ലണ്ടൻ: കൊറോണ വൈറസ് മരണങ്ങൾ, രോഗം നിയന്ത്രണമില്ലാതെ ലോകമെങ്ങും പടരുന്നു. പ്രവാസികളായ മലയാളികളും മറ്റ് ന്യൂനപക്ഷവും യുകെയിലെ ആശുപത്രികളിലെ ജോലിക്കാരുടെ എണ്ണത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു. യുകെയിലെ നല്ലൊരുശതമാനം ഡോക്ടർമാരും നേഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും നാഷണൽ ഹെൽത്ത് സെർവീസിന്റെ മുൻപോട്ടുള്ള യാത്രയിലെ അഭിഭാജ്യഘടകങ്ങളായി നിൽക്കുന്ന സമയത്താണ് കൊറോണ വൈറസ് ഒരു ഇടിമിന്നലായി യൂറോപ്പിലേക്കും യുകെയിലേക്കും കടന്നു വന്നത്. മരണസംഖ്യകൾ ഉയർന്നപ്പോൾ ചങ്ക് പിടഞ്ഞത് മലയാളികൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെയും അവരുടെ കൊച്ചു കുടുംബങ്ങളിലും ആയിരുന്നൂ.

മലയാളികൾ ആദ്യം ഒന്ന് ശങ്കിച്ചു നിന്നെങ്കിലും തങ്ങളുടെ ഓരോരുത്തരുടെയും ജീവനോപാധിയും അതിനപ്പുറമായി രോഗികളോട് ഉള്ള അനുകമ്പയും വൈറസിനെ വകവെക്കാതെ ജോലിക്കിറങ്ങിയിരുന്നു. മരിക്കുമ്പോൾ പോലും ബന്ധുക്കൾക്ക് അടുത്തുവരാൻ അനുവാദമുണ്ടായിരുന്നില്ല ഒരാഴ്ച്ച മുൻപ് വരെ… യുകെയിലെ ആരോഗ്യ രംഗത്തെ എല്ലാവരെയും ഭയപ്പെടുത്തി മൈനോറിറ്റി വിഭാഗത്തിൽ പെടുന്ന നേഴ്സുമാരും ഡോക്ടർമാരും മരണപ്പെട്ടുകൊണ്ടിരുന്നു. ഇതുവരെ ഏതാണ്ട് പത്തോളം യുകെ മലയാളികൾ ആണ് മരിച്ചിട്ടുള്ളത്. 135 ആരോഗ്യ പ്രവർത്തകർ മരിച്ചതിൽ 84 നാലും മൈനോറിറ്റി വിഭാഗത്തിൽ നിന്നും ഉള്ളവരായിരുന്നു.

പെട്ടെന്നാണ് യുകെയിലെ സ്വദേശിയരെക്കാളും കൂടുതൽ കുടിയേറ്റക്കാരായ മൈനോറിറ്റി വിഭാഗത്തിൽ പെടുന്നവരാണ് മരണപ്പെടുന്നത് എന്ന വാർത്ത പുറത്തുവരുന്നത്. ചർച്ചയായതോടെ മനുഷ്യാവകാശങ്ങൾക്ക് മറ്റെന്തിനേക്കാളും വിലകൽപ്പിക്കുന്ന യുകെ, ഈ വിഷയത്തെക്കുറിച്ചു അന്വോഷണത്തിന് ഉത്തരവ് ഇടുകയായിരുന്നു.

യുകെയിൽ 1969-ൽ സ്ഥാപിതമായ സ്വതന്ത്ര ഏജൻസി ആയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്ക്കൽ സ്റ്റഡീസ് (IFS, UK) പുറത്തുവിട്ട വിവരങ്ങൾ ആണ് മലയാളികൾക്കും മറ്റു വിദേശിയരായ ആരോഗ്യ പ്രവർത്തകർക്കും ആശക്ക്‌ വഴി നൽകുന്നത്.

IFS സിന്റെ പഠന റിപ്പോർട്ട് താരതമ്യപ്പെടുത്തുമ്പോൾ തദ്ദേശീയരായ ഇംഗ്ലീഷ്കാരുടെ മരണനിരക്കിനേക്കാൾ വിദേശിയരായ ആരോഗ്യപ്രവർത്തകരുടെ മരണ നിരക്ക് 3.5 കൂടുതൽ ആണ്. ഈ വൈരുധ്യം ഉണ്ടായത്  ഒരുപിടി വ്യത്യസ്ഥങ്ങളായ കാരണങ്ങൾ കൊണ്ടാണ് എന്ന് റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വോളനറബിൾ ആയ മൈനോറി വിഭാഗത്തിൽ പെടുന്ന മുൻനിര ആരോഗ്യപ്രവർത്തകരെ എത്രയും പെട്ടെന്ന് NHS പിൻവലിക്കണമെന്നാണ് ലണ്ടനിലെ റോയൽ കോളേജ് ഓഫ് സർജൻമ്മാർ ആവശ്യപ്പെട്ടത്. 

റിപ്പോർട്ട് പുറത്തു വന്നതിനെത്തുടർന്ന് NHS സിന്റെ പുതിയ നിർദ്ദേശം ഇതിനകം NHS ട്രസ്റ്റുകൾക്കും ജിപി കൾക്കും അയച്ചു കഴിഞ്ഞു. അതിൻ പ്രകാരം ഒരുമുൻകരുതൽ എന്ന നിലക്ക് മൈനോറിറ്റിയിൽ പെടുന്ന ജീവനക്കാരെ ഹൈ റിസ്‌ക് ഏരിയയിൽ വിടുന്നതിന് മുൻപായി ‘റിസ്‌ക് അസ്സസ്മെന്റ്’ (Risk Assessment) നടത്തണമെന്നും അതിൽ അപകടം തിരിച്ചറിഞ്ഞാൽ അവിടെനിന്നും അവരെ പിൻവലിക്കണമെന്നും നിർദ്ദേശിക്കുന്നു. ഇനി ജോലി ചെയ്യണ്ടതായി വന്നാൽ PPE ക്ക് മുൻഗണന കൊടുക്കണമെന്നും നിർദ്ദേശം ഉള്ളതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

NHS ലെ ആരോഗ്യ പ്രവർത്തകരുടെ അമ്പതു ശതമാനത്തോളം വിദേശിയരാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ യുകെയിലെ മൊത്തം ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ അഞ്ചിൽ ഒരാൾ വിദേശത്തു ജനിച്ചവരാണ്. ഇത്തരത്തിൽ ഒരു നിർദ്ദേശം നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന സ്റ്റാഫിന്റെ ലഭ്യത ഒരു കീറാമുട്ടിയായി NHS നെ ബാധിക്കും എന്നതിൽ സംശയമില്ല. എത്രമാത്രം ഈ നിദ്ദേശങ്ങൾ പാലിക്കാൻ സാധിക്കും എന്നതിൽ പലർക്കും സംശയം ഉണ്ടാകുന്നതും ഇതുകൊണ്ടു തന്നെ.