ലണ്ടന്‍: ഭാവി തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പദ്ധതി. വോട്ട് ചെയ്യണമെങ്കില്‍ ഇനി തിരിച്ചിയല്‍ രേഖയായി പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും കയ്യില്‍ കരുതേണ്ടതായി വരും. ഇത് ലക്ഷക്കണക്കിന് ആളുകളെ വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. ഈ നിയമം നടപ്പാക്കിയാല്‍ 35 ലക്ഷം ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല. മൊത്തം വോട്ടര്‍മാരില്‍ 7.5 ശതമാനം വരുന്നവരാണ് ഈ വിധത്തില്‍ ഒഴിവാക്കപ്പെടുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.

നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് വേണം സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാനെന്ന് ലേബര്‍ ഷാഡോ മിനിസ്റ്റര്‍ ക്യാറ്റ് സ്മിത്ത് ഇതിനോട് പ്രതികരിച്ചത്. ഡിസംബറില്‍ ഈ നിയമം അവതരിപ്പിച്ചപ്പോളായിരുന്നു ഈ പ്രതികരണം. എന്നാല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമം ലക്ഷങ്ങള്‍ക്ക് വോട്ട് നിഷേധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ എന്ന പ്രഖ്യാപനവുമായി ടോറി പ്രകടനപത്രികയിലാണ് ഇപ്പോള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരിച്ചറിയല്‍ സംവിധാനവും പോസ്റ്റല്‍ വോട്ടിന്റെ പരിഷ്‌കരണവും പാര്‍ട്ടി മുന്നോട്ടു വെക്കുന്നതെന്ന് പ്രകടനപത്രിക വ്യക്തമാക്കുന്നു. വോട്ടിംഗില്‍ നിലവിലുള്ള രീതി തന്നെ തുടര്‍ന്നുകൊണ്ട് കൃത്രിമങ്ങള്‍ പരമാവധി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടത്താന്‍ ലക്ഷ്യമിടുന്നതെന്നും കണ്‍സര്‍വേറ്റീവ് വ്യക്തമാക്കുന്നു.