ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യുകെയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച ശക്തമായ ഇടിമിന്നലോട് കൂടിയ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. വടക്കുപടിഞ്ഞാറൻ ലണ്ടനിൽ ഉണ്ടായ ശക്തമായ പ്രളയത്തെ തുടർന്ന് യാത്രക്കാർ കാറുകളിലും മറ്റും വളരെ ബുദ്ധിമുട്ടോടുകൂടിയാണ് റോഡുകളിലൂടെ നീങ്ങിയത്. ലണ്ടനിലെ ഗാറ്റ് വിക്ക് അന്തർദേശീയ വിമാനത്താവളത്തിൽ നിന്നുമുള്ള ചില ഫ്ലൈറ്റുകൾ മോശം കാലാവസ്ഥ മൂലം റദ്ദാക്കപ്പെട്ടതായി ഈസിജെറ്റ് അധികൃതർ അറിയിച്ചു.
വടക്കൻ അയർലൻഡിലും സ്കോട്ട് ലൻഡിലും ചൊവ്വാഴ്ച കൊടുങ്കാറ്റ് ഉണ്ടാകാമെന്ന മുന്നറിയിപ്പുകൾ നിലവിൽ കാലാവസ്ഥ നിരീക്ഷണ വിഭാഗം നൽകി കഴിഞ്ഞു. മിഡ് ലാൻഡ്‌സിൽ ശക്തമായി ഉണ്ടായ കാറ്റ് തീവ്രമായ മഴയ്ക്ക് കാരണമായതായും, ബെഡ്‌ഫോർഡ്‌ഷയറിലെ വോബർണിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂറിനുള്ളിൽ 26.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായും ബിബിസി കാലാവസ്ഥാ നിരീക്ഷകൻ സ്റ്റാവ് ഡാനോസ് വ്യക്തമാക്കി. ചൊവ്വാഴ്ച കൂടുതൽ മഴ ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് പ്രാഥമിക നിരീക്ഷണം. എന്നാൽ നിലവിലെ കാലാവസ്ഥ വ്യതിയാനം മൂലം പ്രവചിക്കാനാകാത്ത അവസ്ഥയിലേക്കാണ് കാലാവസ്ഥ എത്തുന്നതെന്ന നിരീക്ഷണമാണ് പൊതുവേ കാലാവസ്ഥ നിരീക്ഷകർ നൽകുന്നത്.
മോശം കാലാവസ്ഥ നിലവിൽ നിൽക്കെ തന്നെ, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ വിജയാഘോഷത്തിനായി ആയിരക്കണക്കിന് മാഞ്ചസ്റ്റർ സിറ്റി ആരാധകർ സിറ്റി സെന്ററിലെ തെരുവുകളിൽ അണിനിരന്നു . ക്ലബ്ബിലെ ഭൂരിഭാഗം താരങ്ങളും മഴ വകവയ്ക്കാതെ ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കാതെ തങ്ങളുടെ വിജയാഘോഷങ്ങളിൽ പൂർണമായും പങ്കാളികളായി. അതേസമയം, ബെഡ്‌ഫോർഡ്‌ഷെയറിലെ ലൂട്ടൺ ആൻഡ് ഡൺസ്റ്റബിൾ ആശുപത്രി പരിസരങ്ങളിൽ ഉണ്ടായ പ്രാദേശിക വെള്ളപ്പൊക്കം കാരണം അത്യാവശ്യം ഉള്ളവർ മാത്രം ആശുപത്രി സന്ദർശിച്ചാൽ മതിയെന്ന് നിർദ്ദേശം അധികൃതർ നൽകിയിരുന്നു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്നും ചില ഫ്ലൈറ്റുകൾ കാലാവസ്ഥ മോശമായതിനെ തുടർന്ന് റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. അനാവശ്യമായ കാർ യാത്രകൾ ഒഴിവാക്കി പൊതുഗതാഗതത്തെ ജനങ്ങൾ ആശ്രയിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
Leave a Reply