ഫാ.ബിജു കുന്നയ്ക്കാട്ട്

യഥാര്‍ത്ഥ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലായിരിക്കാം. എന്നാല്‍ ഭൂമിയിലെ കുറേ മാലാഖമാര്‍ സമരത്തിലാണ്. വെള്ളയുടുപ്പിട്ട് മാലാഖമാരെപ്പോലെ ഓടി നടന്ന് ജീവന്‍രക്ഷാ ജോലി ചെയ്യേണ്ടവര്‍ക്ക് തെരുവിലേയ്ക്കിറങ്ങേണ്ടി വന്നിരിക്കുന്നു. ജീവിതം ദുരിതപൂര്‍ണമായ നരകത്തിലേയ്ക്ക് പോകാതിരിക്കാന്‍ ജോലിയില്‍ സദാസമയം പുഞ്ചിരിക്കുന്ന സൗമ്യഭാവം വിട്ട് രോഷത്തിന്റെയും ആവലാതിയുടെയും അവകാശവാദങ്ങളുടെയും മുഖഭാവങ്ങള്‍ അവര്‍ക്ക് അണിയേണ്ടി വന്നിരിക്കുന്നു. പ്രത്യേക പഠനമോ പരിശീലനമോ ആവശ്യമില്ലാത്ത മറ്റുപല ജോലികള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്ന വേതനം പോലും ബാങ്കില്‍ നിന്നും മറ്റുപല സ്ഥലങ്ങളില്‍ നിന്നും ലോണെടുത്ത് പഠിച്ചും നിരവധി പരീക്ഷാ കടമ്പകള്‍ കടന്നും ആതുരശുശ്രൂഷയുടെ അംബാസഡര്‍മാരാകുന്ന ഈ പാവം നഴ്‌സ് സഹോദരീ- സഹോദരന്മാര്‍ക്ക് കിട്ടുന്നില്ല എന്നത് നിയമത്തിന്റെയോ നീതിയുടെയോ മാത്രം മുന്നിലുള്ള ചോദ്യമല്ല, മനഃസാക്ഷിയുടെ മുന്നിലുള്ള ചോദ്യം കൂടിയാണ്. രാജ്യത്തിന്റെ മനഃസാക്ഷിയായ സുപ്രീംകോടതി നിയതമായ ഒരു അടിസ്ഥാന വേതനത്തെക്കുറിച്ച് പറയുകയും കൂടി ചെയ്തിടത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ ഒന്നും അമാന്തിച്ചുകൂടാ.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാലാഖമാര്‍ക്കും രക്ഷയില്ലാതായി വരുമ്പോള്‍ എന്തേ ഈ സേവനരംഗം വിലമതിക്കപ്പെടുന്നില്ല എന്ന ചോദ്യമുയരുന്നുണ്ട്. മാന്യമായ എല്ലാ ജോലികള്‍ക്കും അതിന്റേതായ അന്തസുണ്ട്. വിവിധങ്ങളായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവര്‍ ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനും മുമ്പോട്ടുള്ള പോക്കിനും അത്യാവശ്യവുമാണ്. എങ്കിലും ചെയ്യുന്ന ജോലിയുടെ സ്വഭാവം പരിഗണിച്ച് ചില ജോലി മേഖലകള്‍ സവിശേഷമായിക്കണ്ടേ പറ്റൂ. അത്തരത്തിലൊന്നാണ് മനുഷ്യജീവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലി രം ുഗങ്ങള്‍: ആതുരശുശ്രൂഷകര്‍, അഗ്നിശമന പ്രവര്‍ത്തകര്‍, ക്രമസമാധാനപാലകര്‍, ഭക്ഷ്യവിതരണക്കാര്‍ തുടങ്ങിയവരൊക്കെ അക്കൂട്ടത്തില്‍പെടുന്നവരാണ്. ജീവന്‍ നിലനിര്‍ത്താനും അടിസ്ഥാന ആരോഗ്യ കാര്യത്തിലും മാറ്റി നിര്‍ത്താനാവാത്ത വിഭാഗമായ ആതുരശുശ്രൂഷകര്‍ ഈ നിരയിലും ഒന്നാമതായി പരിഗണിക്കപ്പെടേണ്ടവരാണ്. കാര്യം കണ്ട് കഴിയുമ്പോള്‍ അതുനേടിയെടുക്കാന്‍ സഹായിച്ചവരെ മറക്കുന്ന ശൈലിയുള്ള നമ്മുടെ പൊതു സമൂഹത്തിന്റെ മനസിനാണ് മാറ്റം വരേണ്ടത്. ആതുര ശുശ്രൂഷാരംഗം സമൂഹ മനഃസാക്ഷിയെ ചോദ്യം ചെയ്യുമ്പോള്‍ ഈ സേവനമേഖലയുടെ മഹത്വത്തെക്കുറിച്ച് ചില ചിന്തകള്‍.

