സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശവോട്ടെടുപ്പ് ദിവസങ്ങളായ ഡിസംബർ 9നും 11നും പൊതുഅവധി നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കും അവധി പ്രഖ്യാപിക്കണമെന്നാണ് നിർദേശം.
വോട്ടെടുപ്പ് ദിവസങ്ങളെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധിദിനങ്ങളായി കണക്കാക്കണമെന്നും കമ്മീഷൻ പറഞ്ഞു. ഫാക്ടറികളിൽ, പ്ലാന്റേഷനുകളിൽ, മറ്റ് സ്ഥാപനങ്ങളിലുളള തൊഴിലാളികൾക്കും വോട്ട് ചെയ്യാൻ സൗകര്യം ഉറപ്പാക്കാൻ തൊഴിലുടമകൾ നടപടി എടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
കൂടാതെ, കേന്ദ്ര സർക്കാർ വകുപ്പുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി നൽകാൻ നടപടിയെടുക്കണമെന്ന് കമ്മീഷൻ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം.











Leave a Reply