ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിനെതിരെ യൂറോ കപ്പ് ജയിച്ച് സ്പെയിൻ. ഇതോടെ നാല് തവണ യൂറോ കപ്പ് നേടിയ ടീമായി മാറിയിരിക്കുകയാണ് സ്പെയിൻ. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തി അടിതെറ്റുന്നത്. രണ്ടാം പകുതിയോടെ കളിയിൽ സ്പെയിൻ ലീഡെടുത്തെങ്കിലും ഇംഗ്ലണ്ടിൻെറ മറുപടി ഗോൾ ഏവരെയും ഞെട്ടിച്ചിരുന്നു. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. പകരക്കാരനായി കേറിയ കോൾ പാമറാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്.
1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്. ടൂർണമെന്റിൽ കളിച്ച ഏഴു കളികളും ജയിച്ച്, അജയ്യരായി തന്നെയാണ് ടീം ഫൈനലിൽ എത്തിയത്. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും തന്നെ നേടാൻ ആയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയോടെ സ്പാനിഷ് താരങ്ങൾ ഇരച്ചുകയറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ഈ മാസം 13ന് 17 വയസ് പൂർത്തിയായ സ്പെയിനിന്റെ തന്നെ യുവതാരം ലാമിൻ യമാലാണ് മികച്ച യുവതാരം. കളിയിൽ മികച്ച താരമായി മധ്യനിര താരം റോഡ്രിയെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പുരസ്കാരം ആറു താരങ്ങൾ പങ്കിട്ടു. ഫ്രഞ്ച് ഗോൾകീപ്പർ മൈക് മയ്ഗ്‌നൻ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി.
യൂറോ കപ്പ് ഫൈനലിന്റെ ആവേശം ഒട്ടും ചോരാതെ യുകെ മലയാളികളും ഏറ്റെടുത്തിരുന്നു. പലരും കളികൾ കാണാൻ സുഹൃത്തുക്കളുമായി ഒരിടത്ത് ഒത്തു ചേർന്നിരുന്നു. കടുത്ത ഫുട്ബോൾ പ്രേമികളായ പലരും ഇംഗ്ലണ്ടിന്റെ തോൽവിയിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു.
Leave a Reply