ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ആഞ്ഞടിച്ച ബെർട്ട് കൊടുങ്കാറ്റ് കടുത്ത വിനാശകരമായ സംഭവങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലുമായി കുറഞ്ഞത് അഞ്ച് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും, അതുമൂലം ഉണ്ടായ വെള്ളപ്പൊക്കവും, അതോടൊപ്പം തന്നെ മഞ്ഞു വീഴ്ചയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഈ കാലാവസ്ഥ മൂലം ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം തന്നെ വിമാന സർവീസുകളും ട്രെയിൻ സർവീസുകളും റദ്ദാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വെയിൽസിൽ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിനും, രക്ഷാപ്രവർത്തനം നടത്തുന്നതിനും മുൻകൈയെടുക്കുന്ന എമർജൻസി സർവീസുകളോട് താൻ കടപ്പെട്ടിരിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ തന്റെ പോസ്റ്റിൽ കുറിച്ചു. വെൽഷ് ഫസ്റ്റ് മിനിസ്റ്ററായ എലുനെഡ് മോർഗനുമായി താൻ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൊടുങ്കാറ്റിന്റെ ഫലമായുള്ള വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നത് ഇത് രണ്ടാം തവണയാണെന്നും, എന്നാൽ കഴിഞ്ഞ തവണത്തെ ദുരിതത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചതിനാൽ ഇത്തവണ കൂടുതൽ പ്രോപ്പർട്ടികൾ സംരക്ഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായും വെൽഷ് മിനിസ്റ്റർ മോർഗൻ വ്യക്തമാക്കി. എന്നാൽ ക്രിസ്മസിന് തൊട്ടുമുൻപുള്ള ഈ സമയത്ത് നടന്നിരിക്കുന്ന ഈ ദുരന്തം നേരിടുന്ന ആളുകളെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


നോർത്ത് വെയിൽസിലെ കോൺവി നദിയിൽ കാണാതായ 75 കാരനായ ബ്രയാൻ പെറിയുടെ മൃതദേഹം ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. അതേസമയം, വിൻചെസ്റ്ററിന് സമീപം എ 34-ൽ കാറിന് മുകളിൽ മരം വീണതിനെത്തുടർന്ന് 60 വയസ്സുള്ള ഒരാൾ മരിച്ചതായും ഹാംഷെയർ പോലീസ് പറഞ്ഞു. ഇംഗ്ലണ്ടിൽ കൊടുങ്കാറ്റ് പിടിമുറുക്കുന്നതിനിടെ മറ്റ് രണ്ട് മാരകമായ വാഹന അപകടങ്ങളും നടന്നു. ശനിയാഴ്ച പുലർച്ചെ ഒരു വാഹനം കൂട്ടിയിടിച്ച് 34 കാരനായ ഒരാൾ മരിച്ചതായി വെസ്റ്റ് യോർക്ക്ഷയർ പോലീസ് അറിയിച്ചിരുന്നു. സൗത്ത് വെയിൽസിൽ, പോണ്ടിപ്രിഡ്, എബ്ബ് വേൽ, അബർഡെയർ എന്നിവയുൾപ്പെടെ പ്രദേശത്തുടനീളമുള്ള പട്ടണങ്ങളിൽ വെള്ളപ്പൊക്കം ഉയർന്നതിനാൽ റോണ്ട സൈനോൺ ടാഫ് കൗണ്ടി ബറോ കൗൺസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും യാത്ര നിയന്ത്രണങ്ങളും ഉണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ നൽകുന്നത്..