ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളെ ദോഷകരമായി ബാധിക്കുന്ന അശ്ലീല ഉള്ളടക്കം ഉൾപ്പെടെയുള്ള സൈറ്റുകളുടെ ഉപയോഗം പ്രായപരുധി അനുസരിച്ച് കർശനമായി നിയന്ത്രിക്കുന്നതിനുള്ള ഓൺലൈൻ സുരക്ഷാ നിയമം യുകെ നടപ്പിലാക്കിയിരുന്നു. ഇതിൻറെ ഫലമായി ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞതായുള്ള കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ പല കുട്ടികളും പോൺ സൈറ്റുകളിലെ പ്രായ പരിശോധന മറികടക്കാൻ വളഞ്ഞ വഴികൾ സ്വീകരിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
പ്രായ പരിശോധനകൾ മറികടക്കാൻ കുട്ടികൾ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (VPN-കൾ) ഉപയോഗിക്കുന്നത് തടയണമെന്ന് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ പറഞ്ഞു. വി പി എൻ വഴി ഇൻറർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പരിശോധനകൾക്ക് വിധേയമാകുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ പ്രായപരുധി പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കില്ല എന്നതാണ് പലരും ചൂഷണം ചെയ്യുന്നത്. ഓൺലൈൻ സുരക്ഷാ കാര്യക്ഷമമായി നടപ്പിലാക്കാൻ സാങ്കേതിക സംവിധാനത്തിലെ ഇത്തരം പഴുതുകൾ കൂടി നാം അടയ്ക്കേണ്ടതുണ്ടെന്ന് കുട്ടികളുടെ കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ പറഞ്ഞു.
വിപിഎൻ വഴി ഒരു രാജ്യത്തിൻറെ നിയമങ്ങളെ മറികടക്കാൻ ഉപഭോക്താവിന് സാധിക്കും. മറ്റൊരു രാജ്യത്താണെന്ന മട്ടിൽ ഇൻറർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ പ്രായ പരിശോധന നിർബന്ധമാക്കിയത് മറികടക്കാൻ ഇതുവഴി കഴിയും. എന്നാൽ വിപിഎന്നുകൾ നിരോധിക്കാനുള്ള പദ്ധതി ഇല്ലെന്നാണ് ഒരു സർക്കാർ വക്താവ് പറഞ്ഞത്. പോൺഹബ്, റെഡ്ഡിറ്റ്, എക്സ് തുടങ്ങിയ സൈറ്റുകൾ പ്രായ പരിശോധന നിർബന്ധമാക്കാൻ തുടങ്ങിയതിന് ശേഷം കഴിഞ്ഞ മാസം യുകെയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പുകൾ വിപിഎന്നുകളായിരുന്നു. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഒരു റിമോട്ട് സെർവർ ഉപയോഗിച്ച് ഉപയോക്താക്കളെ വെബ്‌സൈറ്റുകളിലേക്ക് ബന്ധിപ്പിക്കുകയും അവരുടെ യഥാർത്ഥ ഐപി വിലാസവും ലൊക്കേഷനും മറയ്ക്കുകയും ചെയ്യുന്നു, അതായത് ഇതുവഴി അവർക്ക് പ്രത്യേക സൈറ്റുകളിലോ ഉള്ളടക്കത്തിലോ ഉള്ള നിയന്ത്രണങ്ങൾ മറികടക്കാൻ കഴിയും.
Leave a Reply