നഴ്‌സിംഗ് രംഗം സമൂഹത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ഏറ്റവും മുഖ്യധാരയില്‍ വരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അത് ഏറ്റവും അത്യാവശ്യ സമയത്ത് നമ്മെ സഹായിക്കുന്നവരാണ് അവര്‍ എന്നുള്ളതുകൊണ്ടാണ്. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണെന്ന് പറയാറുണ്ടല്ലോ. ആരോഗ്യത്തോടെ ജോലി ചെയ്ത് ഓടി നടക്കുമ്പോഴല്ലാ, ഒരസുഖം ബാധിച്ച് കിടപ്പിലാകുമ്പോഴാണ് ഈ ഏറ്റവും വലിയ സമ്പത്തിന്റെ കാര്യം പലരും ഓര്‍മ്മിക്കുന്നത്. ലോകത്തില്‍ നേടി വച്ചിരിക്കുന്ന സമ്പത്തുകളെല്ലാം വൃഥാവിലാകും, അതാസ്വദിക്കാനായി ആരോഗ്യമുള്ള ഒരു മനസും ശരീരവും ഇല്ലാതെ വന്നാല്‍. ജീവിതത്തിന്റെ സൗഭാഗ്യങ്ങളെല്ലാം ഒരസുഖത്തിന്റെ രൂപത്തില്‍ നമ്മില്‍ നിന്ന് നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് വീട്ടുകാരെപ്പോലെ കൂടെ നിന്ന് ജീവിതത്തിലേയ്ക്കും അതിന്റെ സന്തോഷങ്ങളിലേയ്ക്കും ഓരോ രോഗിയേയും കൈപിടിച്ചു തിരിച്ചുകൊണ്ടുവരുന്ന കാവല്‍ മലാഖമാരാണ് നഴ്‌സുമാര്‍. രോഗക്കിടയ്ക്കക്കരികെ നിന്ന് സ്വന്തം കുടുംബാംഗങ്ങള്‍ക്കുപോലും ചെയ്യാനാവാത്ത, ചിലപ്പോഴെങ്കിലും ചെയ്യാനറയ്ക്കുന്ന കാര്യങ്ങളെ സൗമ്യമായും ശാന്തമായും ചെയ്യുന്ന നഴ്‌സ് സഹോദരങ്ങള്‍ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ സഹായിക്കുവാനായി ദൈവം അയക്കുന്ന മാലാഖമാര്‍ തന്നെയാണ്!

