റൈറ്റ്‌മൂവിന്റെ 2025 ലെ ‘ഹാപ്പി ആറ്റ് ഹോം’ സർവേയിൽ നോർത്ത് യോർക്ക്‌ഷയറിലെ സ്‌കിപ്‌ടൺ ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ വാസസ്ഥലമായി ഒന്നാം സ്ഥാനത്ത് എത്തി. മനോഹരമായ പച്ചപ്പും, സമാധാനപരമായ ഗ്രാമീണ ജീവിതരീതിയും, സൗഹൃദപരമായ സമൂഹവും ഈ പട്ടണത്തെ മുന്നിലെത്തിച്ചതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . റിച്ച്മണ്ട് അപോൺ തേംസും, കാംഡനും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഈ മൂന്നും പ്രദേശങ്ങളും ജീവിത ഗുണനിലവാരത്തിലും സൗകര്യങ്ങളിലും പൊതുജനങ്ങളുടെ സംതൃപ്തിയിലും മികച്ച സ്കോർ നേടിയവയായിരുന്നു.
വെസ്റ്റ് മിഡ്‌ലാൻഡ്സിലെ റാങ്കിംഗിൽ ലീമിംഗ്ടൺ സ്‌പയാണ് 2025ലെ ഏറ്റവും സന്തോഷകരമായ സ്ഥലം. രണ്ടാം സ്ഥാനത്ത് എത്തിയ സ്റ്റാഫോർഡ്‌ഷയറിലെ ലിച്ച്ഫീൽഡ് പൗരന്മാരുടെ ജീവിതസന്തോഷം, സാംസ്കാരിക പൈതൃകം, ലിച്ച്ഫീൽഡ് കത്തീഡ്രൽ പോലുള്ള ആകർഷക കേന്ദ്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉയർന്ന വിലയിരുത്തൽ നേടിയത്. ഇതിനെ തുടർന്നു സ്‌ട്രാറ്റ്ഫോർഡ്-ഓൺ-എവൺ, ശ്രൂസ്ബറി, ടാംവർത്ത് എന്നിവയും മികച്ച റാങ്കുകൾ നേടി.

ദേശീയ തലത്തിൽ ലിച്ച്ഫീൽഡ് ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്; വെസ്റ്റ് മിഡ്‌ലാൻഡ്സിൽ രണ്ടാം സ്ഥാനത്തോടൊപ്പം ബ്രിട്ടനിലെ മൊത്തം പട്ടികയിൽ 13-ാം സ്ഥാനവും നേടി. 19,500 -ലധികം പേർ പങ്കെടുത്ത ഈ സർവേയിൽ, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ നഗര-ഉപനഗര പ്രദേശങ്ങളിലെ ആളുകളേക്കാൾ കൂടുതൽ സന്തോഷവാന്മാരാണെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത് . പ്രായം കൂടുന്തോറും ആളുകൾക്ക് താമസസ്ഥലത്തോടുള്ള തൃപ്തിയും വർധിക്കുന്നുവെന്നതും പഠനം സൂചിപ്പിക്കുന്നു. 18 മുതൽ 24 വയസ്സ് വരെയുള്ളവർ ഏറ്റവും കുറവ് തൃപ്തി പ്രകടിപ്പിച്ചപ്പോൾ, 65 വയസ്സിന് മുകളിലുള്ളവർ ഏറ്റവും സന്തോഷകരമായി ജീവിക്കുന്നവരായിരുന്നു എന്നാണ് സർവേയിലെ കണ്ടെത്തൽ .











Leave a Reply