കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ആരോപണമുന്നയിച്ച് പെൺകുട്ടിയുടെ കുടുംബം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ സതീഷ് (20) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് കോളേജ് അധികൃതർ അപമാനിച്ചതായി കുടുംബം ആരോപണം ഉന്നയിച്ചത്. കോളേജ് ലാബിൽ മൊബൈൽ ഉപയോഗിച്ചതിനെ തുടർന്ന് ശ്രദ്ധയുടെ മൊബൈൽ കോളേജ് അധികൃതർ പിടിച്ചെടുക്കുകയും പെൺകുട്ടിയെ വഴക്ക് പറയുകയും ചെയ്തിരുന്നു.
മൊബൈൽ ഫോൺ പിടിച്ച് വച്ചതിന് ശേഷം ഫോൺ തിരികെ വേണമെങ്കിൽ മാതാപിതാക്കളെ വിളിച്ച് കൊണ്ട് വരണം എന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മാതാപിതാക്കളെ കോളേജ് അധികൃതർ തന്നെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. കൂടാതെ സെമസ്റ്റർ പരീക്ഷയ്ക്ക് ശ്രദ്ധയ്ക്ക് മാർക്ക് കുറവാണെന്ന് കോളേജ് അധികൃതർ പറഞ്ഞതായും വീട്ടുകാർ പറയുന്നു.
ഈ സംഭവം കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സംസാരമായത് ശ്രദ്ധയെ മാനസികമായി തളർത്തിയതായി കൂട്ടുകാരികൾ പറഞ്ഞു. ഹോസ്റ്റലിലെ മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ശ്രദ്ധ ഹോസ്റ്റൽ മുറിയിൽ തൂങ്ങുകയായിരുന്നു. മറ്റ് കുട്ടികൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കോളേജ് അധികൃതരെ വിവരമറിയിച്ച് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
Leave a Reply