അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയം ഇല്ല, പൃഥ്വിക്ക് പങ്കില്ല; ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത്, ആരോപണത്തെ ശക്തമായി എതിർത്തു ‘ഭ്രമം’ ടീം…..

അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയം ഇല്ല, പൃഥ്വിക്ക് പങ്കില്ല;  ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത്, ആരോപണത്തെ ശക്തമായി എതിർത്തു ‘ഭ്രമം’ ടീം…..
March 08 17:12 2021 Print This Article

ഭ്രമം സിനിമയിൽ അഹാനയെ അഭിനയിപ്പിക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്. അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറയുന്നു.

ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും നിർമാതാക്കൾ പറഞ്ഞു. സിനിമയിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ അടക്കം ആർക്കും ഈ തീരുമാനത്തിൽ പങ്കില്ലെന്നും ഓപ്പൺ ബുക്ക്സ് പ്രൊഡക്ഷനു വേണ്ടി രവി കെ ചന്ദ്രൻ, സിവി സാരഥി, ബാദുഷ എൻഎം, വിവേക് രാമദേവൻ, ശരത് ബാലൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണ രൂപം

“ബഹുമാന്യരെ ഞങ്ങൾ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്നിഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് ചില മാധ്യമങ്ങളിൽ അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് ശക്തമായി എതിർക്കുന്നു.

ഒരു സിനിമയിൽ കഥാപാത്രത്തിന് അനിയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും, എഴുത്തുക്കാരനും, ക്യാമറമാനും, നിർമ്മാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങൾ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങൾ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയിൽ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾ അവരെ അറിയിച്ചിരുന്നു. നിർഭാഗ്യവശാൽ അഹാനയുടെ പേര് ചില മാധ്യമങ്ങളിൽ വരുകയും ചെയ്തു.

അഹാന മറ്റൊരു സിനിമയുടെ ജോലിയിൽ ആയിരുന്നതിനാൽ ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലും ആദ്യം നിശ്ചയിച്ച ഡേറ്റിൽ നടന്നില്ല; അഹാനയ്ക്ക് കോവിഡ്-19 ബാധിച്ചതിനാൽ വീണ്ടും അത് വൈകുകയായിരുന്നു. അവർ രോഗമുക്ത ആയ ശേഷം 2021 ജനുവരി 10ന് ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങൾ കണ്ട ശേഷം സംവിധായകാനും എഴുത്തുക്കാരനും നിർമ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തിൽ എത്തിയിരുന്നു. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടിൽ ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറയുകയും ചെയ്തു.

ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങൾ 25 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്, തൊഴിൽ ഞങ്ങൾക്ക് ദൈവമാണ്. ഞങ്ങളുടെ തൊഴിലിടങ്ങളിൽ ജാതി, മതം, വംശീയം, വർണ്ണം, ലിംഗഭേദ്, കക്ഷി രാഷ്ട്രീയം എന്നീ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട്, ഉറപ്പുവരുത്താറുണ്ട്. ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം.

ആരുടെ എന്ത് താത്പര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത്

എന്ന് ഞങ്ങൾ താഴ്ചയായി അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ശ്രീ പഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.”

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles