ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ശിശു മരണ നിരക്ക് വളരെ ഉയർന്നതാണെന്ന് റിപ്പോർട്ട്. ഗർഭത്തിൽ വച്ചു തന്നെ മരിച്ച ശിശുക്കളുടെ എണ്ണം 2019ൽ യുകെയിൽ 2,399 ആയിരുന്നു. ആ വർഷം തന്നെ 1,158 നവജാതശിശു മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾ ഗർഭത്തിൽ വച്ചു തന്നെ മരണപ്പെടുന്നുണ്ടെന്ന് എംബ്രേസ് റിപ്പോർട്ട് വെളിപ്പെടുത്തി. ജനനസമയത്തുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് അടിയന്തിരമാണെന്ന് ചാരിറ്റികൾ അഭിപ്രായപ്പെട്ടു.
കറുത്ത വംശജരും ബ്രിട്ടീഷ് കറുത്ത വംശജരുമായ കുഞ്ഞുങ്ങളുടെ മരണനിരക്ക് 1,000 ജനനങ്ങളിൽ 7.23 എന്ന നിലയിലായിരുന്നു. ഏഷ്യൻ, ബ്രിട്ടീഷ് ഏഷ്യൻ വംശജരായ കുഞ്ഞുങ്ങളുടെ മരണനിരക്ക് 1,000 ജനനങ്ങളിൽ 5.05 എന്ന നിലയിലാണ്. വെളുത്ത വംശജരായ കുഞ്ഞുങ്ങളുടെ മരണനിരക്ക് 3.22 ആയിരുന്നു. അമ്മയുടെ പ്രായം, വംശീയവും സാമൂഹികവുമായ പശ്ചാത്തലം എന്നിവ എങ്ങനെ ശിശു മരണത്തിൽ ഇടപെടുന്നു എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്.
ഗർഭത്തിൽ വച്ചുള്ള ശിശു മരണവും നവജാത ശിശു മരണ നിരക്കും 25 വയസ്സിനും 35 വയസ്സിനു താഴെയുള്ള അമ്മമാരിൽ കൂടുതലായി കാണപ്പെടുന്നു. യുകെയിലെ ഏഷ്യൻ, ബ്രിട്ടീഷ് ഏഷ്യൻ ശിശുമരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ധനസഹായം നൽകണമെന്ന് ബേബി ലോസ് ചാരിറ്റി സാൻഡ്സ് സർക്കാരിനോട് ആവശ്യപ്പെട്ടു. കറുത്ത വംശജരായ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണ്.
Leave a Reply