ലണ്ടന്‍: ഹെയര്‍ഫീല്‍ഡിലെ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന ബൈബിള്‍ കലോത്സവം തിരുവചനങ്ങളുടെ മികവുറ്റ സംഗീത, നൃത്ത, നടന ആവിഷ്‌കാരങ്ങളിലൂടെ വിശ്വാസ വിരുന്നായി. അതുല്യമായ കലാവൈഭവ പ്രകടനങ്ങള്‍ അരങ്ങുവാണ വേദി അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസ പ്രഘോഷണങ്ങളുടെ വിളനിലം തീര്‍ക്കുകയായിരുന്നു.

വിശുദ്ധ ഗ്രന്ഥം പ്രതിഷ്ഠിച്ചു കൊണ്ട് നിലവിളക്കു കൊളുത്തി ശുഭാരംഭം കുറിച്ച ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം ഫാ.തോമസ് പാറയടി ഉദ്ഘാടനം ചെയ്തു. റീജണല്‍ സഹകാരി ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഹാന്‍സ് പുതിയകുളങ്ങര, ഡീക്കന്‍ ജോയ്സ് ജെയിംസ് എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി. ലണ്ടന്‍ റീജിയണലിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് തുടങ്ങിയ ചാപ്ലിന്‍സികളുടെ കീഴിലുള്ള 32 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി വിജയിച്ചെത്തിയ മത്സരാര്‍ത്ഥികള്‍ അതുല്യമായ കലാ നൈപുണ്യവും, ദൃശ്യ വിസ്മയവുമാണ് മത്സരവേദിയില്‍ പുറത്തെടുത്തത്.

പാട്ട്, ഡാന്‍സ്, ടാബ്ലോ, പ്രശ്ചന്നവേഷം, സ്‌കിറ്റ്, ബൈബിള്‍ ക്വിസ്സ്, ബൈബിള്‍ റീഡിങ്, ഉപന്യാസം, പ്രസംഗം, പെയിന്റിങ്, ചിത്ര രചന അടക്കം വിവിധ പ്രായാടിസ്ഥാനത്തില്‍ നടത്തപ്പെട്ട നിരവധി മത്സരങ്ങള്‍ അത്യന്തം ആവേശവും വാശിയും നിറഞ്ഞതായി. മത്സരാര്‍ത്ഥികളുടെ വര്‍ദ്ധനവും, വന്‍ ജനാവലിയുടെ പങ്കാളിത്തവും ലണ്ടന്‍ റീജണല്‍ കലോത്സവത്തിന് കൂടുതലായ ആവേശം പകര്‍ന്നു.

മതാദ്ധ്യാപകരുടെയും പള്ളിക്കമ്മിറ്റിക്കാരുടെയും നിസ്സീമമായ സഹകരണവും നേതൃത്വവും, പ്രൊഫഷണല്‍ വിധികര്‍ത്താക്കളുടെ സ്തുത്യര്‍ഹമായ സേവനവും, മാതാപിതാക്കളുടെ അതീവ താല്‍പ്പര്യവും, സഭാ സമൂഹത്തിന്റെ പ്രോത്സാഹനവും, അക്കാദമിയുടെ വിശാലമായ സൗകര്യങ്ങളും ലണ്ടന്‍ റീജണല്‍ കലോത്സവത്തെ വന്‍ വിജയമാക്കി തീര്‍ക്കുകയായിരുന്നു.

ഈസ്റ്റ്ഹാം തുടങ്ങിയ പാരീഷ് സമൂഹങ്ങള്‍ മത്സരങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്തപ്പോളും, ഗില്ലിങ്ങാമും, വാല്‍ത്തംസ്റ്റോവും, സൗത്തെന്‍ഡും തൊട്ടു പുറകില്‍ തന്നെ നിലകൊണ്ടു. ലണ്ടന്‍ റീജണിലെ എല്ലാ കുര്‍ബ്ബാന കേന്ദ്രങ്ങളും തന്നെ ശക്തമായ മത്സരങ്ങള്‍ പുറത്തെടുത്താണ് മാറ്റുരച്ചത്. ബൈബിള്‍ സ്‌കിറ്റുകളും , ടാബ്ലോകളും കലോത്സവത്തിലെ ഏറ്റവും ശ്രദ്ധേയമായി.

റീജണല്‍ ബൈബിള്‍ കലോത്സവത്തെ വന്‍ വിജയമാക്കി തീര്‍ത്ത ഏവര്‍ക്കും ഫാ.ജോസ് അകൈതവമായ നന്ദി പ്രകാശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടികൊണ്ടു ഈസ്റ്റ് ഹാം ചാമ്പ്യന്‍ ട്രോഫി കരസ്ഥമാക്കി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവ ഗ്രാന്‍ഡ് ഫിനാലെയില്‍ ലണ്ടന്‍ റീജണു നന്നായി പെര്‍ഫോം ചെയ്യുവാനും വിജയം നേടുവാനും ആശംസകള്‍ നേരുകയും ചെയ്തു.