്യമായി ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു. അടുത്ത ദിവസം രാവിലെ എന്നെ വയനാട്ടിലുള്ള ബന്ധു ജോര്‍ജ് ഫോണില്‍ വിളിച്ചു. ജോര്‍ജും ഭാര്യയും ഒരേ ദിവസം ഒരേ സ്വപ്നം കണ്ടു. രോഗം ഭേദമായി ഞാന്‍ ആരോഗ്യത്തോടെ ജീവിതത്തിലേക്കു തിരിച്ചുവന്നു എന്നായിരുന്നു അവര്‍ സ്വപ്നം കണ്ടത്. ഒരേ പോലെ മൂന്ന് സ്വപ്നങ്ങള്‍.
സിനിമയില്‍ സജീവമായിരുന്നപ്പോഴും ഞാന്‍ ധ്യാനം കൂടാറുണ്ടായിരുന്നു. സിനിമയില്‍ തിരക്കില്ലാതായപ്പോഴും ഞാന്‍ ആ പതിവ് തെറ്റിച്ചില്ല. പലേടത്തും ധ്യാനം കൂടി. അങ്ങനെയൊരു ധ്യാനം മൂരിയാട് എംപറര്‍ ഇമ്മാനുവേല്‍ പള്ളിയില്‍ വച്ചായിരുന്നു. രണ്ടാം ശനിയാഴ്ചകളില്‍ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനയുണ്ട്. രോഗികള്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ഥിക്കും. ഒരു ദിവസം എനിക്കു വേണ്ടി പ്രാര്‍ഥിച്ചു. അന്ന് പ തിനയ്യായിരത്തോളം പേരുണ്ടായിരുന്നു അവിടെ. എന്റെ അവസ്ഥ വിശ്വാസികള്‍ പ്രാര്‍ഥനയോടെ സ്വീകരിച്ചു. എന്നെ മരണത്തിനു വിട്ടുകൊടുക്കാന്‍ തയാറല്ലെന്നു പറഞ്ഞ് കുറേ ചെറുപ്പക്കാര്‍ മുന്നോട്ടുവന്നു. ”എന്റെ ഈ എളിയ സഹോദരരില്‍ ഒരുവന് നിങ്ങള്‍ ചയ്തപ്പോഴെല്ലാം എനിക്കു തന്നെയാണു ചെയ്തത്” എന്ന ദൈവവചനം അവര്‍ ഹൃദയത്തിലേറ്റി. എന്റെ അതേ രക്തഗ്രൂപ്പിലുള്ള 28 പേര്‍ മുന്നോട്ടുവന്നു. എന്നെ മരണത്തിനു വിട്ടുകൊ ടുക്കില്ലെന്നും ജീവന്റെ പകുതി പകുത്തു തന്ന് എന്നെ ജീവിതത്തിലേക്കു കൂട്ടുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു.
ആറുമാസത്തിനുള്ളില്‍ അപ്രകാരംതന്നെ സംഭവിച്ചു. പള്ളിയിലെ ആറു സഹോദരങ്ങളില്‍ ഒരാള്‍ തന്റെ കിഡ്‌നി തന്ന് എന്നെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. ബൈബിള്‍ സുവിശേഷകനായി പോകാറുണ്ട്. അങ്ങനെ എന്നെ കാണുമ്പോള്‍ സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഓര്‍ക്കുന്നവര്‍ക്ക് ൈവരുധ്യം തോന്നാം. സിനിമയില്‍ വില്ലനായി അഭിനയിക്കുമ്പോഴും ജീവിതത്തില്‍ ഞാന്‍ ദൈവ വഴിയില്‍ തന്നെയായിരുന്നു. കേള്‍ക്കുന്നവര്‍ക്ക് ചിലപ്പോള്‍ അവിശ്വസനീയം എന്നു തോന്നാം. എങ്കിലും എന്റെ അനുഭവം സത്യമാണ്. നാല്‍പതു ദിവസം ചൂടുവെള്ളം മാത്രം കുടിച്ചു ഉപവസിച്ചിട്ടുണ്ട്.
ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ചായ മാത്രം. ആദ്യത്തെ പത്തു ദിവസം ഒരു നേരം ഭക്ഷണം കഴിച്ചു തുടങ്ങി. അപ്പോള്‍ തോന്നി ഈ ഉപവാസത്തിനു കാഠിന്യം പോരാ. അങ്ങനെയാണു ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിക്കാന്‍ തുടങ്ങിയത്. ദവം മരുഭൂമിയില്‍ 40 ദിവസം ഉപവസിച്ചതിന്റെ ഓര്‍മയുണര്‍ത്തുന്നതായിരുന്നു അത്. ആ ഉപവാസം എനിക്ക് അനുഗ്രഹിക്കപ്പെട്ടതായി. ഭാരം ഇരുപതു കിലോ കുറഞ്ഞു. പണ്ട് 100 കിലോ വരെ എത്തിയ ഭാരം ഇപ്പോള്‍ അറുപത് കിലോയിലെത്തി. എല്ലാ സൃഷ്ടിക്കു പിന്നിലും ദവത്തിന് ഒരു ഉദ്ദേശമുണ്ട്. എന്നെ സൃഷ്ടിച്ചത് നായകന്മാരുെട തല്ലു കൊള്ളാനാണ് എന്നായിരുന്നു എന്റെ ധാരണ. പക്ഷേ, ഇപ്പോള്‍ എനിക്കു മനസിലാകുന്നു ദൈവം എന്റെ വഴിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നുവെന്ന്.
ഭാര്യയും കാന്‍സറില്‍ നിന്ന് മുക്തി നേടിയതോടെ ജീവിതത്തില്‍ ദൈവം പ്രകാശം തന്ന് അനുഗ്രഹിച്ചതു പോലെ എനിക്കു തോന്നി. അഭിനയം എന്റെ രക്തത്തില്‍ അലിഞ്ഞ കാര്യമാണ്. അഞ്ചാം ക്ലാസു മുതല്‍ ഞാന്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. പഠനം കഴിഞ്ഞു കുറച്ചുനാള്‍ ഗള്‍ഫില്‍ ജോലി നോക്കി. അവിടെ മലയാളി ക്ലബ്ബുകളില്‍ ഞാന്‍ സ്ഥിരം നാടകം അവതരി പ്പിക്കുമായിരുന്നു. ഞാനൊരു നാടകനടനാെണന്ന വിവരം അറിയാമായിരുന്ന ബാബു എന്ന സുഹൃത്താണ് വിനയനോട് എന്റെ കാര്യം പറയുന്നത്. അങ്ങനെ വിനയന്‍ സംവിധാനം ചെയ്ത ‘കന്യാകുമാരിയില്‍ ഒരു കവിത’ എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തിരുവട്ടാര്‍ മണി എന്ന വില്ലന്‍ കഥാപാത്രമായിരുന്നു അത്. അതിനുശേഷമാണ് ‘ചെങ്കോലില്‍’ കീരിക്കാടന്‍ ജോസിന്റെ ജ്യേഷ്ഠന്‍ തോമസ് കീരിക്കാടന്‍ എന്ന കഥാപാത്രം. സിനിമയില്‍ എന്റെ ഭാവി കുറിച്ചത് ഭദ്രന്റെ ‘സ്ഫടിക’മായിരുന്നു. ആ സിനിമ കൊണ്ട് ഏറ്റവും ഗുണമുണ്ടായത് എനിക്കാണ്.
