ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഹോസ്പിറ്റലുകളിൽ സൈബർ ആക്രമണം നടത്തിയ കുറ്റവാളികൾ അതീവ പ്രാധാന്യമുള്ള ചില വിവരങ്ങൾ പുറത്തു വിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്നലെ രാത്രിയിൽ ടെലിഗ്രാം ചാനലിലും ഡാർക്ക് വെബ്ബിലുമാണ് വിവരങ്ങൾ പുറത്തു വിട്ടത്. ഏകദേശം 400 ജി ബി സ്വകാര്യ വിവരങ്ങൾ ഈ രീതിയിൽ ഇൻറർനെറ്റിൽ പ്രസിദ്ധീകരിച്ചതായാണ് അറിയാൻ സാധിച്ചത്. അതീവ പ്രാധാന്യമുള്ള രക്ത പരിശോധനാ വിവരങ്ങൾ ആണ് പരസ്യമാക്കിയത് .
ജൂൺ മൂന്നാം തീയതി ലണ്ടനിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളുടെ സർവറുകളിൽ സൈബർ ആക്രമണം നടത്തി വിവരങ്ങൾ ചോർത്തിയത് ശേഷം സൈബർ കുറ്റവാളികൾ പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു . പണം ലഭിച്ചില്ലെങ്കിൽ തട്ടിയെടുത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഡാറ്റയിൽ രോഗികളുടെ പേരുകൾ, ജനന തീയതി, എൻഎച്ച്എസ് നമ്പറുകൾ, രക്തപരിശോധനകളുടെ വിവരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. പരിശോധനാ ഫലങ്ങളും ഡാറ്റയിൽ ഉണ്ടോ എന്ന് അറിയില്ല.
ലണ്ടനിലെ ആശുപത്രികളുടെ കമ്പ്യൂട്ടർ സർവറിൽ സൈബർ ആക്രമണം നടന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രധാന ആശുപത്രികളായ റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ, സെൻ്റ് തോമസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് സൈബർ ആക്രമണം നടന്നത് . ഇതിനെ തുടർന്ന് ശസ്ത്രക്രിയകൾ വരെ മുടങ്ങുകയും അത്യാഹിത വിഭാഗത്തിലേയ്ക്ക് വന്ന പല രോഗികളെയും മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റേണ്ട ഗുരുതരമായ സ്ഥിതി സംജാതമായിരുന്നു .
റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ , കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബർ ആക്രമണം ബാധിച്ചു . രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനെയും വിവിധ പരിശോധന ഫലങ്ങൾ നൽകുന്നതിനെയും സൈബർ അറ്റാക്ക് ബാധിച്ചു. ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾക്ക് സുപ്രധാന സൈബർ സർവീസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ തകരാറിലായതിനെ തുടർന്ന് സർവറുകൾ പണിമുടക്കിയതിനാൽ പഴയ രീതിയായ പേപ്പർ റെക്കോർഡിലേയ്ക്ക് പല ആശുപത്രികളും മടങ്ങിപോയത് വലിയ വാർത്തയായിരുന്നു.
Leave a Reply