കാവ്യമാധവന്‍ ഇന്ന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ആരോപണം. ദിലീപിന്റെ ജാമ്യഹര്‍ജിയിലും ശ്രീകുമാര്‍ മേനോന്റെ പേര് പരാമര്‍ശിച്ചിരുന്നു.

സംവിധായകന്‍ എന്നതിലുപരി രാജ്യത്തെ ബിസിനസ് പ്രമുഖന്മാരുമായും, മാധ്യമ രംഗത്തുള്ളവരായും അടുത്ത ബന്ധമുള്ള വ്യക്തി എന്ന നിലയിലാണ് ശ്രീകുമാര്‍ മേനോന്‍ അറിയപ്പെടുന്നത്.കേരളത്തിലെ പ്രമുഖനായ ഒരു ബിസിനസ് വ്യക്തിയുടെ മകളുടെ വിവാഹ ചടങ്ങുകളുടെ സംവിധാനം കൈകാര്യം ചെയ്തതും ഇദ്ദേഹവും ഭരണപക്ഷത്തെ ഒരു പ്രമുഖ നേതാവിന്റെ മകനുമായി ചേര്‍ന്നാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീകുമാര്‍ മേനോന് ദിലീനോട് കൊടിയ പക നിലനില്‍ക്കുന്നു. ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനോട് അനുബന്ധിച്ച് ശ്രീകുമാര്‍ മേനോനെ കരിവാരി തേക്കാന്‍ മനപൂര്‍വം ദിലീപ് പരിശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നതാണ് പകയ്ക്ക് പിന്നിലെ കാരണമെന്നും ജാമ്യപേക്ഷയില്‍ പറയുന്നു.

ദിലീപിന്റെ മാത്രമല്ല, മറിച്ച് ദിലീപിന്റെ കൗമാരക്കാരിയായ മകളുടെയും ഭാവി നശിപ്പിക്കുന്ന സമീപനങ്ങളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും, സിനിമയിലെ ഒരു സംഘവും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന രണ്ടാമൂഴം, ഒടിയന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയിലാണ് ശ്രീകുമാര്‍ മേനോനെ മലയാളികള്‍ക്ക് പരിചയം.