വില്ലന്‍ ആയിരുന്നിട്ടുകൂടി സ്ഫടികം എന്ന നല്ല പേര് എനിക്കു കിട്ടി. ആ പേരാണ് ഇന്നും എന്റെ ജീവവായു എന്നു പറയാം. ജോര്‍ജ് എന്നു പറഞ്ഞാല്‍ ആരും എന്നെ തിരിച്ചറിയില്ല. സ്ഫടികം ഇല്ലാതെ ജോര്‍ജിനു നിലനില്‍പില്ല. സിനിമയില്‍ അവസരം തന്നതിന് വിനയനോടും നല്ലൊരു കഥാപാത്രത്തെ തന്നതിന് ഭദ്രനോടും ആജീവനാന്തം കടപ്പെട്ടിരിക്കുന്നു. വില്ലന്മാരെ ഓര്‍ത്തിരിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. എങ്കിലും ആള്‍ക്കാര്‍ ഓര്‍ക്കുന്ന ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ലേലത്തിലെ കടയാടി ബേബി, കാഞ്ഞിരപ്പള്ളി കറിയാച്ചനിലെ കുട്ടപ്പായി, അങ്ങനെ കുറച്ചുവില്ലന്‍ കഥാപാത്രങ്ങള്‍. ഇടയ്ക്കു കുറച്ചു കോമഡിയും ചയ്തു. മലയാളത്തിലെ ഒട്ടുമിക്ക നടന്മാരില്‍ നിന്നും സ്‌ക്രീനില്‍ എനിക്ക് ഇടി കിട്ടിയിട്ടുണ്ട്.
എങ്കിലും ഞാന്‍ രോഗബാധിതനായി കിടന്നപ്പോള്‍ അപൂര്‍വം പേരെ വിളിച്ചെങ്കിലും അന്വേഷിച്ചുള്ളൂ. അതില്‍ സുരേഷ് ഗോപിയുടെ പേര് എടുത്തുപറയണം. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാനും പറഞ്ഞു. എന്റെ പ്രാര്‍ഥനയുടെ ഫലം ൈദവം അദ്ദേഹത്തില്‍ നന്മയായി ചൊരിയട്ടെ… ആരേയും കുറ്റപ്പെടുത്തി പറഞ്ഞതല്ല. സിനിമാക്കാര്‍ക്കു പൊതുവെ തിരക്കുകൂടുതലാണ്. ചിലപ്പോള്‍ അറിയാതെ പോയതാകാം. സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം സമ്പന്നരാണ് എന്നതു പൊതുവായ വിശ്വാസം മാത്രമാണ്. ഇരിങ്ങാലക്കുടയ്ക്കടുത്ത് ആളൂര്‍ കനാല്‍പ്പാലത്തില്‍ വാടകവീട്ടിലാണു ഞാന്‍ കുടുംബസമേതം താമസിക്കുന്നത്. അഞ്ചു മക്കളുണ്ട് അശ്വതി, അനു, അജോ, അഞ്ജലി, അഞ്ജു. അതില്‍ മൂന്നുപേരുടെ വിവാഹം ദൈവത്തിന്റെ ഇടപെടല്‍ പോലെ ഭംഗിയായി നടന്നു.
ഇനിയുള്ള ജീവിതവും ദൈവം നടത്തും. സിനിമയില്‍ തന്നെ തൊഴിലിന് യാെതാരു ഉറപ്പുമില്ലാത്തവരാണ് വില്ലന്മാരായ നടന്മാര്‍. ഒരാള്‍ ൈപസ കൂട്ടി ചോദിച്ചാല്‍ അയാളെ ഒഴിവാക്കി മറ്റൊരാളെ വിളിക്കും. ഇന്ന ആള്‍ വില്ലനായാല്‍ സിനിമ നന്നായേനേ എന്ന് പ്രേക്ഷകരാരും പറയില്ലല്ലോ. അതാണു വില്ലന്മാരുടെ ഗതികേട്.
നിറങ്ങള്‍ മാത്രമാണു ജീവിതം എന്ന ധാരണ ഇപ്പോള്‍ എനിക്കില്ല. നഷ്ടങ്ങളെയോര്‍ത്ത് നിരാശയുമില്ല. അഭയത്തിന്റെ വെണ്‍പിറാവായി എന്നില്‍ മിടിക്കുന്നത് ദൈവമാണെന്ന് ഞാന്‍ അറിയുന്നു.