ന്യൂസ് ഡെസ്ക് മലയാളം യുകെ

മോസ്കോ : റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ റഷ്യയിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തലാക്കി കൊക്ക കോളയും പെപ്‌സി കോയും. റഷ്യയുടെ മനസ്സാക്ഷിയില്ലാത്ത പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന ആളുകൾക്കൊപ്പമാണ് തങ്ങളെന്ന് ഇരു കമ്പനികളും അറിയിച്ചു. റഷ്യയിലെ എല്ലാ സ്ഥാപനങ്ങളും അടയ്ക്കുകയാണെന്ന് സ്റ്റാർബക്സും മക്ഡൊണാൾഡ്സും ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതോടെ, റഷ്യയിലുള്ള 1,000 റെസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ കെഎഫ്‌സിയും സമ്മർദ്ദം നേരിടുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റഷ്യയിലെ 130 കടകൾ അടയ്ക്കുമെങ്കിലും അവിടെയുള്ള 2,000 ജീവനക്കാർക്ക് ശമ്പളം നൽകുന്നത് തുടരുമെന്ന് സ്റ്റാർബക്‌സ് സ്ഥിരീകരിച്ചു. അതേസമയം, റഷ്യയിലെ തങ്ങളുടെ 850 കടകൾ അടച്ചുപൂട്ടുമെന്ന് മക്‌ഡൊണാൾഡ്സും വ്യക്തമാക്കി. മക്‌ഡൊണാൾഡ്‌സിന്റെ പ്രവർത്തനങ്ങൾ റഷ്യയിൽ താത്കാലികമായി നിർത്തലാക്കിയതിന് തൊട്ടുപിന്നാലെയാണ് പെപ്‌സി-കോള കമ്പനികളും സമാനമായ തീരുമാനമെടുത്തത്.

റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നിരവധി സംരംഭങ്ങൾ റഷ്യയിൽ പ്രവർത്തനം നിർത്തലാക്കിയിരുന്നു. നെറ്റ്ഫ്ളിക്സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ബിബിസി അടക്കമുള്ള വാർത്താ ചാനലുകളുമെല്ലാം റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.