ചിക്കാഗോയിലെത്തിയാല്‍ എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ പ്രേതശല്യമുണ്ടെന്ന് കാട്ടി അധികൃതര്‍ക്ക് കത്ത് നല്‍കി. ഹോട്ടല്‍ മുറിയില്‍ അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നെന്ന് ജീവനക്കാര്‍ പറയുന്നു.
വാതിലുകള്‍ കൊട്ടിയടയ്ക്കുക, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക തുടങ്ങി പതിവു ‘പ്രേതലക്ഷണങ്ങള്‍’ തന്നെയാണ് ഹോട്ടല്‍ മുറിയില്‍ ജീവനക്കാര്‍ നേരിടുന്നത്.
ഇതുമൂലം കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ജീവനക്കാര്‍ നേരിടുന്നത്. പ്രേതപ്പേടി കാരണം ഒറ്റയ്ക്ക് കിടക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഒന്നിലധികം ജീവനക്കാര്‍ ഒരുമിച്ചാണ് മുറിയില്‍ കഴിയുന്നത്.
രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കാത്തതിനാലും മാനസിക പിരിമുറുക്കം മൂലവും ജോലിയില്‍ ശ്രദ്ധിക്കാനാകുന്നില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നതായി കത്തില്‍ പറയുന്നു.
ഹോട്ടലില്‍ പ്രവേശിക്കുന്നതോടെയാണ് അസാധാരണവും വിവരിക്കാനാകാത്തതുമായ സംഭവങ്ങളുണ്ടാകുന്നത്. ഹോട്ടലില്‍ താമസിക്കുന്ന ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം പ്രശ്നം നേരിടുന്നതായി കത്തില്‍ പറയുന്നു.
എയര്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഹോട്ടലില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയാണ്. ഒരിക്കല്‍ ഹോട്ടലില്‍ കഴിയാന്‍ ഇടവന്നവര്‍ പിന്നീട് ചിക്കാഗോയിലേയ്ക്കുള്ള വിമാനങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാവുന്നില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
കത്ത് ലഭിച്ചതായും വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ചിക്കാഗോയിലെ ഓഫീസുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.