കേംബ്രിഡ്ജ്: എന്‍എച്ച്എസിന്റെ ഭാവിയേക്കുറിച്ച് ആശങ്കയുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്. ശനിയാഴ്ച നടത്താനിരിക്കുന്ന പ്രസംഗത്തില്‍ ഈ ആരോപണം ഹോക്കിംഗ് ഉന്നയിക്കും. ജെറമി ഹണ്ടിന്റെ നയങ്ങളിലുള്ള അതൃപ്തി ഹോക്കിംഗ് അറിയിക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ നയങ്ങള്‍ എന്‍എച്ച്എസ് സംവിധാനത്തെ തകര്‍ക്കുമെന്ന ആശങ്കയായിരിക്കും പ്രസംഗത്തില്‍ ഹോക്കിംഗ് പങ്കുവെക്കുക. ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ സ്വകാര്യ മേഖലയുടെ ഇടപെടലുകളേക്കുറിച്ചും അദ്ദേഹം അഭിപ്രായ പ്രകടനം നടത്തുമെന്നാണ് വിവരം.
ബിബിസിക്ക് മുന്‍കൂറായി നല്‍കിയ പ്രസംഗത്തിന്റെ ഉള്ളടക്കത്തിലാണ് എന്‍എച്ച്എസിനേക്കുറിച്ചുള്ള ആശങ്കകള്‍ വിഖ്യാത ശാസ്ത്രജ്ഞന്‍ വ്യക്തമാക്കിയത്. ഇത് പുറത്തു വന്നതോടെ എതിര്‍ വാദങ്ങളുമായി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പണം എന്‍എച്ച്എസില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഏറ്റവും മികച്ച് പ്രവര്‍ത്തനം നടത്തുന്ന ഹെല്‍ത്ത് സര്‍വീസ് ആയി എന്‍എച്ച്എസ് റാങ്കിംഗ് നേടിയിട്ടുണ്ടെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നല്‍കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനില്‍ നടത്തുന്ന പ്രസംഗത്തിലായിരിക്കും ഹോക്കിംഗ് ഈ ഗുരുതരമായ ആരോപണങ്ങള്‍ എന്‍എച്ച്എസിനെതിരെ ഉയര്‍ത്തുന്നത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് മൂലം ചലനശേഷി നഷ്ടപ്പെട്ട ഹോക്കിംഗ് തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം വീല്‍ചെയറിലാണ് കഴിച്ചുകൂട്ടിയത്. പ്രത്യേക ഉപകരണമുപയോഗിച്ചാണ് സംസാരശേഷിയില്ലാത്ത ഹോക്കിംഗ് സംസാരിക്കുന്നത്.
Leave a Reply