ദീപ പ്രദീപ്

എല്ലാത്തിന്റെ യും പേരിൽ അഭിമാനിക്കുന്ന ഒരു മാനവിക സമൂഹമാണ് ഇന്ത്യയിലുള്ളത്. ജനങ്ങളുടെ നാനാവിധമായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി അവർ പ്രയത്നിക്കുകയും പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യനെ മനുഷ്യൻ തന്നെ വഞ്ചി ക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ജനത ആരെയാണ് വിശ്വസിക്കേണ്ടത്?. തങ്ങളുടെ സുരക്ഷിതത്വത്തിനും ജനഹിത ത്തിനും കാവലാളായി നിൽക്കേണ്ട ഭരണകൂടത്തിനെയോ?. എന്തിന്റെ പേരിലാണ് തങ്ങളുടെ ജീവനും ജീവിതത്തിനും അവർ സുരക്ഷ നൽകുമെന്ന് വിശ്വസിക്കേണ്ടത്?.
നീതിയെമാനിക്കുകയും ജനഹിതത്തിന് പ്രാധാന്യം നൽകുകയും ചെയ്യേണ്ട വരാണ് ഓരോ രാഷ്ട്രീയ പാർട്ടിയും അവരുടെ പ്രതിനിധികളും. ജനാധിപത്യ രാജ്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അറിയാനും അത് നേടിക്കൊടുക്കാനും വേണ്ടി ജനങ്ങൾ അവരുടെ പ്രതിനിധികളെ കണ്ടെത്തുമ്പോൾ, ഒരു രാത്രിക്ക് അപ്പുറം അവരുടെ തീരുമാനങ്ങൾക്ക് യാതൊരു വിലയും നൽകാത്ത ഒരു സാമൂഹികാന്തരീക്ഷത്തിൽ ആണ് നാം ഇന്ന് കഴിയുന്നത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് പറയുമ്പോൾ പോലും എന്ത് ജനാധിപത്യം ആണ് ഇവിടെ നടക്കുന്നത്? “ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുത്തതാണ് ഇന്ത്യയിലെ ജനാധിപത്യം” എന്ന് പറയാൻ പോലും ഇന്ന് സാധാരണക്കാർ അറയ്ക്കുന്നു.അതിനു കാരണം ഇന്ത്യയിലെ ജനങ്ങളുടെ കാഴ്ചപ്പാടല്ല, മറിച്ച് ജനാധിപത്യത്തെ ഇന്ന് കയ്യാളി വെച്ചിരിക്കുന്നവരുടെ പ്രവർത്തിയാണ്.
ഇന്ത്യ എന്ന  മഹാരാജ്യത്തെ എടുത്തു പരിശോധിച്ചാൽ ഇത് വ്യക്തമാകും. മനുഷ്യൻ എന്നത് കേവലം ഒരു വസ്തുവായി മാത്രം ചുരുങ്ങിയിരിക്കുന്നു. ഒരു സാധാരണക്കാരന്റെ പരിധിയും സ്വാതന്ത്ര്യവും ഇന്ന് നിശ്ചയിക്കുന്നത് മുൻനിര രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.എന്തിന്റെ പേരിലാണ് ഇന്ന് മാതൃരാജ്യത്ത് ആക്രമണങ്ങളും തർക്കങ്ങളും നടക്കുന്നത് എന്ന് പോലും അറിയാതെ, ആരുടെയോ പ്രേരണയാൽ ജീവിക്കുന്നവരാണ് ആധുനികകാലത്തെ ഇന്ത്യക്കാരൻ. തങ്ങളുടെ വികാരത്തിനും വിചാരത്തിനും മുൻഗണന നൽകി ഓരോ പൗരനും വോട്ടവകാശം രേഖപ്പെടുത്തുമ്പോൾ വെറും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അത് വിനിയോഗിക്കുന്ന ഒരു വ്യവസ്ഥിതിയുടെ കീഴിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ആരാണ് ശരിയെന്നോ എന്താണ് ശരിയെന്നോ അറിയാൻ കഴിയാത്ത ഒരു ജനതയുടെ ഭാവി അത് അവരുടെ തലപ്പത്തിരിക്കുന്നവർ ചിന്തിക്കുന്നുണ്ടോ?. ഒരു രാത്രി മാറി പകൽ ആയപ്പോൾ തങ്ങൾ നിലനിൽക്കുന്ന രാഷ്ട്രീയ ചുറ്റുപാടിനെയും കൂടെ ചേർക്കേണ്ട രാഷ്ട്രീയ നേതാക്കളെയും അറിയാതെ പോകുന്ന ഒരു ജനതയുടെ നേർചിത്രം മഹാരാഷ്ട്രയിലെ ജീവിതങ്ങളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നാം കാണുന്നു. രാഷ്ട്രീയ തന്ത്രങ്ങളും ചുവടു മാറ്റങ്ങളും ചർച്ചയാക്കുമ്പോൾ അതിനിടയിൽ പെട്ടുപോയ പാവം ജനങ്ങളെ എന്തുകൊണ്ടാണ് ഒരു മാധ്യമങ്ങളും വെളിച്ചത്ത് കൊണ്ടു വരാൻ ശ്രമിക്കാത്തത്?. എന്തിനധികം പറയുന്നു ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ നാം എല്ലാം ഊറ്റംകൊള്ളുന്ന കൊച്ചു കേരളത്തിലെ സ്ഥിതിയും ഏതാണ്ട് ഇങ്ങനെ തന്നെയാണല്ലോ. 28 സംസ്ഥാനത്ത് ഇത്രയും വലിയ രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുമ്പോൾ 14 ജില്ലകൾ മാത്രം ഉള്ള കൊച്ചു കേരളത്തിൽ നടക്കുന്നത് ഇതിലും വലിയ രാഷ്ട്രീയ തന്ത്രങ്ങൾ തന്നെയാണ് എന്നതിന് ഒരു സംശയവും വേണ്ട. ഓരോ ദിവസവും ഓരോ രാഷ്ട്രീയ നേതാക്കളും അവരുടെ പ്രസ്ഥാനത്തെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ ഇല്ലാതാകുന്നത് ജനങ്ങൾക്ക് രാഷ്ട്രീയ നേതാക്കന്മാരോടും രാഷ്ട്രീയ പാർട്ടികളോടുള്ള വിശ്വാസമാണ്. തങ്ങൾ ഏതു പ്രസ്ഥാനത്തിന് കീഴിലാണ് സുരക്ഷിതരെന്ന് കണ്ടെത്താൻ കഴിയാത്ത ഒരു ജനസമൂഹമാണ് ഇന്ന് ജീവിക്കുന്നത്. തങ്ങളുടെ നിലനിൽപ്പിനെയും സുരക്ഷിതത്വത്തെയും കുറിച്ച് ചിന്തിക്കുന്നതിനോടൊപ്പം ഇവർ പകർന്നു തരുന്ന വെളിച്ചം നന്മയിലേക്ക് ഉള്ളതാണോ തിന്മയിലേക്ക് ഉള്ളതാണോ എന്ന് കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കരുനീക്കത്തിൽ സ്വന്തം രക്തബന്ധങ്ങളെ പോലും ഇല്ലാതാക്കുന്ന തരത്തിൽ രാഷ്ട്രീയ വെറി മനുഷ്യനെ കാർന്നു തിന്നുമ്പോൾ ഇത് എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്നുകൂടി നാം ഓരോരുത്തരും ചിന്തിക്കണം. നമ്മുടെ മാതൃ രാജ്യത്തെ കുരുതിക്കളം ആക്കുകയാണോ കെട്ടുറപ്പുള്ളത് ആക്കുകയാണോ വേണ്ടത് എന്ന് ചിന്തിക്കേണ്ടത് നാമാണ്. അതുപോലെ തന്നെ നമ്മൾ ആരും ആരുടെയും കൈകളിൽ സുരക്ഷിതരല്ലെന്ന് തിരിച്ചറിയുകയും വേണം….

ദീപ പ്രദീപ്.

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ കൊടുമൺ ആണ് സ്വദേശം.നേന്ത്രപ്പള്ളിൽ വീട്ടിൽ പ്രദീപ് കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മൂത്തമകൾ..
മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി ഇപ്പോൾ കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിനി ആണ്….സഹോദരൻ ദീപു. പി