ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി എന്ന നിലയിൽ എല്ലാ ബ്രിട്ടീഷുകാർക്കും കെയർ സ്റ്റാർമർ പുതുവത്സരാശംസകൾ നേർന്നു. 2024 – നെ മാറ്റത്തിന്റെ വർഷം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജൂലൈ 4 ൻ്റെ പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ സർക്കാരിനെ നയിക്കുന്ന കെയർ സ്റ്റാർമർ ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്ന് സമ്മതിച്ചു. രാജ്യത്തെ ജനങ്ങളുടെ കൈയ്യിൽ കൂടുതൽ പണം എത്തി ചേരാനുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കുന്നതായി പ്രധാനമന്ത്രി രാഷ്ട്രത്തോടായി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡൗണിങ് സ്ട്രീറ്റിൽ ഏകദേശം 6 മാസത്തെ സമയം പൂർത്തിയാകുമ്പോൾ ലേബർ പാർട്ടിയും പ്രധാനമന്ത്രി കെയർ സ്റ്റാർമറും കടുത്ത വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ പുതുവത്സര സന്ദേശം കടുത്ത ശുഭാപ്തി വിശ്വാസം പുലർത്തുന്നതായിരുന്നു. മിനിമം വേതനം റെക്കോർഡ് നിലവാരത്തിലേയ്ക്ക് ഉയർത്തുന്നത് സർക്കാരിൻറെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൻഎച്ച്എസ്സിന്റെ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനാ പട്ടികയുടെ മുൻപന്തിയിൽ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1.5 ദശലക്ഷം പുതിയ വീടുകളുടെ നിർമ്മാണത്തെ കുറിച്ച് പുതുവത്സര ദിന സന്ദേശത്തിൽ കെയർ സ്റ്റാർമർ എടുത്തു പറഞ്ഞു.


എന്നാൽ ബ്രിട്ടന്റെ സമ്പദ് രംഗത്ത് കടുത്ത പ്രതിസന്ധിയെ നേരിടുന്നതായുള്ള വാർത്തകളാണ് ദിനംപ്രതി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ലേബർ സർക്കാർ നേരിടുന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പൂജ്യം വളർച്ചയാണ് നേടിയത് എന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു . ഇന്ത്യയുടെ ജിഡിപി 6.5 ശതമാനത്തിലേറെ വർഷം തോറും വളരുമ്പോൾ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ കുറയുകയാണെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ഉണർത്തുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്ന ബ്രെക്സിറ്റ് ആണ് ബ്രിട്ടന്റെ സാമ്പത്തിക വളർച്ചയ്ക്ക് കടുത്ത ആഘാതം ഏൽപ്പിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ലോകത്തിലെ സകല വൻകിട കമ്പനികളുടെയും യൂറോപ്പിലെ ആസ്ഥാനം ലണ്ടനായിരുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം മിക്ക കമ്പനികളുടെയും ആസ്ഥാനം ലണ്ടനിൽ നിന്ന് മാറുകയോ ജീവനക്കാരെ കുറയ്ക്കുകയോ ചെയ്തു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് ജോലിക്കായി എത്തുന്നവരോടുള്ള ഇഷ്ടക്കേടായിരുന്നു ബ്രെക്സിറ്റിലേയ്ക്ക് നയിച്ച പ്രധാന ചേതോവികാരം. എന്നാൽ നിലവിൽ കൃഷിപ്പണി പോലുള്ള പല ജോലികൾക്കും ബ്രിട്ടനിൽ ആളെ കിട്ടാനില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് കൂടാതെ ബ്രെക്സിറ്റിന്റെ അനന്തര ഫലമായി ബ്രിട്ടനിൽ സർവ്വ സാധനത്തിനും വില ഇരട്ടിയാവുകയും ചെയ്തു.