ഇങ്ങനെയൊക്കെ ചെയ്തുകൊടുക്കാന്‍ ആതുരശുശ്രൂഷകര്‍ക്ക് സാധിക്കുന്നത് അവര്‍ ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരാണ് എന്നുള്ളതുകൊണ്ട്. മറ്റു പല ജോലികളും സാമര്‍ത്ഥ്യത്തോടെ ചെയ്യാന്‍ ബുദ്ധിയും കഴിവുകളും സിദ്ധികളും പരിശീലനം സിദ്ധിച്ച കരങ്ങളും മതിയാകുമ്പോള്‍ ആതുര ശുശ്രൂഷാരംഗത്തെ ജോലികളുടെ പിന്നിലെ പ്രധാന ചാലകശക്തി സ്‌നേഹവും കരുണയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയമാണ്. ഒന്നുകില്‍ ഒരു ലോംഗ് ഡേയോ അല്ലെങ്കില്‍ ഒരു നൈറ്റ് ഡ്യൂട്ടിയോ മുഴുവന്‍ സമയവും അടങ്ങിയിരിക്കാതെ ഓടിനടക്കുന്ന നഴ്‌സുമാരെ കാണാം. ഒരാശുപത്രിയില്‍ ചെന്നാല്‍ ആശുപത്രിയിലെ എല്ലായിടത്തും വാര്‍ഡിലും റൂമിലും തീയേറ്ററിലും ഇടനാഴിയിലും ഫാര്‍മസിയിലുമെല്ലാം അവരുടെ സാന്നിധ്യമുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും ശുദ്ധരക്തമെത്തിക്കുന്ന ഞരമ്പുകള്‍ പോലെ. ഞരമ്പുകള്‍ മുറിഞ്ഞാലോ ബ്ലോക്ക് ആാലോ അപകടമാണ്. സാക്ഷര കേരളത്തിന്റെ നാഡീ ഞരമ്പുകള്‍ ഇന്നു തെരുവിലാണ്. അവര്‍ വെയിലും മഴയും കൊണ്ട് അവിടെ നില്‍ക്കേണ്ടവരല്ല, ജോലിയുപേക്ഷിച്ച് അവര്‍ വഴിയില്‍ നില്‍ക്കുന്നത് ആരോഗ്യ കേരളത്തിന് ആപത്തും സാക്ഷര കേരളത്തിന് മാനക്കേടുമാണ്. ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരുടെ ന്യായമായ ആവശ്യങ്ങളെ ഹൃദയപൂര്‍വ്വം മനസിലാക്കാനുള്ള ഹൃദയവിശാലത അധികാരികള്‍ക്കുണ്ടാവണം.

സാധാരണയായി സങ്കടങ്ങളും വേദനയും നിരാശയുമാണ് ആശുപത്രി അന്തരീക്ഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഷോപ്പിംഗ് മാളിലും പാര്‍ക്കുകളിലും ഭക്ഷണശാലകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെല്ലാം ആര്‍പ്പുവിളിയും ചിരിയൊച്ചകളും ഉല്ലാസങ്ങളും നിറയുമ്പോള്‍, ശോകവും കരച്ചിലുകളും മൂകതയും നിരാശയുമൊക്കെയാണ്. ഈ മാലാഖമാര്‍ ജീവിതത്തിന്റെ വലിയൊരുഭാഗം എന്നും കണ്ടുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും അസുഖത്താല്‍ ഒരാഴ്ച ആശുപത്രി അന്തരീക്ഷത്തില്‍ കഴിയേണ്ടി വരുമ്പോഴേയ്ക്കും നമ്മില്‍ പലരും മടുക്കും. എന്നാല്‍ മടുപ്പും ക്ഷീണവുമറിയാതെ, (ഇല്ലാത്തതുകൊണ്ടല്ല, അതേക്കുറിച്ചോര്‍ത്ത് കൊണ്ടിരിക്കാന്‍ സമയമില്ലാത്തതിനാല്‍) തങ്ങളുടെ കര്‍മ്മരംഗത്ത് വ്യാപൃതരാകുന്ന ഈ നഴ്‌സുമാര്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു. 1987-ല്‍ ലോകം മാറ്റിമറിച്ച ചിത്രമായി നാഷണല്‍ ജിയോഗ്രഫിക് തിരഞ്ഞെടുത്ത ചിത്രം, 23 മണിക്കൂര്‍ നീണ്ട ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന് നേതൃത്വം നല്‍കിയ Dr. Zbigniew Religa ഓപ്പറേഷന്‍ ടേബിളിനു സമീപമിരുന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ രോഗിയുടെ ആദ്യ ഹൃദയമിടിപ്പിനുവേണ്ടി നോക്കിയിരിക്കുമ്പോള്‍ ഓപ്പറേഷന് സഹായിച്ച നഴ്‌സ് തീയറ്ററിന്റെ മൂലയ്ക്ക് ചാരിയിരുന്ന് തളര്‍ന്നുറങ്ങുന്ന ചിത്രമാണ്. സങ്കടങ്ങളിലും വിഷമങ്ങളും മാത്രം ചുറ്റും കാണുന്ന ഒരന്തരീക്ഷത്തില്‍ ഒരു പകല്‍ മുഴുവനുമോ രാത്രി മുഴുവനുമോ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ ശമ്പളം തീര്‍ത്തും അര്‍ഹമാണ്. സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ അവര്‍ക്കും മാന്യമായ വേതനം കൂടിയേ തീരൂ, അതവരുടെ അവകാശവുമാണ്.

