നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന മോനിഷയെ മറക്കാന്‍ മലയാളികള്‍ക്ക് ആകുകയും ഇല്ല. മലയാളപ്രേക്ഷകര്‍ ഇന്നും ഏറെ സങ്കടത്തോടെയാണ് മോനിഷയുടെ വിയോഗത്തെക്കുറിച്ച് ഓര്‍ക്കുന്നതും. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഡിസംബര്‍ അഞ്ചിനായിരുന്നു താരം കാലയവനികയ്ക്കുള്ളിലേക്ക് മണ്‍മറഞ്ഞത്. ഷൂട്ടിങ്ങ് ലൊക്കേഷനിലേയ്ക്കുള്ള യാത്രയ്ക്കിടയിലുണ്ടായ കാറപകടമാണ് താരത്തിന്റെ ജീവനെടുത്തത്. ഇകഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു മോനിഷയുടെ ഒരു ഓര്‍മദിനം കൂടി കടന്നു പോയത്.
എന്നാല്‍ മോനിഷ സ്ഥിരമായി ഓജോബോര്‍ഡ് കളിക്കാറുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും നൃത്താധ്യാപികയായ അമ്മ ശ്രീദേവി. താനും മകളും ചേര്‍ന്ന് ഓജോ ബോര്‍ഡ് കളിക്കുമായിരുന്നു മോനിഷ ചെയ്യുമ്പോള്‍ ബോര്‍ഡില്‍ കോയിന്‍ ഒക്കെ നീങ്ങുമായിരുന്നു എന്നും എന്നാല്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടെന്ന് തനിക്ക് അറിയില്ല എന്നും ശ്രീദേവി പറയുന്നു.
ആത്മാക്കളുമായി സംസാരിക്കാന്‍ മോനിഷയ്ക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും പണ്ട് ഓജോബോര്‍ഡ് കളിക്കുന്നതിനിടെ മോനിഷ തന്നോട് പറഞ്ഞ കാര്യങ്ങളും ശ്രീദേവി ഓര്‍ക്കുകയാണ്. അമ്മ മരിച്ചു കഴിഞ്ഞാല്‍, ഞാനിങ്ങനെ വിളിച്ചാല്‍ വരുമോ? പിന്നേ… വേറെ പണിയില്ലെന്ന് മറുപടി. പക്ഷേ, അവള്‍ പറഞ്ഞു, അമ്മ വിളിച്ചാല്‍ ഏതുലോകത്തു നിന്നും ഞാന്‍ വരും. കുറച്ചുദിവസത്തിനകം, ചേര്‍ത്തലയിലുണ്ടായ കാര്‍ അപകടത്തില്‍ മകള്‍ മരിച്ചു.
ചെപ്പടി വിദ്യ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിന് ഇടയില്‍ മോനിഷയും നര്‍ത്തകി കൂടിയായ അമ്മ ശ്രീദേവിയും സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്കിടയിലും പ്രിയങ്കരിയായിരുന്നു മോനിഷ. ഒരു ചെറിയ കാലയളവില്‍ മാത്രമേ മോനിഷയ്ക്ക് സിനിമയില്‍ തിളങ്ങാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ ആ ചെറിയ സമയം കൊണ്ട് തന്നെ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായി. 1986ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്പോള്‍ 15 വയസ്സ് മാത്രമായിരുന്നു പ്രായം.
വൈജയന്തിമാലയെപ്പോലെ, പത്മിനിയെ പ്പോലെ നടിയാകണമെന്നായിരുന്നു ശ്രീദേവിയുടെയും ആഗ്രഹം. പക്ഷേ, ആ ആഗ്രഹത്തിന് ശ്രീദേവിയുടെ അമ്മ തടയിട്ടിരുന്നത് ‘നിനക്കൊരു പെണ്‍കുഞ്ഞുണ്ടായി, അവളെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹിക്കുമോ എന്നു ഞാനൊന്നു കാണട്ടെ’ എന്നു പറഞ്ഞായിരുന്നു. ആ വാശിയില്‍ നിന്നാണ് മകളുണ്ടായാല്‍ നടിയാക്കണമെന്ന ആഗ്രഹം മുളയിട്ടത്. 14 വയസില്‍ മുന്‍രാഷ്ട്രപതി വെങ്കിട്ടരാമനില്‍ നിന്ന് അഭിനയമികവിനുള്ള ഉര്‍വശിപ്പട്ടം മോനിഷ നേടിയപ്പോള്‍, ശ്രീദേവിയുടെ അമ്മ സിനിമയെ മനസാ അംഗീകരിച്ചു. നഖക്ഷതങ്ങളുടെ പ്രിവ്യൂ മദ്രാസില്‍ നടന്നപ്പോള്‍, ചിത്രം കണ്ട് നടി പത്മിനി മോനിഷയെ കെട്ടിപ്പിടിച്ചു.
അവരെ ഒന്നു തൊടാന്‍ കൊതിച്ചു നടന്ന കാലമുണ്ടായിരുന്നു തനിക്കെന്നു ശ്രീദേവി ഓര്‍ത്തു. മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പറഞ്ഞപ്പോള്‍ അമ്മ ശാസിച്ചു. കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരതയില്‍ പക്ഷേ, കണ്ണുകള്‍ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയില്‍ പി.എന്‍ ഉണ്ണി മരിച്ചപ്പോള്‍, കണ്ണുകള്‍ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി എന്നും ശ്രീദേവി പറയുന്നു.
Leave a Reply