തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി.

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉത്തരവിന്റെ കരട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ്  വിജ്ഞാപനം ശ്രീജിത്തിന് കൈമാറിയത്. വി.ശിവൻകുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി കുടുംബത്തിനു നൽകിയ ഉറപ്പുകൾ പാലിച്ചുവെന്ന് എം.വി.ജയരാജൻ പറഞ്ഞിരുന്നു. ആരോപണവിധേയർ നേടിയ സ്റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, സിബിഐ അന്വേഷണം തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ നടപടികളിൽ തൃപ്തിയില്ല. സർക്കാരിന് നേരത്തെ തന്നെ നടപടികളെടുക്കാമായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരിന്റേത്. അന്വേഷണത്തിന്റെ നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരം നിർത്തുകയുള്ളൂ. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.

അടുത്തിടെ സമരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തമായതോടെ ആയിരക്കണക്കിനു പേരാണ് പിന്തുണയുമായെത്തിയത്. സർക്കാരിനെതിരെയും പൊലീസിനെതിരെയുമുള്ള വിമർശനങ്ങൾ ശക്തമാകുകയും ചെയ്തിരുന്നു. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ സമീപിച്ചിരുന്നു. അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.

പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവ് മരിച്ചത്. സ്റ്റേഷനിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്.