ആതൂരശുശ്രൂഷാരംഗത്ത് ജോലി ചെയ്യുന്നവര്‍ ദൈവത്തിന്റെ സൗഖ്യ ശുശ്രൂഷയില്‍ പ്രത്യക്ഷമായി പങ്കാളികളാകുന്നവരാണ്. രോഗിയായ ഒരു മനുഷ്യനെ ദൈവം സുഖപ്പെടുത്തുന്നത് മരുന്നുകളിലൂടെയും വിദഗ്ധരായ ഡോക്ടര്‍മാരുടെയും വൈദഗ്ധ്യത്തിലൂടെയുമാണ്. തന്റെ മുമ്പില്‍ നിന്ന അന്ധനായ മനുഷ്യനെ സുഖപ്പെടുത്താനായി നിലത്ത് മണ്ണില്‍ തുപ്പല്‍ കൊണ്ട് ചെളിയുണ്ടാക്കി അന്ധന്റെ കണ്ണുകളില്‍ പുരട്ടി സീലോഹാ കുളത്തില്‍ കഴുകി കാഴ്ച നേടാന്‍ ഈശോ പറഞ്ഞു. (യോഹന്നാന്‍ 9: 6-7). ഉമിനീര് ഔഷധമാണെന്ന അക്കാലത്തെ ജനങ്ങളുടെ വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് മണ്ണില്‍ നിന്നു മനുഷ്യനെ പൂര്‍ണനായി ദൈവം മെനഞ്ഞെടുത്തു എന്നു കാണിക്കാന്‍ ഉമിനീരിനൊപ്പം പൊടിമണ്ണ് ചേര്‍ത്ത്, മാമോദീസാജലം വിശ്വാസത്തിന്റെ അന്ധതയെ മാറ്റുന്നു എന്ന് ലോകത്തെ പഠിപ്പിക്കാന്‍ സീലോഹാ കുളത്തില്‍ കഴുകാന്‍ പറഞ്ഞ്, ഈശോ മരുന്നുകളുടെ സിദ്ധിയിലൂടെ ദൈവം തന്നെയാണ് രോഗിയില്‍ സൗഖ്യം തരുന്നതെന്ന് ലോകത്തെ പഠിപ്പിച്ചു. വിദഗ്ധനായ ഒരു ഡോക്ടര്‍ തന്നെ സഹായിക്കാനായി വാര്‍ഡിലും ഓപ്പറേഷന്‍ തീയറ്ററിലും തനിക്കു വിശ്വസ്തരായ ചില നഴ്‌സുമാരെ ഒപ്പും കൂട്ടുന്നതുപോലെ, ജായ്‌റോസിന്റെ മകളെ ഉയിര്‍പ്പിക്കുമ്പോള്‍ ഈശോ തന്റെ കൂടെ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ മൂന്ന് ശിഷ്യന്മാരെ മാത്രം കൂടെ കൂട്ടുന്നു. (ലൂക്കാ 8: 51). മരുന്നും മരുന്നു തരുന്നവരും ദൈവദാനവും ദൈവത്തിന്റെ കയ്യില്‍ സൗഖ്യപ്പെടുത്തുന്ന ശുശ്രൂഷയില്‍ ഉപകരണങ്ങളുമാണെന്ന പൊതുസമൂഹത്തിന്റെ തിരിച്ചറിവ് അവരുടെ ജോലിയുടെ മഹത്വം മനസിലാക്കാന്‍ സഹായിക്കും.

ഡോകടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഈ ഉദാത്തചിന്ത എപ്പോഴും മനസിലുണ്ടായിരിക്കട്ടെ – തങ്ങളുടെ പ്രവര്‍ത്തനമേഖല ഒരു ദൈവവിളിയാണെന്നും തങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണെന്നും. ”ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്” (1 കോറിന്തോസ് 3:9). വളരെ വൃത്തിഹീനവും അറപ്പുളവാക്കുന്നതുമായ അവസ്ഥകളില്‍ കിടന്ന രോഗികളെപ്പോലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ കോരിയെടുത്ത് ശുശ്രൂഷിച്ച മദര്‍ തെരേസയോട്, ‘ഇതെങ്ങനെ ഇതുപോലെ ചെയ്യാന്‍ സാധിക്കുന്നു’ എന്ന ചോദ്യത്തിന് വി. മദര്‍ തെരേസ ശാന്തമായി മറുപടി പറഞ്ഞു:”ഞാന്‍ ശുശ്രൂഷിക്കുന്ന ഓരോ രോഗിയിലും ക്രിസ്തുവിന്റെ മുഖം കാണുന്നു”. ദൈവത്തില്‍ നിന്നു വരുന്ന മനുഷ്യ ജീവനെ ആദ്യമായി കയ്യിലെടുക്കുന്നതുമുതല്‍ രോഗങ്ങളിലും അപകടങ്ങളിലും ജീവിതത്തിലെ വിവിധ അവസരങ്ങളില്‍ ആരോഗ്യത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും തിരിച്ചു കൊണ്ടുവരുകയും അവസാനശ്വാസസവും പോയാലും ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ് പൂക്കള്‍ കൊണ്ട് അലങ്കരിക്കാന്‍ വരെ ഈ നഴ്‌സിംഗ് കൈകളാണ് ചുറ്റുമുണ്ടാവുകയെന്ന് മറക്കാതിരിക്കാം. ജോലി സമയത്തെ ഇവരുടെ ഓരോ അശ്രദ്ധയ്ക്കും ഒരു ജീവന്റെ വില വരെ ഉള്ളതിനാല്‍ നിതാന്ത ജാഗ്രതയോടെ ഓടി നടക്കുന്ന ഈ ഭൂമിയിലെ മാലാഖമാരുടെ കണ്ണീര്‍ ഇനിയും നീണ്ടുപോകാനിടയാകാതിരിക്കട്ടെ.

ആര്‍ക്കും കയറാന്‍ പറ്റാത്ത മരമേതാണ് എന്ന കടംകഥ ചോദ്യത്തിന് ‘സമരം’ എന്ന് ഉത്തരം പറയാറുണ്ടെങ്കിലും, നമ്മുടെ നഴ്‌സ് സുഹൃത്തുക്കള്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ‘സമര’ത്തില്‍ കയറിയിരിക്കുന്നു. ഈശോയെ അടുത്തു കാണണമെന്ന തന്റെ ആഗ്രഹം സാധിക്കുന്നതിനായി ‘സിക്കമൂര്‍ മര’ത്തില്‍ കയറിയിരുന്ന സക്കേവൂസിനെ കണ്ട്, വിളിച്ചിറക്കി അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ഈശോ തയ്യാറായതുപോലെ സ’മര’ത്തിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ കാണാനും അവരുടെ ന്യായമായ ആവശ്യങ്ങളെ മനസിലാക്കാനും ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നഴ്‌സിംഗിന്റെ ആദ്യരൂപമായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മാതൃകയും ആധുനിക മാതൃകയായ വി. മദര്‍ തെരേസയുടെ മാതൃക നല്‍കുന്ന പ്രചോദനവും ആദര്‍ശരൂപമായ, ‘എലിസബത്തിനെ ശുശ്രൂഷിക്കാന്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് അവളോടൊപ്പം മൂന്ന് മാസം താമസിച്ച് ശുശ്രൂഷ ചെയ്ത’ പരിശുദ്ധ മറിയത്തിന്റെ (ലൂക്കാ 1: 39-56) പ്രാര്‍ത്ഥനയും ആതുരശുശ്രൂഷാ രംഗത്തുള്ളവര്‍ക്ക് തുണയാകട്ടെ.

ശാന്തിയും നന്മയും നിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. പ്രാര്‍ത്ഥനയോടെ, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.